ഇ-ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് ബന്ധം

കണ്ണൂർ: ഇ-ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് ബന്ധം ഉണ്ടെന്ന് ആരോോപിച്ച് പോലീസ്. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ആണ് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്. മയക്കുമരുന്നു കടത്തിൽ വ്‌ളോഗർ സഹോദരന്മാരായ എബിൻ ലിബിൻ എന്നിവർക്ക് പങ്കുണ്ടോയെന്നു പരിശോധിക്കണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടു . ഇ ബുൾ ജെറ്റ് സഹോദരങ്ങൾ യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതികൾ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ആവശ്യം ഉന്നയിച്ച പൊലീസ് സർക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബറാക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.
ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വ്‌ളോഗർ സഹോദരന്മാരായ എബിൻ ലിബിൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ പ്രതികൾക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മയക്കുമരുന്ന് ബന്ധം ഉൾപ്പെടെ വിശദീകരിച്ചത്. ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുക എന്നാണ് പൊലീസിന്റെ പക്ഷം. പബ്ലിക് പ്രോസിക്യൂട്ടർ വിപി ശശീന്ദ്രനാണ് പൊലീസിന് വേണ്ടി ഹർജി സമർപ്പിച്ചത്. ഹർജിയിൽ ഇരുവരുടെയും വിശദീകരണവും കോടതി തേടി. അതേസമയം പൊലീസ് തങ്ങൾക്കെതിരെ കെട്ടിചമച്ച കേസാണ് ഇതെന്നാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ പറയുന്നത്.

Related posts

Leave a Comment