വ്‌ളോഗര്‍മാർക്കെതിരെ നിരവധി പരാതികൾ: നടപടിയുമായി മുന്നോട്ടെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: അറസ്റ്റിലായ ഇ-ബുൾ ജെറ്റ് വ്ലോഗർ സഹോദരന്മാർക്കെതിരെ നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഗതാഗത വകുപ്പ്. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചും നേരിട്ടും നിരവധി പരാതികളാണ് പലരും ഇവർക്കെതിരെ നൽകിയത്. ഇവരുടെ നിയമ ലംഘനത്തിന്റെ വിവിധ വീഡിയോ ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്ക് പലരും അയച്ചു നൽകി. അതേസമയം, ഇ-ബുൾ ജെറ്റിനെതിരെയുള്ള പരാതിയിൽ മറ്റ് ചില വ്ലോഗർമാരാണെന്ന സൂചനകളുമുണ്ട്. മറ്റൊരു വ്ലോഗര്‍ക്കെതിരായ നടപടിയെ ഇ-ബുൾ ജെറ്റ് നേരത്തെ പിന്തുണച്ചിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ അൻപതിലേറെ ഫോൺകോളുകളാണ് ഇവർക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫിസിൽ ലഭിച്ചത്. പരാതികൾ സാധൂകരിക്കുന്ന ചിത്രങ്ങളും ലഭിച്ചെന്നാണ് അധികൃതർ അറിയിച്ചത്. ഇവർ റോഡിൽ വാഹനമോടുക്കുന്നത് അപകടമുണ്ടാക്കുന്ന വിധത്തിലാണെന്ന് കാണിക്കുന്നതാണു നാട്ടുകാരും സാമൂഹിക പ്രവർത്തകരും നൽകിയ പരാതികൾ. അതിൽ പലരും ഇവർ വാഹനം മോടി പിടിപ്പിച്ചതിന്റെയും വേഗത്തിൽ പായുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളും നൽകി. പരാതിക്കാരുടെ കൂട്ടത്തിൽ യുട്യൂബിൽ സജീവമായ മറ്റു വ്ലോഗർമാരും ഉണ്ടെന്നാണു വ്യക്തമാകുന്നത്. ഇത്തരത്തിൽ തുടർച്ചയായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ ഗതാഗത കമ്മിഷണർ കണ്ണൂർ മോട്ടർ വെഹിക്കിൾ ഡിപാർട്മെന്റിന് നിർദേശം നൽകിയത്.

Related posts

Leave a Comment