ആലപ്പുഴയിലെ ഇരട്ടക്കൊല; സർവ്വകക്ഷി യോഗത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് സി പി എം ജില്ലാ സെക്രട്ടറി ;പൊലീസ് നിഷ്‌ക്രീയമെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ

ആലപ്പുഴ: സംസ്ഥാനത്തെ നടുക്കിയ ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കളക്‌ട്രേറ്റിൽ മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിൽ പൊലിസിനെ കടന്നാക്രമിച്ച് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ രംഗത്തെത്തി. മുൻപ്രതിപക്ഷ നേതാവും ഹരിപ്പാട് എം എൽ എയുമായ രമേശ് ചെന്നിത്തല പൊലിസിന്റെ നിഷ്‌ക്രീയത്വം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയപ്പോൾ സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ ഇതേ നിലപാട് തന്നെ ആവർത്തിച്ചത് മന്ത്രിമാരെ ഞെട്ടിച്ചു. ജില്ലയിലെ പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് നാസർ പറഞ്ഞു. ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നാട് മുഴുവൻ പൊലീസ് നിരീക്ഷണത്തിലാണെന്ന് പറയുമ്പോൾ കഴിഞ്ഞ രാത്രിയിൽ ഹരിപ്പാട് കാവിൽപ്പടിക്ഷേത്രത്തിൽ വൻകവർച്ച നടന്നതും ലക്ഷങ്ങൾ മോഷണം പോയതും ചെന്നിത്തല ചൂണ്ടിക്കാട്ടി. 144 നിലനിൽക്കെ ആര്യാട് കൈതത്തിൽ ഭാഗത്ത് ആക്രമണം ഉണ്ടായി. രണ്ട് കൊലപാതകങ്ങളും നടന്നത് പൊലീസിന്റെ പിടിപ്പ്‌കേട് കൊണ്ടുതന്നെയാണ്. മുസ്ലീംലീഗ്, ബി ജെ പി, എസ് ഡി പി ഐ തുടങ്ങിയവയുടെ നേതാക്കൾ പൊലീസിന്റെ വീഴ്ചയ്‌ക്കെതിരെ രംഗത്തെത്തി. ഡി സി സി പ്രസിഡന്റ് ബി ബാബുപ്രസാദ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ചു. മുഖ്യമന്ത്രി നേരിട്ട് തിരുവനന്തപുരത്തോ ആലപ്പുഴയിലോ യോഗം വിളിച്ച് ചേർക്കണം. മണ്ണഞ്ചേരിയിൽ സംഘർഷം നടന്നപ്പോൾ പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ ആലപ്പുഴയിലെ കൊലപാതകം ഒഴിവാക്കാനാകുമായിരുന്നെന്ന് നേതാക്കൾ പറഞ്ഞു. പൊലീസിനെത്തന്നെ കടന്നാക്രമിച്ചാണ് മുസ്ലിംലീഗും ബി ജെ പിയും നില കൊണ്ടത്. ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ സർവ്വകക്ഷി യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാനും കൃഷിമന്ത്രി പി. പ്രസാദും മുന്നോട്ടുവച്ച സമാധാന നിർദേശങ്ങൾ യോഗത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അംഗീകരിച്ചു. രണ്ടു കൊലപാതകങ്ങളെയും ശക്തമായി അപലപിച്ചു. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്നും സി പി എം ജില്ലാ സെക്രട്ടറി പൊലീസിനെ വിമർശിക്കുകയല്ല ചെയ്തതെന്നും പറഞ്ഞ് മന്ത്രി സജി ചെറിയാൻ തടിയൂരി.

Related posts

Leave a Comment