മയക്കുമരുന്ന് പാര്‍ട്ടി, ഷാരൂഖ് ഖാന്‍റെ മകനടക്കം എട്ട് പേര്‍ പിടിയില്‍

മുംബൈ: ആഴക്കടലില്‍ നടന്ന കപ്പല്‍ പാര്‍ട്ടിയില്‍ കോടികളുടെ മയക്കു മരുന്ന് ഇടപാടും പാര്‍ട്ടിയും. അതില്‍ പങ്കെടുത്ത സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍റെ മകനടക്കം എട്ടു പേരെ നാഷണല്‍ നര്‍ക്കോട്ടിക് ബ്യൂറോ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ രാത്രിയാണ് ബോളിവുഡിനെ പിടിച്ചുലച്ച റെയ്‌ഡും കസ്റ്റഡിയും ഉണ്ടായത്.

ഏതാനും ദിവസം മുന്‍പ് മാത്രം കടലിലിറക്കിയ ആഡംബര ഉല്ലാസ കപ്പലില്‍ വന്‍തോതില്‍ മയക്കു മരുന്ന് ഇടപാട് നടക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എന്‍സിബി അധികൃതര്‍ വലവിരിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ കപ്പലിലേക്ക് അതിഥികളെത്തി. ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ നൂറിലേറെപ്പേര്‍ അതിഥികളായുണ്ടായിരുന്നു എന്നാണു വിവരം. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍റെ മൂത്ത മകന്‍ ആര്യന്‍ ഖാനും സംഘത്തിലുണ്ടെന്ന് അധികൃതര്‍ക്കു വിവരം ലഭിച്ചു.

തുടര്‍ന്ന് യാത്രക്കാരെന്ന വ്യാജേന എന്‍സിബി ഉദ്യോഗസ്ഥരും ടിക്കറ്റ് തരപ്പെടുത്തി. ഇതുപയോഗിച്ച് ശനിയാഴ്ച രാവിലെ തന്നെ ഇവരും കപ്പലില്‍ കയറി. വൈകുന്നേരത്തേടെ കപ്പല്‍ തീരം വിട്ടു. ആഴക്കടലിലെത്തിയ ശേഷമാണ് മയക്കു മരുന്ന് പുറത്തെടുത്തതും യാത്രക്കാര്‍ക്ക് നല്ഡകിത്തുടങ്ങിയതും. തുടര്‍ന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ ചാടിവീഴുകയായിരുന്നു. ആര്യനെ കൂടാതെ ഒപ്പമുണ്ടായിരുന്ന അര്‍ബാസ് മെര്‍ച്ചന്‍റ്, മൂണ്‍മൂണ്‍ ചമേച്ച, നൂപുര്‍ ശാരിക, ഇസ്ലീത് സിംഗ്, മോഹക് ജസ്‌വാള്‍, വിക്രമന്ത് ചോക്കര്‍, ഗോമിത ചോപ്ര തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതുവരെയും അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചുമത്തേണ്ട വകുപ്പുകളും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ രണ്ടാഴ്ചത്തെ തീവ്രമായ പരിശ്രമമാണ് മുംബൈ തീരത്തെ വലിയ മയക്കുമരുന്ന് ഇടപാടുകളിലൊന്ന് പിടികൂടിയതെന്ന് എന്‍സിബി ഡയറക്റ്റര്‍ സമീര്‍ വാംഗഡേ പറഞ്ഞു. ഷാരൂഖ് ഖാന്‍റെയും ഗൗരീ ഖാന്‍റെയും മൂത്ത മകനാണ് ആര്യന്‍. ഇവര്‍ക്കു രണ്ടു മക്കള്‍ കൂടിയുണ്ട്- സുഹാനയും അബ്രാന്‍ ഖാനും. അച്ഛന്‍റെ വഴിയേ ബോളിവുഡിലെ ശ്രദ്ധേയനാണ് ആര്യന്‍. ദ ലയണ്‍ എന്ന സിനിമയുടെ ഹിന്ദി പതിപ്പില്‍ സാംബയുടെ ശബ്ദം നല്‍കിയത് ആര്യനാണ്. അതോടെ രാജ്യാന്തര പ്രശസ്തനായ ഡബിംഗ് ആര്‍ട്ടിസ്റ്റ് ആയി ആര്യന്‍ മാറി. മകനെ വച്ച് മറ്റു ചില വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാറിനെയും മോളിവുഡിനെയും പിടിച്ചുലച്ച മയക്ക് മരുന്ന് ഇടപാട് പിടികൂടിയത്.

കസ്റ്റഡിയിലുള്ളവരെ കരയ്ക്കെത്തിച്ചു ചോദ്യം ചെയ്യും. ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്താനാണു സാധ്യത. മയക്ക് മരുന്ന കൈവശം വച്ചതിനോ വിതരണം ചെയ്തതിനോ തെളിവു ലഭിച്ചാല്‍ നര്‍ക്കോട്ടിക് വിരുദ്ധ നിയമപ്രകാരം ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തും.

Related posts

Leave a Comment