എക്സ്പോ 2020 ; മൂന്ന് ഭീമൻ കവാടങ്ങളും തുറന്നു, ദുബായ് ഇനി ആഘോഷ ലഹരിയിൽ

ദുബായ് : ലോകത്തിലെ ഏറ്റവും മികച്ച ഷോയ്ക്ക് ഇന്ന് തുടക്കമിടുന്നതുകൊണ്ട് എല്ലാ റോഡുകളും മെട്രോയും ബസ് റൂട്ടുകളും നിങ്ങളെ ഇന്ന് എക്സ്പോ 2020 ദുബായിലേക്ക് നയിക്കുന്നു. വേദിയിലെ മൂന്ന് ഭീമൻ കവാടങ്ങൾ ഇപ്പോൾ തുറന്നിരിക്കുന്നു. ഈ മേഖലയിലെ ആദ്യത്തെ വേൾഡ് എക്‌സ്‌പോയ്ക്ക് ആതിഥേയത്വം വഹിക്കാൻ യു.എ.ഇയെ തിരഞ്ഞെടുത്തതിന് ശേഷം 2,864 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ലോകമേള ഇന്ന് ആരംഭിച്ചത്. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന എക്സ്പോ കോവിഡ് കാരണമാണ് ഈ വർഷത്തേക്ക് മാറ്റിയത്. പക്ഷേ, എക്സ്പോയുടെ ലക്ഷ്യങ്ങളിൽ മാത്രം ദുബായ് ഒരുമാറ്റവും വരുത്തിയിട്ടില്ല.
ഇന്ത്യയടക്കം 192 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ അൽ വാസൽ പ്ളാസയിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. സംഗീതവും ദൃശ്യചാരുതയും കൊണ്ട് വിസ്മയം തീർത്ത രാവിൽ എക്സ്പോ ഉദ്ഘാടനം ചെയ്തതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു.
 മരുഭൂമിയായിരുന്ന ദുബായ് അൽ മക്തും വിമാനത്താവളത്തിനു സമീപമുള്ള 4.3 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് വിസ്മയക്കാഴ്ചകൾക്ക് വേദിയായി മാറിയിരിക്കുന്നത്. സസ്റ്റൈനബിലിറ്റി, മൊബിലിറ്റി, ഓപ്പർച്യൂണിറ്റി എന്നിങ്ങനെ മൂന്നു മേഖലകളിലായാണ് എക്സ്പോ വേദി ക്രമീകരിച്ചിരിക്കുന്നത്. 6.8 ബില്യൺ ഡോളർ നിർമാണങ്ങൾക്കായി ചെലവഴിച്ചു. രണ്ടരക്കോടി സന്ദർശകരെയാണ് ആറുമാസങ്ങളിലായി പ്രതീക്ഷിക്കുന്നത്.

Related posts

Leave a Comment