സർവകലാശാലകളിലെ മാർക്ക് ദാനം കോടതിവിധിയിലൂടെ ശരിവച്ചു ; അനുകൂല വിധി നേടാൻ അധികൃതർ ഒത്താശ ചെയ്തു

തിരുവനന്തപുരം: കേരള, എംജി സർവകലാശാലകളിലെ മാർക്ക് ദാനം കോടതി വിധിയിലൂടെ ശരിവെച്ചു. ഇഷ്ടക്കാരായ വിദ്യാർത്ഥികൾക്ക് മാർക്ക് ദാനം ചെയ്തതിന് പുറമേ, അവർക്ക് അനുകൂല വിധി നേടിയെടുക്കാനും സർവകലാശാല അധികൃതർ ഒത്താശ ചെയ്തു. കേരള സർവകലാശാല പരീക്ഷ വിഭാഗത്തിലെ സ്ഥലം മാറിപ്പോയ ഒരു ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്സ്‌വേർഡ് ഉപയോഗിച്ച് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷ തോറ്റ 23 വിദ്യാർത്ഥികളെ മാർക്ക്കൂട്ടി നൽകി പാസാക്കിയിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും സർവ്വകലാശാല നൽകിയ സർട്ടിഫിക്കറ്റുകൾ പിൻവലിക്കുകയോ അവർക്ക് പ്രത്യേക പരീക്ഷ ബാടത്തുകയോ ചെയ്യാത്തതിനാൽ, അവർക്ക് നൽകിയ സർട്ടിഫിക്കറ്റുകൾ ശരി വെക്കുവാൻ ഹൈക്കോടതി കേരള സർവകലാശാലയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു. മുൻമന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ എംജി സർവകലാശാലയിൽ നടന്ന അദാലത്തിലൂടെ 123 പേരെ മാർക്ക് ദാനത്തിലൂടെ ബിടെക് പരീക്ഷ ജയിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കേരള സർവകലാശാലയിൽ മാർക്ക് തിരുത്തി 23 പേരെ ബിഎസ് സി പരീക്ഷ ജയിപ്പിച്ചത്.
എംജി യിൽ മാർക്ക്‌ദാനം നടത്തിയ സിൻഡിക്കേറ്റ് തീരുമാനം ഗവർണർ റദ്ദാക്കുന്നതിനുപകരം സർവകലാശാല സിൻ ഡിക്കേറ്റ് തന്നെ റദ്ദാക്കിയത് ചട്ട വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി മാർക്ക്‌ ദാനത്തിലൂടെ നൽകിയ ബിരുദങ്ങൾ അംഗീകരിക്കാൻ ഉത്തരവിട്ടിരുന്നു. അതിനെതിരെ അപ്പീൽ നൽകാൻ സർവകലാശാല തയ്യാറായില്ലെന്നതാണ് ശ്രദ്ധേയം.
പാസ്‌വേഡ് ഉപയോഗിച്ച് മാർക്ക് തിരുത്തിയതാണെങ്കിലും കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിലെ പിഴവാണെന്നായിരുന്നു കേരള സർവകലാശാലയുടെ വിശദീകരണം. ക്രൈംബ്രാഞ്ച് അന്വേഷിക്കുവാൻ തീരുമാനിച്ചുവെങ്കിലും പരീക്ഷ രേഖകൾ സർവകലാശാല കൈമാറാത്തതുകൊണ്ട് പൊലീസ് അന്വേഷണം തുടർന്നില്ല. പതിവിന് വിരുദ്ധമായി കേരള സർവകലാശാല തെറ്റായി നൽകിയ സർട്ടിഫിക്കാറ്റുകൾ ഉടനടി മടക്കി വാങ്ങാനോ പകരം പരീക്ഷ നടത്താനോ നടപടികൾ കൈക്കൊണ്ടില്ല.
അതേസമയം, മാർക്ക് ദാനത്തിനും അനുകൂല കോടതി വിധി നേടാനും സർവകലാശാല അധികൃതർ ഒത്താശ ചെയ്യുകയായിരുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

Related posts

Leave a Comment