ഡിവൈഎഫ്ഐ നേതാവിന്റെ തുടയിൽ വിഷം പുരട്ടിയ ശൂലം തറച്ച കേസ് ; പ്രതികളായ ആർഎസ്എസുകാരിൽ നിന്നും പണം വാങ്ങി ഒത്തുതീർപ്പാക്കി ; സിപിഎം നേതൃത്വത്തിനെതിരെ പ്രവർത്തകർ രംഗത്ത്

ആലപ്പുഴ : 2013 ഏപ്രിൽ മാസം കറ്റാനത്ത് ഡിവൈഎഫ്ഐ പ്രവർത്തകനായ സുജിത്തിനെ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയും പിന്നിലൂടെ വിഷം പുരട്ടിയ ശൂലം കുത്തിക്കയറ്റുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഗുരുതരാവസ്ഥയിലായ സുജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മുഴുവൻ പ്രതികളെയും പിടിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഒട്ടേറെ സമരങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തൊട്ടാകെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയും സിപിഎം ചെയ്തിരുന്നു. പ്രതികളിൽ ഉൾപ്പെട്ട രണ്ടുപേർ മരണപ്പെട്ടിരുന്നു.കഴിഞ്ഞമാസം ഈ കേസ് കോടതിയിൽ വന്നപ്പോൾ മരണപ്പെട്ടുപോയ രണ്ടുപേർ മാത്രമാണ് തന്നെ ആക്രമിച്ചതെന്ന് സുജിത്ത് മൊഴി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് ബാക്കി പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. ഇത് 25 ലക്ഷം രൂപ ഈ ഭാഗത്ത് നിന്നും വാങ്ങിയ ശേഷം മനഃപൂർവം മൊഴിമാറ്റി പറഞ്ഞതാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. സുജിത്തിന് നൽകിയ 25 ലക്ഷത്തിൽ 15 ലക്ഷം നൽകിയത് ബിജെപി ജില്ലാ കമ്മിറ്റി ആണെന്നും സിപിഎം പ്രവർത്തകർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നേതൃത്വത്തിനെതിരെ കറ്റാനത്ത് പോസ്റ്റർ പതിക്കുകയും ഉന്നത നേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.

പ്രതിഭാഗം നൽകിയ 25 ലക്ഷം രൂപയിൽ എട്ട് ലക്ഷം രൂപ മാത്രമാണ് സുജിത്തിന് ലഭിച്ചതെന്നും ബാക്കി തുക ഇടനിലക്കാരായ സിപിഎം ജില്ലാ ഏരിയ ഭാരവാഹികൾ വീതിച്ചെടുക്കു
കയാണ് ഉണ്ടായതെന്നും ആക്ഷേമുണ്ട്. ഈ സംഭവങ്ങളെ തുടർന്ന് കറ്റാനം സ്വദേശിയും സിപിഎം പ്രവർത്തകനുമായ രവി പാർട്ടി നേതൃത്വത്തിന് നൽകിയ കത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം കോശി അലക്സിന്റെയും കറ്റാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി സിബി വർഗീസിന്റെയും മറ്റ് സിപിഎം ഡിവൈഎഫ്ഐ നേതാക്കളുടെയും പങ്കു അന്വേഷിക്കണമെന്ന് പറയുന്നുണ്ട്. ഒരുകാലത്ത് കേരളം ചർച്ച ചെയ്തിരുന്ന ഒരു ഡിവൈഎഫ്ഐ നേതാവിന്റെ പിറകിൽ വിഷം പുരട്ടിയ ശൂലം തറച്ച സംഭവത്തിൽ ലക്ഷക്കണക്കിന് രൂപ വാങ്ങി ഒത്തുതീർപ്പാക്കിയത് പാർട്ടിയിലെ പലർക്കും ബോധിച്ചിട്ടില്ല.

Related posts

Leave a Comment