ഇ-മൊബിലിറ്റി പദ്ധതി: വിദേശ കമ്പനിയെ കൈവിടാതെ പിണറായി

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവാദമായതിനെ തുടർന്ന് ഉപേക്ഷിച്ച പദ്ധതി പൊടിതട്ടിയെടുത്ത് വിദേശ കമ്പനിക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള നീക്കവുമായി വീണ്ടും മുഖ്യമന്ത്രി. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഹെസ് എന്ന കമ്പനിയുമായി ചേർന്ന് ജോയിന്റെ വെഞ്ച്വർ കമ്പനി രൂപീകരിക്കാനുള്ള പിണറായി വിജയന്റെ നീക്കങ്ങളാണ് പുറത്തുവരുന്നത്. സർക്കാരിന്റെ ഓഹരിയേക്കാൾ കൂടുതൽ ഓഹരി ഈ വിദേശ കമ്പനിക്ക് നൽകി കേരളത്തെ അപ്പാടെ വിൽക്കാനുള്ള ശ്രമത്തിനെതിരെയാണ് അന്ന് പ്രതിപക്ഷം രംഗത്തുവന്നത്. വിദേശ കമ്പനികളുമായുള്ള പിണറായി വിജയന്റെ രഹസ്യ ബാന്ധവം ഒന്നൊന്നായി പുറത്തുവരികയും ചെയ്തതിന് പിന്നാലെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

എന്നാൽ, ഹെസുമായി ചേർന്ന് രൂപീകരിക്കുന്നതിന് മുന്നോടിയായി കേരള ഓട്ടമൊബൈൽസ് ലിമിറ്റഡിന്റെയും കെഎസ്ആർടിസിയുടെയും വിഡിയോ കോൺഫറൻസ് യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു.പ്രൈസ് വാട്ടർ കൂപ്പർ ഹൗസിന് ഇ–മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ–ബസ് കൺസൾട്ടൻസി നൽകിയതിനെയാണ് പ്രതിപക്ഷം എതിർത്തത്. 2013ലാണ് കേന്ദ്രസർക്കാർ നാഷനൽ മൊബിലിറ്റി പദ്ധതി കൊണ്ടുവരാനുള്ള ആലോചന തുടങ്ങിയത്. ഹെസുമായുള്ള ധാരണ അനുസരിച്ച് 4 വർഷം കൊണ്ട് 4,000 ബസുകൾ നിർമിക്കാനായിരുന്നു ആലോചന. ഹെസിന്റെ നിർദേശപ്രകാരം പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടമൊബൈൽ കമ്പനിയുമായി ചേർന്നു സംയുക്ത സംരംഭം ആരംഭിക്കാനുള്ള നീക്കത്തെ ധനസെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിർത്തു. ഹെസ് എന്ന കമ്പനിയെ മാത്രം മുൻനിർത്തി സംയുക്ത സംരംഭം ആരംഭിക്കുന്നത് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു പ്രതിപക്ഷം ചോദിച്ചത്.

സ്വകാര്യ കമ്പനിയായ ഹെസിന് 51 ശതമാനം ഓഹരിയും സർക്കാരിനു 49 ശതമാനം ഓഹരിയും എന്ന അനുപാതം നിശ്ചയിച്ചതും വിവാദമായി. 6,000 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആഗോള ടെൻഡർ വിളിച്ചിരുന്നില്ല. ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും ഉന്നയിച്ച ആക്ഷേപങ്ങൾ മറികടക്കാനാണ് പ്രൈസ് വാട്ടർ കൂപ്പറിനെ വിശദമായ പദ്ധതി നിർദേശം സമർപ്പിക്കാൻ ചുമതലപ്പെടുത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. കരാർ ആർക്ക് എന്നു നേരത്തേ തീരുമാനിച്ചശേഷമാണ് പദ്ധതിയുടെ പ്രായോഗിക പഠനത്തിനായി പ്രൈസ് വാട്ടർ കൂപ്പറിന് കൺസൾട്ടൻസി കരാർ നൽകിയതെന്നും ആരോപണം ഉയർന്നിരുന്നു.

Related posts

Leave a Comment