കര-നാവിക-വ്യോമ മാര്‍ഗ്ഗങ്ങളിലൂടെ ലഹരിയുദ്ധം

ഗോപിനാഥ് മഠത്തിൽ

പ്രത്യക്ഷമായി ആക്രമിക്കുക എന്നതിനപ്പുറം പരോക്ഷമായി ഇഞ്ചിഞ്ചായി ആക്രമിക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ ലോകത്ത് നടന്നുവരുന്നത്. ലോകം എന്നുപറയുമ്പോള്‍ അതൊരു വിശാലമായ ക്യാന്‍വാസാണ്. അതിനെ പ്രത്യേകമായൊരു പ്രദേശഖണ്ഡമാക്കി മാറ്റുമ്പോള്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ അങ്ങനെ പരോക്ഷമായ ആക്രമണത്തിന് വിധേയമാകുന്ന രാജ്യം ഇന്ത്യ തന്നെയാണ്. യുദ്ധമെന്നത് നേരിട്ടും അല്ലാതെയും നടത്തുന്ന അധിനിവേശ ശ്രമങ്ങളാകുമ്പോള്‍ രണ്ടുരീതിയിലുള്ള ആക്രമണങ്ങളെ വരുംകാലങ്ങളില്‍ ഇന്ത്യ കരുതിയിരിക്കേണ്ടതുണ്ട്. അതില്‍ പ്രത്യക്ഷമായ കടന്നാക്രമണത്തെ ലക്ഷ്യമാക്കിയാണ് ചൈന അടുത്തിടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പത്ത് വ്യോമതാവളങ്ങള്‍ തുറന്നിരിക്കുന്നത്. തര്‍ക്കപരിഹാരത്തിനായി ചര്‍ച്ച തുടരുന്ന അവസരത്തിലാണ് യഥാര്‍ത്ഥ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്തുള്‍പ്പെടെ അവര്‍ പുതിയ പോര്‍മുഖങ്ങള്‍ തുറന്നിരിക്കുന്നത്. അവര്‍ ലോകത്തോട് നടത്തിയ നേരിട്ടല്ലാത്തയുദ്ധമാണ് ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്ന കോവിഡ്-19. മുമ്പ് ഈ ലേഖകന്‍ ഇതിനെക്കുറിച്ച് ഇതേപംക്തിയില്‍ സൂചിപ്പിച്ചപ്പോള്‍ സംശയം പ്രകടിപ്പിച്ചവരുണ്ട്. യു.എന്‍ രക്ഷാസമിതി ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വുഹാന്‍ നഗരത്തില്‍ എത്തിയപ്പോള്‍ നിസ്സംഗമായി സഹകരിച്ച ചൈന രണ്ടാമത്തെ അന്വേഷണത്തെ പാടെ നിഷേധിക്കുകയാണ് ചെയ്തത്. യു.എന്‍. രക്ഷാസമിതിക്കും അതില്‍ അത്ര കരുതലും ജാഗ്രതയും ഉണ്ടായിരുന്നില്ലെന്നുള്ളതാണ് വാസ്തവം. അത് യു.എന്‍. പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാന്‍ ഭീകരതയെ സൂചിപ്പിക്കുന്ന അവസരത്തില്‍ വ്യംഗ്യമായി പറയുകയും ചെയ്തു. ഇവിടെ ഇപ്പോള്‍ ഇന്ത്യ ഭയക്കേണ്ടത് രണ്ടുവിധത്തിലുള്ള ആക്രമണങ്ങളെയാണ്. രോഗത്തിലൂടെ ലോകത്തോട് പരോക്ഷമായി വെല്ലുവിളിച്ച ചൈന നേരിട്ട് ഇന്ത്യയെ തകര്‍ക്കാന്‍ കോപ്പുകൂട്ടിത്തുടങ്ങിയിരിക്കുന്നു. മറ്റൊരു വശത്ത് ചൈനയുടെ സഹായത്തോടെ അഫ്ഗാന്‍-പാലും കരിപ്പൂര്‍ വിമാനത്താവളത്തിലും എത്തുന്ന യാത്രക്കാരെ കാരിയറാക്കി ഹെറോയിന്‍ എത്തിച്ചതും ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. ഇതിന്റെയെല്ലാം പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാന്‍ എന്നാണ് സംശയിക്കേണ്ടത്. ഒന്നാം താലിബാന്‍ ഭരണകാലത്ത് മയക്കുമരുന്നിന്റെ ലോക ആസ്ഥാനമായി ആ രാജ്യം മാറിയിരുന്നു. ഭരണത്തിന് മികച്ച ആസ്തിയില്ലാത്ത ദരിദ്രരാജ്യമായി മാറിയിരിക്കുന്ന അഫ്ഗാന് ഇപ്പോള്‍ ഏക ആശ്രയം മയക്കുമരുന്നു കച്ചവടം തന്നെയാണ്. ആ മയക്കുമരുന്നു കുളത്തില്‍ പുതിയ തീവ്രവാദ തന്ത്രത്തിന്റെ ചൂണ്ടയെറിഞ്ഞ് കഴുകന്‍ കണ്ണുകളോടെ വിസ്‌ഫോടനത്തിന്റെ ശരിയായ അവസരം കാത്തിരിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. രണ്ടുപേരുടെയും ലക്ഷ്യം ചൈനയെപ്പോലെ ഇന്ത്യയുടെ തകര്‍ച്ചയാണ്. അതുപോലെ കേരളവും മയക്കുമരുന്നു വിപണനത്തിന്റെ വമ്പിച്ച മാര്‍ക്കറ്റായി അധഃപതിച്ചു തുടങ്ങിയത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. കൊച്ചി കേന്ദ്രീകരിച്ച് അടുത്തകാലത്ത് മയക്കുമരുന്ന് വേണ്ട ആ പ്രദേശത്തെ ഒരു ഹബ്ബാക്കി മാറ്റിയിരിക്കുന്നു. ഇന്ത്യന്‍ യുവത്വത്തെ അതിന്റെ ഉച്ചഘട്ടത്തില്‍തന്നെ വാര്‍ദ്ധക്യത്തിലേയ്ക്കും ചിന്താശേഷിയില്ലായ്മയിലേക്കും നയിക്കുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഈ ത്രികോണരാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുഞ്ഞബാധിച്ച ഭാരതയൗവനത്തിന്റെ ക്രിയാശേഷി ഇല്ലായ്മയാണ് അവരുടെ എക്കാലത്തെയും ലക്ഷ്യം. അതിനുവേണ്ടി ലഹരിയുദ്ധം അവര്‍ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും നടത്തിക്കൊണ്ടിരിക്കുന്നു. പ്രത്യക്ഷ യുദ്ധം പോലെ ഈ പരോക്ഷ ലഹരിയുദ്ധത്തെയും കരസേന, നാവികസേന, വ്യോമസേന ആക്രമണമായും വ്യാഖ്യാനിക്കാം. കാറിലും കപ്പലിലും വിമാനത്തിലുമാണ് ലഹരിവസ്തുക്കള്‍ ശൃംഖലവഴി ഇന്ത്യയുടെ നാനാഭാഗങ്ങളിലും ആവശ്യക്കാരായ യുവാക്കളില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് കപ്പലില്‍ അയച്ച ഹെറോയിന്‍ ആണ് അടുത്തകാലത്ത് പിടികൂടിയത്. വിമാനയാത്രക്കാരെ ദൂതരാക്കി വ്യോമമാര്‍ഗ്ഗവും മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നു. കരമാര്‍ഗ്ഗമുള്ള മയക്കുമരുന്നു കടത്ത് പോലീസും ബന്ധപ്പെട്ട അധികാരികളും പിടികൂടിയത് വിവിധ വാഹനങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ ഭരണം അഭിമുഖീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒരു ലഹരിയുദ്ധം തന്നെ. ഇത് ഒരുപക്ഷേ ചൈന തുടങ്ങിവയ്ക്കുന്ന യഥാര്‍ത്ഥ യുദ്ധത്തിന് മുന്നോടിയാണോ എന്ന് നമ്മള്‍ കരുതിയിരിക്കേണ്ടിയിരിക്കുന്നു.

