ഡോ. ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ഗീത വാഴച്ചാലിന് ; നവംബർ 12ന് സമ്മാനിക്കും

തൃശൂർ : ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷെൻറ ഈ വർഷത്തെ ഡോ. ഖമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിന് വാഴച്ചാൽ – അതിരപ്പിള്ളി വനസംരക്ഷണ സമര നായിക വി.കെ. ഗീതയെ തെരഞ്ഞെടുത്തു. അന്തരിച്ച പ്രമുഖ പരിസ്ഥിതി സമരനായകനും സസ്യശാസ്ത്രജ്ഞനും കേരള യൂണിവേഴ്സിറ്റി ബോട്ടണി ഡിപ്പാർട്ട്മെൻറിലെ റീഡറുമായിരുന്ന ഡോ. ഖമറുദ്ദീെൻറ ഓർമയ്ക്ക് ഏർപ്പെടുത്തിയതാണ് പുരസ്കാരം.

പുരസ്കാരത്തിന് പരിഗണിക്കുന്നതിനായി അയച്ചുകിട്ടിയ 12 നാമനിർദേശങ്ങളും വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് വി.കെ. ഗീതയെ തെരഞ്ഞെടുത്തത്. നമ്മുടെ തനത് പാരമ്പര്യ വനഗോത്രത്തിൽ ജനിച്ചു, സാഹചര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് കേരളത്തിെൻറ വനപരിസ്ഥിതി സംരക്ഷണമേഖലയിൽ തനതായ വ്യക്തിമുദ്ര പതിച്ച വ്യക്തിയാണ് ഗീതയെന്ന് ജൂറി അംഗം പ്രശസ്ത എഴുത്തുകാരി ഒ.വി. ഉഷ അഭിപ്രായപ്പെട്ടു.

വാഴച്ചാൽ വനസംരക്ഷണത്തിനായി ചിതറിക്കിടന്ന കാടർ ഊരുകളെ ഒരുമിപ്പിക്കാൻ അവർ നടത്തിയ ശ്രമം ശ്ലാഘനീയമാണ്. അതിരപ്പിള്ളിയുടെ പരിസ്ഥിതി സംരക്ഷണത്തിന് അവർ നടത്തിയ നിയമപോരാട്ടവും പരിഗണന അർഹിക്കുന്നു. വൃക്ഷാലിംഗന കാമ്പയിൻ, ആനക്കയം ജലവൈദ്യുത നിലയത്തിനെതിരെയുള്ള സമരം, ഗോത്രവർഗ സമൂഹത്തിലെ മദ്യപാനാസക്തിക്കെതിരെയുള്ള ഇടപെടൽ എന്നിവയും ഒരു മികച്ച വ്യക്തിത്വത്തിന് ഉടമയാണ് ഗീത എന്ന് വ്യക്തമാക്കുന്നതാണെന്നും ഒ.വി. ഉഷ കൂട്ടിച്ചേർത്തു.


ഡോ.വയലാ മധുസൂദനൻ, ഡോ. സുഹ്റ ബീവി എന്നിവർ കൂടി അടങ്ങിയ നാലംഗ ജൂറി ഗീതയെ ഐകകണ്ഠ്യേനയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്നും സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 25000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന പുരസ്കാരം നവംബർ 12ന് രാവിലെ 10 മുതൽ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ബോട്ടണി ബ്ലോക്കിൽ നടക്കുന്ന ഡോ. ഖമറുദ്ദീൻ അനുസ്മരണ ചടങ്ങിൽ ഗീതക്ക് സമ്മാനിക്കും.


പരിസ്ഥിതി സംരക്ഷണത്തിനും, ആദിവാസി അവകാശ സംരക്ഷണത്തിനുമായി പോരാടുന്ന ഗീതാ വാഴച്ചാൽ ഡോ. ഖമറുദ്ദീൻ പരിസ്ഥി അവാർഡിന് എല്ലാ നിലക്കും അർഹയാണെന്ന് ഡോ. ഖമറുദ്ദീൻ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ (KFBC) പ്രസിഡൻറ് ഡോ. ബി. ബാലചന്ദ്രനും സെക്രട്ടറി സാലി പാലോടും അറിയിച്ചു.

Related posts

Leave a Comment