ഇങ്ങനെയും ഒരു കല്യാണം നടക്കുമോ! ഉത്തരം നൽകി കുട്ടാപ്പു ജാൻവിയെ സ്വന്തമാക്കി

തൃശൂർ: പട്ടുപാവാടയും മുല്ലപ്പൂവും അണിഞ്ഞ് മണവാട്ടിയായി ജാൻവി എത്തുന്നു. മുന്നിൽ എല്ലാ ഭാവങ്ങളും പ്രകടപ്പിച്ച് നിൽക്കുമ്പോഴാണ് പിറകിൽ നിന്നും സിൽക്ക് ഷർട്ട് ധരിച്ച് കുട്ടാപ്പു വന്നത്. ആൾക്കൂട്ടത്തെ കണ്ടപ്പോൾ കുട്ടാപ്പു ഒന്ന് ബഹളം വച്ചെങ്കിലും ജാൻവിയുടെ നോട്ടത്തിലും താലോടലിലും ഉഷാറായി. രണ്ടുപേരും ഒരുമിച്ചു നിന്ന് പ്രണയഭാവത്തിൽ ചുറ്റും നിന്ന ഫോട്ടോഗ്രാഫർമാർക്ക് പോസ് ചെയ്തു. കതിർമണ്ഡപത്തിൽ തന്നെ സ്നേഹിക്കുന്നവരെ സാക്ഷിയാക്കി കുട്ടാപ്പു ജാൻവിയെ സ്വന്തമാക്കി.

വ്യത്യസ്തമായ കാഴ്ചകൾക്കും ചടങ്ങുകൾക്കുമാണ് കുന്നത്തൂർമനയിൽ കല്യാണ മണ്ഡപം സാക്ഷിയായത്. വാടാനപ്പള്ളി സ്വദേശികളായ ഷെല്ലി-നിഷ ദമ്പതിമാരുടെ ബീഗിൾ ഇനത്തിൽപ്പെട്ട വളർത്തുനായ കുട്ടാപ്പുവിന്റെയും വധുവായി ഇവർ കണ്ടെത്തിയ ജാൻവിയുടെയും വിവാഹമാണ് ചടങ്ങുകളോടെ നടന്നത്. ഷെല്ലിയുടെയും മക്കളായ അർജുൻ, ആകാശ് എന്നിവരുടെയും കൈപിടിച്ചാണ് ഇരുവരും കതിർമണ്ഡപത്തിലേക്ക് കയറിയത്.
അലങ്കരിച്ച മണ്ഡപത്തിൽ ഇരുവരും താമരമാല ചാർത്തി. അതിനുശേഷം കേക്ക് മുറിച്ചു. കുട്ടാപ്പുവിനായി ജാൻവിയെ തിരഞ്ഞെടുത്തത് ഡോഗ് ട്രെയ്നറായ സുബീഷ് ഭാസ്കറാണ്. തുടർന്ന് തന്റെ വിവാഹവിരുന്നിലെ ചിക്കൻ ബിരിയാണിയും ഫ്രൈയും കഴിച്ച് പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷം പങ്കിട്ട് ഇരുവരും വാടാനപ്പള്ളിയിലെ വീട്ടിലേക്ക് യാത്ര തിരിച്ചു.

Related posts

Leave a Comment