സംഘപരിവാര്‍ അജണ്ടയില്‍ വീണു പോകരുത് ; കേരളത്തിന്റെ സമൂഹിക ഇഴയടുപ്പം കീറിപ്പറിക്കരുത് : വി ഡി സതീശൻ

പാലാ ബിഷപ്പിന്റെ പരാമർശവുമായി ബന്ധപ്പെട്ട് രണ്ടു മതവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യാജ ഐ.ഡികളിലൂടെ ആസൂത്രിത ശ്രമം നടക്കുന്നെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ അകൗണ്ടുകളിൽ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറുകാരാണ്. ആ സംഘപരിവാർ അജണ്ടയിൽ മുസ്ലീം- ക്രിസ്ത്യൻ സമുദായങ്ങൾ പെട്ടുപോകരുത്. പ്രസ്താവനയ്ക്കു പകരമായി ചിലർ ബിഷപ്പ് ഹൗസിലേക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയാണ്. ഇതും എതിർക്കപ്പെടേണ്ടതാണ്. പരസ്പരമുള്ള സംഘർഷങ്ങളും പ്രകോപനങ്ങളും പ്രകടനങ്ങളും ഒഴിവാക്കണം. കേരളത്തിൽ സമുദായിക സംഘർഷം ഉണ്ടാകുന്ന ഘട്ടമുണ്ടായാൽ അതിൽ കക്ഷി ചേരാതെ ഇല്ലാതാക്കൻ ശ്രമിക്കും. കേരളത്തിൽ മതസൗഹാർദ്ദവും മതമൈത്രിയും നിലനിൽക്കണം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടി നേതാക്കളും മാധ്യമങ്ങളും ഇതു വഷളാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ബിഷപ്പ് പറഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേകമായി പരിഗണിക്കേണ്ട എന്തെങ്കലും ഉണ്ടെങ്കിൽ അക്കാര്യം സർക്കാർ പരിശോധിച്ച് പരിഹരിക്കണം. അല്ലാതെ അതു കൈവിട്ടു പോകുന്ന അവസ്ഥയുണ്ടാകരുത്. മുസ്ലീം വിരുദ്ധത ഉണ്ടാക്കാൻ ചിലയാളുകൾ സമൂഹമാധ്യമങ്ങളിൽ ശ്രമിക്കുന്നുണ്ട്. ഇതിനു കൗണ്ടറായി ക്രൈസ്തവ വിരുദ്ധതയും ഉണ്ടാകും. ഇരുമതവിഭാഗങ്ങളിലെയും ജനങ്ങൾ തമ്മിൽ അകലും. എന്തിനാണ് കേരളത്തിൽ അങ്ങനെയൊരു അകൽച്ചയുടെ ആവശ്യം. കേരളത്തിന്റെ സമൂഹിക ഇഴയടുപ്പംകീറിപ്പറിക്കരുത്. ഇതാണ് പ്രതിപക്ഷത്തിന്റെ നിലപാട് – സതീശൻ കൂട്ടിച്ചേർത്തു.

Related posts

Leave a Comment