ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴി നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം; പരിഗണിക്കാതെ സഭ

തിരുവനന്തപുരം: ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴി നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സഭ പരി​ഗണിച്ചില്ല. നോട്ടീസ് പരി​ഗണിക്കുന്നത് ഉ‌ചിതമല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. കേസ് കോടതിയുടെ പരി​ഗണനയിൽ ആണെന്നും അത്തരം വിഷയങ്ങൾ സഭയിൽ പരി​ഗണിക്കാൻ അനുമതി നൽകാനാകില്ലെന്നും സ്പീക്കർ പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിർണ്ണായകമാണ്. ഇത് സഭയിൽ അല്ലെങ്കിൽ മറ്റെവിടെയാണ് ചർച്ച ചെയ്യുകയെന്നും വി ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് തെളിയിക്കാൻ ഉള്ള അവസരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. കോടതിയുടെ പരിഗണനയിൽ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സഭയുടെ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായി ശബ്ദമുയർത്തുകയും തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ,സരിത് എന്നിവർക്ക് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടീസിലാണ് ഡോളർ കടത്തിൽ മുഖ്യമന്ത്രിയും ഉൾപ്പെട്ടു എന്ന് പറഞ്ഞത്. ഇതാണ് ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയമായി നിയമസഭയിൽ കൊണ്ടുവന്നത്.

Related posts

Leave a Comment