വാല്‍ക്കഷണം:
ആ കാത് ഈ ചുണ്ടോടടുപ്പിച്ചാല്‍ ഒരു രഹസ്യം പറയാം. അപ്പോള്‍ ആ പാലാബിഷപ്പ് പറഞ്ഞതില്‍ കുറച്ചെങ്കിലും സത്യമുണ്ട്, അല്ലേ?
സത്യമുണ്ടെന്നത് സത്യം തന്നെയാണ്. പക്ഷേ ‘ജിഹാദ്’ എന്ന വാക്കാണ് പ്രശ്‌നമായത്. നമ്മള്‍ പറഞ്ഞതുപോലെ ലഹരിയുദ്ധം എന്നു പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നമാകില്ലായിരുന്നു.
ശരിയാണ്. പക്ഷേ, നമ്മുടെ യുവാക്കള്‍ പകല്‍ ഉറങ്ങുന്നതും രാത്രി വൈകുവോളം ഉണര്‍ന്നിരിക്കുന്നതും ആ യുദ്ധത്തിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കാന്‍ ജനകീയ ജാഗ്രത ആവശ്യമാണ്.
ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് കപ്പലില്‍ അയച്ച ഹെറോയിന്‍ ആണ് അടുത്തകാലത്ത് പിടികൂടിയത്. വിമാനയാത്രക്കാരെ ദൂതരാക്കി വ്യോമമാര്‍ഗ്ഗവും മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നു. കരമാര്‍ഗ്ഗമുള്ള മയക്കുമരുന്നു കടത്ത് പോലീസും ബന്ധപ്പെട്ട അധികാരികളും പിടികൂടിയത് വിവിധ വാഹനങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ ഭരണം അഭിമുഖീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒരു ലഹരിയുദ്ധം തന്നെ. ഇത് ഒരുപക്ഷേ ചൈന തുടങ്ങിവയ്ക്കുന്ന യഥാര്‍ത്ഥ യുദ്ധത്തിന് മുന്നോടിയാണോ എന്ന് നമ്മള്‍ കരുതിയിരിക്കേണ്ടിയിരിക്കുന്നു.

Related posts

Leave a Comment