ഇ- ബുള്‍ ജെറ്റിന് തിരിച്ചടി

കൊച്ചി : വിവാദ വ്ളോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഇ- ബുൾ ജെറ്റ് വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാക്കിയ മോട്ടോർവാഹന വകുപ്പ് നടപടിയെ ചോദ്യം ചെയ്‍ത് സഹോദരങ്ങൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എബിൻ വർഗീസ് നൽകിയ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത്.വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും സിംഗിൾ ബഞ്ച് നിരാകരിച്ചു. നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ മോർട്ടോർവാഹന വകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് മോർട്ടോർവാഹന വകുപ്പ് നേരത്തെ റദ്ദാക്കിയത്. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ, ഇവർ നൽകിയ വിശദീകരണം തൃപ്‍തികരമല്ലാത്തതിനാലായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള എംവിഡിയുടെ നടപടി. ആറ് മാസത്തേക്കായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിയത്.

ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടിഓഫീസിൽ എത്തി ബഹളം വയ്ക്കുകയും , പൊതുമുതൽ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്‍ത കേസിലാണ് ഈ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായത്. റിമാൻഡിലായതിൻറെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവർ‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

Related posts

Leave a Comment