ബ്ലന്‍ഡഡ് ലേണിങ്ങ് അധ്യാപകരുടെ ജോലി ഭാരവും ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കും

തേഞ്ഞിപ്പലം: യു.ജി.സി ശിപാര്‍ശ ചെയ്തിട്ടുള്ളതും ഉടനെ തന്നെ നടപ്പിലാക്കാന്‍ തയ്യാറാക്കിയിട്ടുള്ളതുമായ ബ്ലന്‍ഡഡ് ലേണിങ്ങ് പദ്ധതി അധ്യാപകരുടെ ജോലി ഭാരവും ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കുമെന്നും അദ്ധ്യാപകരുടെ എണ്ണം കുറച്ചുകൊണ്ട് ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഉന്നതവിദ്യാഭ്യാസരംഗത്തെ തകര്‍ക്കുമെന്നും കേരള െ്രെപവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് യൂനിവേഴ്‌സിറ്റി മേഖലാ കമ്മറ്റി സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡിജിറ്റല്‍ & ഇന്നോവേഷന്‍ യൂണിവേഴ്‌സിറ്റി കേരള വൈസ് ചാന്‍സലര്‍ ഡോക്ടര്‍ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളും പരിഷ്‌കരണങ്ങളും കൊണ്ട് വരുമ്പോള്‍ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ഇതൊന്നും പരിഗണിക്കാതെ നടത്തിയ ചോയ്‌സ് ബേസ്ഡ് ആന്റ് ക്രഡിറ്റ് സെമെസ്റ്റര്‍ സിസ്റ്റം നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നും സെമിനാറില്‍ സംസാരിച്ച ഡോ.കെ.എം നസീറും
ഉന്നത വിദ്യാഭ്യാസ രംഗത്ത് ബ്ലന്റഡഡ് ലേണിങ്ങ് എന്ന ഈ പരിഷ്‌ക്കരണം ഏത് പ്രശ്‌നത്തെ പരിഹരിക്കാന്‍ വേണ്ടിയുള്ളതാണെന്ന് വ്യക്തമാകുന്നില്ലെന്നും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍ പരിഗണിക്കാതെ ഇത്തരത്തിലുള്ള ഒരു നീക്കം നിലവിലുള്ളതിനേക്കാള്‍ മോശമായ സാഹചര്യത്തിലേക്ക് ഉന്നതവിദ്യാഭ്യാസ മേഖലയെ കൊണ്ടെത്തിക്കുമെന്ന് ഡോ.ടി. മുഹമ്മദലിയും അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. 60/40 എന്ന നിര്‍ദ്ദേശം നിലവിലുള്ള അക്കാഡമിക് കമ്യൂണിറ്റിയെ ദോഷകരമായി ബാധിക്കും. നമ്മുടെ സംസ്ഥാനവും നൂറു ശതമാനം ഡിജിറ്റല്‍ ആവാത്ത കാലത്തോളം ബ്ലന്റഡഡ് ലേണിങ്ങിന്റെ ഭാഗമായി ഓണ്‍ലൈനായോ ഡിജിറ്റലായോ നടത്തപ്പെടേണ്ട 40% ക്ലാസുകള്‍ കുട്ടികള്‍ക്ക് അപ്രാപ്യമാവുമെന്നും. പാവപ്പെട്ടവരുടെ പഠിക്കാനുള്ള മോഹം സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പി.ജി വെയ്‌റ്റേജ് എടുത്ത് കളഞ്ഞപ്പോള്‍ മാത്രം നഷ്ടമായത് രണ്ടായിരത്തോളം അദ്ധ്യാപക തസ്തികകളാണ്. ഇത് പോലെ ബ്ലന്റഡഡ് ലേണിങ്ങിന്റെ ഭാഗമായി 40% ക്ലാസുകള്‍ ഓണ്‍ലൈനാവുമ്പോള്‍ അത്രയും ക്ലാസുകള്‍ എടുക്കുവാനുള്ള അധ്യാപകര്‍ കോളേജുകളില്‍ ആവശ്യമില്ല. പകരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏതാനും ചില വ്യക്തികള്‍ ചില പ്രത്യേക കേന്ദ്രങ്ങളില്‍ വെച്ച് എടുക്കുന്ന ക്ലാസുകള്‍ റിക്കോര്‍ഡ് ചെയ്ത് കുട്ടികള്‍ക്ക് ലഭ്യമാക്കും. അത് വഴി ഒരു കോളേജിലെ / യൂനിവേഴ്‌സിറ്റിയിലെ അദ്ധ്യാപക തസ്തികകള്‍ 60 ശതമാനായി കുറക്കാനും സര്‍ക്കാരിന് സാധിക്കും. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ന്യൂനതകള്‍ നമ്മള്‍ മനസ്സിലാക്കിയതാണ്. അദ്ധ്യാപകരില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരം ഉറപ്പ് വരുത്താനാകില്ല. മേഖലാ പ്രസിഡണ്ട് ഡോ.ടി.കെ. ഉമര്‍ ഫാറൂഖ് അദ്ധ്യക്ഷം വഹിച്ചു. ഡോ. ഇ.എഫ് വര്‍ഗീസ്, പ്രൊഫ. സി. അഷ്‌റഫ്, ഡോ.വി.ജി പ്രശാന്ത്, ഡോ. ലക്ഷ്മി ആര്‍ ചന്ദ്രന്‍,ഡോ.മുഹമ്മദ് അസ്ലം എന്‍.കെ, ഡോ.ബിജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment