കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി ; പക്ഷിപ്പനിയെന്ന് സ്ഥിരീകരണം ; പരിശോധന ഫലം വൈകിയത് താറാവുകർഷകർക്ക് തിരിച്ചടിയായി

കുട്ടനാട്ടിൽ പക്ഷികളെ കൊന്ന് മറവു ചെയ്യാൻ നിർദ്ദേശം

ആലപ്പുഴ: പുറക്കാടും കുട്ടനാട്ടിലും താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ നിന്നും ലഭിച്ച റിപ്പോർട്ടിലാണ് പക്ഷിപ്പനിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം പക്ഷിപ്പനിയാണ് രോഗബാധയെന്നുള്ള പരിശോധനാ ഫലം ലഭിക്കാനുണ്ടായ കാലതാമസം താറാവുകർഷകർക്ക് കനത്ത തിരിച്ചടിയായി. കൂട്ടത്തോടെ കഴിയുന്ന താറാവുകളെ മാറ്റുന്നതിനോ രോഗബാധയുള്ളതിനെ നശിപ്പിക്കുന്നതിനോ കർഷകർക്ക് സാധിച്ചില്ല. പത്ത് ദിവസത്തിന് ശേഷമാണ് ഇന്നലെ പക്ഷപ്പനിയെന്ന് സ്ഥിരീകരണം ഔദ്യോഗികമായി എത്തിയത്. ഇതോടെ താറാവുകളെ നശിപ്പിക്കുന്നതിന് അധികൃതർ ഇറങ്ങിത്തിരിച്ചിരിക്കുകയാണെങ്കിലും മുന്നൊരുക്കങ്ങളോ താറാവുകർഷകർക്ക് അറിയിപ്പുകളോ നൽകിയിട്ടില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. പുറക്കാട്, തകഴി, നെടുമുടി ഭാഗങ്ങളിലാണ് ആയിരക്കണക്കിന് താറാവുകൾ കഴിഞ്ഞ രണ്ടാഴ്ചയിക്കിടെ ചത്തത്. പുറക്കാട് അമ്പതിൽച്ചിറ ജോസഫ് ചെറിയാന്റെ പതിനായിരത്തിലേറെ താറാവുകൾ ചത്തപ്പോഴാണ് ആദ്യമായി ആശങ്ക ഉയർന്നത്. ഇത് തിരുവല്ലയിലെ പക്ഷിരോഗ നിർണ്ണയ കേന്ദ്രത്തിലെ പരിശോധനയിൽ പക്ഷിപ്പനിയെന്ന് സൂചന നൽകിയെങ്കിലും മൃഗസംരക്ഷണ വകുപ്പോ ജില്ലാ ഭരണാധികാരികളോ വേണ്ടത്ര ഗൗരവം കാട്ടിയില്ല. വിശദ പരിശോധനക്കായി തിരുവനന്തപുരം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിൽ നിന്നും ഭോപ്പാലിലേയ്ക്ക് അയക്കുകയും അവിടെ നിന്നും ഫലം കിട്ടാൻ വൈകിയതും തിരിച്ചടിയാകുകയായിരുന്നു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ നിന്നും ലഭിച്ച റിപ്പോർട്ടിലാണ് പക്ഷിപ്പനിയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. കുട്ടനാട്ടിലെ താറാവുകർഷകരുടെ പ്രതീക്ഷകളെ നിലംപരിശാക്കുന്നതാണ് ഈ റിപ്പോർട്ട്. രോഗബാധ സ്ഥിരീകരിച്ച മേഖലകളിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിർത്തിയവയ്ക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. തകഴി പഞ്ചായത്ത് പത്താം വാർഡിൽ പക്ഷികളെ കൊന്ന് മറവു ചെയ്യും. പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും. ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭാ മേഖലയിലുമാണ് ഈ നിയന്ത്രണം ബാധകമാകുകയെന്ന് കളക്ടർ പറഞ്ഞു. ക്രിസ്തുമസ്-പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് താറാവുകർഷകർ നിലകൊള്ളുന്നത്. 2014, 2016 എന്നീ വർഷങ്ങളിൽ ഉണ്ടായ പക്ഷിപ്പനിയും ഏകദേശം ഇതേ കാലയളവിൽ തന്നെയായിരുന്നു.ലക്ഷക്കണക്കിന് താറാവുകളെയാണ് അന്ന് ചുട്ടുകൊന്നത്. പക്ഷിപ്പനിയെ പ്രതിരോധിക്കുന്നതിനായി അന്ന് രോഗബാധയില്ലാത്ത താറാവുകളേയും കൊന്നൊടുക്കിയിരുന്നു.സമാന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. പക്ഷപ്പനി സ്ഥിരീകരിച്ചതിനാൽ താറാവുകളെ മാത്രമല്ല, കോഴികൾ, അലങ്കാര പക്ഷികൾ ഉൾപ്പടെയുള്ളവയ്‌ക്കെല്ലാം ഭീഷണി തന്നെയാണ്. താറാവു കർഷകർക്കെന്ന പോലെ കോഴിക്കച്ചവടത്തിനും തിരിച്ചടി തന്നെയാണ് പക്ഷിപ്പനി.

Related posts

Leave a Comment