സ്ത്രീധനം എന്ന പേപിശാച്- വീക്ഷണം എഡിറ്റോറിയൽ വായിക്കാം


ഇന്ന് കേരള സ്ത്രീധന വിരുദ്ധ ദിനം. കഴിഞ്ഞദിവസം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തടയുന്നതും അവര്‍ക്ക് സംരക്ഷണം നല്‍കുന്ന ദിനാചരണമായിരുന്നു. ഈ രണ്ട് ദിവസങ്ങളിലാണ് ആലുവയില്‍ മോഫിയ പര്‍വീണ്‍ എന്ന ഇരുപത്തിമൂന്നുകാരി ഭര്‍തൃവീട്ടുകാരുടെ പീഡനം കാരണം ആത്മഹത്യ ചെയ്തത്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീധന മരണങ്ങള്‍ സംസ്ഥാനത്തിന്റെ സാക്ഷരതാ മികവിനും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതക്കും എതിരാണ്. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം കാരണം 203 പെണ്‍കുട്ടികളുടെ ജീവനാണ് പൊലിഞ്ഞത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കൊല്ലം അഞ്ചലില്‍ ഉത്ര എന്ന പെണ്‍കുട്ടിയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. ആയിടെതന്നെ കൊല്ലം നിലമേലില്‍ വിസ്മയ എന്ന പെണ്‍കുട്ടി, വിലകൂടിയ കാര്‍ സ്ത്രീധനമായി നല്‍കാത്തതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. രണ്ടും ദാരുണ മരണങ്ങളായിരുന്നു. ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ സ്വന്തം കുടുംബത്തിന് ഭാരമാകാതെ സ്വന്തം ജീവിതം ഹോമിച്ച പെണ്‍കുട്ടികള്‍ ഏറെയാണ്. കേസും മറ്റ് തര്‍ക്കങ്ങളും ഉയര്‍ത്തി നടപടികള്‍ക്ക് പോകാന്‍ ഇരകളായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറാവാത്തതിനാല്‍ നൂറുകണക്കിന് സ്ത്രീകളുടെ മരണം വാര്‍ത്തകളില്‍ ഇടംപിടിക്കാതെ പോകുന്നു. സ്ത്രീധനം സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ക്ക് ഏഴുവര്‍ഷംവരെ കഠിനതടവ് ശിക്ഷ ലഭിക്കുമായിട്ടും ഈ ദുരന്തം കുറയുകയല്ല, വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടന്നാല്‍ തൊണ്ണൂറ് ശതമാനവും അന്വേഷണമോ കേസോ ശിക്ഷയോ ഇല്ലാതെ പോകുന്നു. ദേശീയ ശരാശരി കണക്കനുസരിച്ച് ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ ഒരു സ്ത്രീ വീതം കൊലചെയ്യപ്പെടുന്നു. സ്ത്രീധന സമ്പ്രദായത്തിനെതിരെ പൊരുതാന്‍ രാഷ്ട്രീയ പാര്‍ട്ടികളും മത-സാമുദായിക സംഘടനകളും യുവജന സംഘടനകളും രംഗത്തിറങ്ങിയേ മതിയാവൂ. സംസ്ഥാനത്ത് സ്ത്രീധനം എന്ന അത്യാപത്തിനെ ചെറുക്കാന്‍ ‘കനല്‍’ തുടങ്ങിയ സ്ത്രീസംരക്ഷണ പദ്ധതികളുണ്ടെങ്കിലും വര്‍ധിച്ചുവരുന്ന സ്ത്രീധന മരണങ്ങളെ പ്രതിരോധിക്കാന്‍ ഈ സര്‍ക്കാര്‍ സംഘടനക്ക് സാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സംഘടനകള്‍ നമ്മുടെ നാട്ടിലുണ്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തനം ഏകപക്ഷീയവും രാഷ്ട്രീയപ്രേരിതവുമാണ്. പുരുഷന്മാരേക്കാള്‍ വലിയ ആധിപത്യ മനോഭാവം പുലര്‍ത്തുന്നവര്‍ അതിന്റെ തലപ്പത്തിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നീതിയല്ല, അനീതിയാണ് ലഭ്യമാകുന്നത്. കമ്മീഷന്റെ കഴിഞ്ഞ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചത് ഇത്തരം ധിക്കാരം നിറഞ്ഞ നടപടിമൂലമായിരുന്നു. സ്ത്രീധനം വാങ്ങുന്നതും കുറ്റകരമാണെങ്കിലും യാതൊരു പരിക്കും ക്ഷയവും കൂടാതെ സ്ത്രീധന പിശാചിന്റെ വാഴ്ച സമൂഹത്തില്‍ വ്യാപകമാണ്. സ്ത്രീധനത്തിന് യുവാക്കള്‍ മാത്രമല്ല യുവതികളും വിസമ്മതം പ്രകടിപ്പിക്കണം. നമ്മുടെ നവോത്ഥാന നായകര്‍ സ്ത്രീകള്‍ക്കെതിരെയുള്ള നിരവധി അനാചാരണങ്ങളെ ഇല്ലായ്മ ചെയ്‌തെങ്കിലും സ്ത്രീധനം എന്ന ദുരാചാരം നവോത്ഥാന പോരാട്ടത്തില്‍ നിന്ന് പുറത്തായിപ്പോയി.
1961-ലാണ് ഇന്ത്യയില്‍ ആദ്യമായി സ്ത്രീധന നിരോധന നിയമം നടപ്പിലായത്. 1992-ലും 2004-ലും ചട്ടങ്ങള്‍ രൂപീകരിക്കുകയും പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി നവീകരിക്കുകയുമുണ്ടായി. എന്നിട്ടും ഭയലേശം കൂടാതെ സ്ത്രീധനം പരസ്യമായി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന വിവാഹങ്ങള്‍ കൂടിവരികയാണ്. സ്ത്രീധന സമ്പ്രദായത്തിന് സമൂഹത്തില്‍ ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നതിന് കാരണം മനുഷ്യന്റെ ധനാര്‍ത്തിയും സുഖലോലുപതയുമാണ്. മക്കളെ വില്‍ക്കാനും വാങ്ങാനും തയ്യാറുള്ള മാതാപിതാക്കളും സ്ത്രീധനവിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാകണം. കുടുംബബന്ധങ്ങളിലെ തകര്‍ച്ച, ഗാര്‍ഹിക പീഡനം, വിവാഹ മോചനം, ആത്മഹത്യകള്‍, വിവാഹം അലസിപോകല്‍ തുടങ്ങിയവ സമൂഹത്തില്‍ വലിയ ആപത്തുകളാണ് വിളിച്ചുവരുത്തുന്നത്. സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും വിവാഹ മോചനങ്ങളും രാജ്യത്ത് അനുദിനം വര്‍ധിച്ചുവരികയാണ്. സോഷ്യല്‍ മീഡിയയുടെ സഹായത്താല്‍ സ്ത്രീധനത്തിനെതിരെ വന്‍തോതിലുള്ള ക്യാംപയിന്‍ സംഘടിപ്പിക്കാന്‍ സാധിക്കും. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും പൊലീസിന്റെ ഇടപെടല്‍ പലപ്പോഴും അക്രമികള്‍ക്ക് വേണ്ടിയായിരിക്കും. മോഫിയ പര്‍വീന്‍ കേസില്‍ ആലുവ സി ഐ സ്വീകരിച്ച നിലപാട് വലിയ വീഴ്ചയായിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയെയും പിതാവിനെയും പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തതാണ് മരണത്തിന് കാരണം. ഉത്രയുടെ മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീര്‍. ഇയാള്‍ സി പി എം പ്രാദേശിക നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തിയാണ്. ഭര്‍തൃവീട്ടില്‍ നിന്ന് നീതിയും രക്ഷയുമില്ലാതാവുമ്പോഴാണ് സ്ത്രീകള്‍ പൊലീസിലും മറ്റ് നിയമ പീഠങ്ങളിലും നീതിക്കുവേണ്ടി യാചിക്കുന്നത്. നിയമപാലകര്‍ തന്നെ നീതി നിഷേധത്തിന്റെ ഉപജ്ഞാതാക്കളാകുന്നത് വേലി വിള തിന്നുന്നതിന് തുല്യമാണ്.

Related posts

Leave a Comment