ദത്ത് വിവാദം: കുഞ്ഞിനെ ഇന്ന് വൈദ്യപരിശോധനക്ക് എത്തിക്കും

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടേത്‌ എന്ന് കരുതുന്ന കുഞ്ഞിൻറെ വൈദ്യപരിശോധന ഇന്ന് നടത്തിയേക്കും. അതിനു ശേഷമാകും ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ആരംഭിക്കുക. കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്ര പ്രദേശിൽ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ചു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും അടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. നിർമല ശിശുഭവനിൽ കുഞ്ഞിനു സംരക്ഷണം ഒരുക്കി. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സാന്നിധ്യത്തിലാകും കുഞ്ഞിൻറെ വൈദ്യപരിശോധന നടത്തുക. കുഞ്ഞിനെ ആന്ധ്രാ ദമ്പതികളിൽ നിന്നും എത്തിച്ചെന്ന റിപ്പോർട്ട് ശിശുക്ഷേമ സമിതിയും വൈദ്യ പരിശോധനാ റിപ്പോർട്ട് ചെൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് സമർപ്പിക്കും.

കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ ഡിഎൻഎ പരിശോധനയ്ക്ക് എത്താൻ അനുപമക്കും അജിത്തിനും കുഞ്ഞിനെ ഹാജരാക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും സിഡബ്ല്യുസി നോട്ടീസ് നൽകും. നടപടികൾ വൈകിപ്പിക്കാൻ സാധ്യതയുണ്ടെന്നും കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. ഈ മാസം 30ന് കോടതി വീണ്ടും കേസ് പരിഗണിക്കും. ഇതിന് മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡിഎൻഎ പരിശോധനാഫലം അടക്കമുള്ള അന്തിമ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതുണ്ട്.

Related posts

Leave a Comment