ഡോ. കെ. ആര്‍. നാരായണന്റെ 16 -ാ മത് ചരമവാർഷിക ദിനം ഇന്ന്; വി പി സജീന്ദ്രൻ എഴുതുന്നു

നമ്മുടെ മുന്‍ രാഷ്ട്രപതി ബഹുമാനപ്പെട്ട കെ. ആര്‍. നാരായണന്റെ ഒരുപിടി ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു. അദ്ദേഹം നമ്മെ വിട്ടു പോയിട്ട് 16 വര്‍ഷമായി. കൂടാതെ ഈ വര്‍ഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷം കൂടിയാണ്. അദ്ദേഹവും ഞാനും ഒരു കുടുംബമാണ്. അദ്ദേഹത്തിന്റെ കുടുംബത്തില്‍ എനിക്കും അംഗമാകാന്‍ സാധിച്ചതില്‍ അങ്ങേയറ്റം അഭിമാനംകൊള്ളുന്നു. ഒരു കുടുംബാംഗം എന്ന നിലയില്‍ അദ്ദേഹത്തോട് അടുത്ത് ഇടപഴകാന്‍ എനിക്ക് വളരെ ഏറെ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അദ്ദേഹം രാഷ്ട്രപതി ആയിരുന്നപ്പോള്‍ രാഷ്ട്രപതിഭവനില്‍ പോയി താമസിക്കുവാനും ധാരാളം കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുവാനും സാധിച്ചു അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഇന്നും ഞാന്‍ കാണുകയാണ്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ച കാലത്ത് ഉണ്ടായ ജീവിതാനുഭവങ്ങളും അതുപോലെ തന്നെ വിദേശത്ത് പോയി പഠിച്ചപ്പോള്‍ ഉള്ള അനുഭവങ്ങളും അദ്ദേഹം സ്‌കൂളില്‍ പഠിച്ചപ്പോള്‍ ഉള്ള അനുഭവങ്ങളും ഒരു കുട്ടിയോട് എന്നപോലെ പറഞ്ഞു തന്നത് ഇപ്പോഴും എന്റെ കാതുകളില്‍ ഉണ്ട്. അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതി ആയിരുന്നു. പിന്നോക്ക സമുദായത്തില്‍ നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെ വ്യക്തി ശ്രീ കെ ആര്‍ നാരായണനാണ്. അങ്ങനെ ദളിതനായ ഒരു രാഷ്ട്രപതി നമുക്ക് ഉണ്ടായിരുന്നു എന്നുള്ളത് ഇന്ത്യയുടെ യശസ്സിനും അദ്ദേഹത്തെ ആ പദവിയിലേക്ക് എത്തിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും പ്രത്യേകിച്ച് മലയാളികള്‍ ആയ നമുക്കും ഏറെ അഭിമാനകരമാണ്.

കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ബാല്യം. ക്ലേശങ്ങള്‍ക്ക് നടുവിലൂടെ വിദ്യാഭ്യാസം. പലപ്പോഴും ഫീസ് അടക്കാന്‍ പണമില്ല. ക്ലാസ്സിനു പുറത്തു നില്‍ക്കേണ്ട അവസ്ഥ. പുസ്തകം ഇല്ല. സഹോദരന്‍ കെ.ആര്‍. നീലകണ്ഠന്‍ കടം വാങ്ങുന്ന പുസ്തകം. അത് നോക്കിയുള്ള പഠനം. 18 കിലോമീറ്റര്‍ ദൂരെയുള്ള വിദ്യാലയം. ദിവസവും 36 കിലോമീറ്റര്‍ നടത്തം. ഒരുപക്ഷേ ആ പിഞ്ചു ബാലന്റെ മുന്നോട്ടുള്ള ദീര്‍ഘമായ തളരാത്ത യാത്രയ്ക്ക് ആ നടത്തം ആയിരിക്കാം പ്രചോദനമായത് കോട്ടയം സിഎംഎസ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജുകളില്‍ ബിരുദ പഠനം. ഒന്നാം റാങ്കോടെ വിജയം. ഒരു ലക്ചറര്‍ ആകാന്‍ ആഗ്രഹിച്ചു. ദളിതനെ ആര് ലക്ചറര്‍ ആക്കാന്‍ ? ഉദ്യോഗത്തിനായി സമീപിച്ച അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സിപി രാമസ്വാമി അയ്യരില്‍ നിന്നും വയര്‍ നിറയെ ആക്ഷേപം. ഹരിജന് ലക്ചര്‍ ജോലിയോ?
ഹരിജന് റാങ്ക് ഉണ്ടായാലും ജോലി ഇല്ലാത്ത കാലം അങ്ങനെ സഹിക്കേണ്ടിവന്ന അപമാനം കൊണ്ട് റാങ്ക് കിട്ടിയ നാരായണന്‍ ബിരുദദാനച്ചടങ്ങ് ബഹിഷ്‌കരിച്ചു. ബിരുദദാനചടങ്ങിന് എത്തിയ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഒന്നാം റാങ്കുകാരന്റെ അഭാവം ശ്രദ്ധിച്ചു. കാരണം തിരക്കി. മഹാരാജാവിനോട് തനിക്ക് തിരുവിതാംകൂറില്‍ ജോലികിട്ടാത്ത കാരണം വിശദീകരിച്ചു. ഡല്‍ഹിയില്‍ ജോലി തേടിപ്പോകാനുള്ള ആഗ്രഹം അറിയിച്ചു. മഹാരാജാവ് വീണ്ടും പഠിക്കുവാന്‍ 500 രൂപ വായ്പ അനുവദിച്ചു. തുടര്‍ന്ന് അദ്ദേഹം ലണ്ടനില്‍ പോയി ഉന്നതപഠനം പൂര്‍ത്തിയാക്കി. അന്നത്തെ പ്രധാനമന്ത്രിജവഹര്‍ലാല്‍ നെഹ്റുവിനെ പോയി കണ്ടു. അദ്ദേഹത്തിന്റെ കഴിവുകള്‍ മനസ്സിലാക്കിയ നെഹ്രു അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇന്ത്യയുടെ വിദേശകാര്യലയത്തില്‍ നല്ല ഒരു ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു. അങ്ങനെ കെ ആര്‍ നാരായണന്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ഭാഗമായി. 1978 വരെ അദ്ദേഹം വിദേശകാര്യവകുപ്പില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആയി ചുമതലയേറ്റു. അവിടെ നിന്നായിരുന്നു സംഭവബഹുലമായ പൊതുജീവിതത്തിന്റെ തുടക്കം.
അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു വരുത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു. എന്നാലും 1984ല്‍ ഇന്ദിരാജിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ആദ്യമായി മത്സരിച്ചത്. ഒറ്റപ്പാലത്ത് നിന്നായിരുന്നു ആദ്യമത്സരം. അന്ന് എ.കെ ബാലനെ പരാജയപ്പെടുത്തിയ അദ്ദേഹം ഒട്ടനവധി പ്രാവശ്യം ഒറ്റപ്പാലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. തുടര്‍ന്ന് അദ്ദേഹം ഉപരാഷ്ട്രപതിയും രാഷ്ട്രപതി ആയി.
രാഷ്ട്രപതിസ്ഥാനത്തു നിന്നും വിരമിച്ച അദ്ദേഹവും ഭാര്യയും ഡല്‍ഹിയില്‍ മുന്‍ രാഷ്ട്രപതിമാര്‍ക്കുള്ള വസതില്‍ ആയിരുന്നു തന്റെ ശിഷ്ടകാലം ജീവിച്ചത്. 2005 ഫെബ്രുവരിയില്‍ ആയിരുന്നു അവസാനമായി അദ്ദേഹം ജന്മനാട്ടില്‍ വന്നത്. ആ വരവില്‍ ഉഴവൂരിലുള്ള തന്റെ തറവാട് ശാന്തിഗിരി ആശ്രമത്തിന് അദ്ദേഹം ഇഷ്ടദാനം ചെയ്തു. ആ വര്‍ഷം തന്നെ അദ്ദേഹത്തിന് ഒരു ന്യുമോണിയാബാധ ഉണ്ടായി. 2005 ഒക്ടോബര്‍ 29-ന് അദ്ദേഹത്തെ ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിവരുകയും തുടര്‍ന്ന് നവംബര്‍ 9-ന് വൈകീട്ട് 5:45-ന് അദ്ദേഹം നമ്മെ വിട്ടു പോയി. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ വിലാപയാത്രയായി ഭൗതികശരീരം യമുനാനദിയുടെ കരയിലുള്ള ഏക്താസ്ഥലില്‍ സംസ്‌കരിച്ചു. രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം, ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ് ശെഖാവത്ത്, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്, മുന്‍ പ്രധാനമന്ത്രിമാരായ വി.പി. സിങ്, ചന്ദ്രശേഖര്‍, എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്‌റാള്‍, അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്ന് അദ്ദേഹം നമ്മളെ വിട്ടു പോയിട്ട് 16 വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്നും കെ ആര്‍ നാരായണന്‍ ഒരാവേശമാണ് അഭിമാനമാണ്. മാര്‍ഗ്ഗദീപമാണ്. വെളിച്ചമേ നയിച്ചാലും!

Related posts

Leave a Comment