സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ ആഴത്തിൽ പിടിമുറുക്കുന്നു ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ ആഴത്തിൽ പിടിമുറുക്കിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. ഇിതൻറെ തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നതെന്നും സംസ്ഥാന സർക്കാരിൻറെ ജാഗ്രതക്കുറവാണ് ഇതിന് കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലഹരി പാർട്ടികൾ സംസ്ഥാനത്തുടനീളം പടർന്നു പന്തലിച്ചിരിക്കുന്നു എന്നതിൻറെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൂവാറിലെ ദ്വീപ് റിസോർട്ടിൽ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി പാർട്ടി മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ്. ഇക്കാര്യത്തിൽ പൊലീസും എക്സൈസും ഒത്തുകളിക്കുന്നതുകൊണ്ട് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കഴിയുന്നില്ല.
കൊച്ചിയിൽ മോഡലുകളായ പെൺകുട്ടികളുടെ ദാരുണ മരണം മയക്കുമരുന്നു സംഘത്തിൻറെ അഴിഞ്ഞാട്ടത്തിൻറെ മറ്റൊരു ദുരന്ത ഫലമാണ്. കൊച്ചിയിൽ ചൂതാട്ട കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിൽ കണ്ടെത്തിയിരിക്കുന്നത്. പലേടത്തും നിയമം നടപ്പാക്കേണ്ട പൊലീസ് മേധാവികൾ ഇത്തരം അധോലാക പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വരുന്നു.
കഴിഞ്ഞ അഞ്ചരവർഷമായി കേരളം ഭരിക്കുന്ന ഇടതു സർക്കാരിൻറെ ആഭ്യന്തര വകുപ്പിൻറെ വീഴ്ചയാണ് ഇത്. പൊലീസിനെ ക്രിമിനൽവത്ക്കരിക്കുകയും പാർശ്വവർത്തികളാക്കി മാറ്റുകയും ചെയ്തതിൻറെ പരിണിതഫലമാണിവ. നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ഇനിയെങ്കിലും കർശന നടപടികൾ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related posts

Leave a Comment