റേഷൻകാർഡ് വീട്ടിലെ വനിതയുടെ പേരിലാകണമെന്ന നിയമം ഭക്ഷ്യമന്ത്രിക്ക് ബാധകമല്ലേ..? ; സ്ത്രീ ശാക്തികരണവാദം മുഴക്കുന്ന മന്ത്രിയുടെ കാർഡ് സ്വന്തം പേരിൽ

ആലപ്പുഴ : കുടുംബത്തിലെ മുതിർന്ന വനിത റേഷൻകാർഡ് ഉടമയാകണമെന്ന വ്യവസ്ഥ ലംഘിച്ച്‌ സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ദേശീയഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയശേഷം പുരുഷന്മാരെ കാർഡുടമയായി അംഗീകരിച്ചിട്ടില്ല. വീട്ടിലെ മുതിർന്ന വനിതയാകണം കാർഡുടമ എന്നാണ് നിലവിലെ വ്യവസ്ഥ. ഇത് ലംഘിച്ചാണ് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി തന്നെ സ്വന്തം പേരിൽ റേഷൻ കാർഡെടുത്തത്.

നവീകരിച്ച ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനവും സ്മാർട്ട് റേഷൻ കാർഡിന്റെ വിതരണവും നിർവഹിക്കുന്നതിനിടെയാണ് മന്ത്രി കീശയിൽനിന്ന് തന്റെ സ്മാർട്ട് റേഷൻ കാർഡ് എടുത്തുകാട്ടുകയായിരുന്നു. ഇതിൽ കുടുംബനാഥനായി മന്ത്രി തന്നെയാണ്. ഇതോടെ ഭാര്യയും മകളുമുള്ള മന്ത്രിക്ക് എങ്ങനെയാണ് കാർഡുടമയാകാൻ കഴിഞ്ഞതെന്ന് ചടങ്ങിൽ ചോദ്യം ഉയരുകയും ചെയ്തു.

ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചു മുൻഗണനാ വിഭാഗത്തിൽപ്പെട്ട മഞ്ഞ, പിങ്ക് കാർഡുകൾ മുതിർന്ന വനിതാ അംഗത്തിന്റെ പേരു നൽകണമെന്നാണു വ്യവസ്ഥ ചെയ്തിരുന്നത്. മുതിർന്ന വനിതയില്ലെങ്കിൽ പ്രായപൂർത്തിയായ മറ്റു വനിതകളെയാണ് കാർഡുടമായി പരിഗണിച്ചിരുന്നത്. അങ്ങനെയും ആരുമില്ലെങ്കിലേ പുരുഷന്മാരെ പരിഗണിച്ചിരുന്നുള്ളൂ. സ്ത്രീ ശാക്തീകരണമെന്ന ആശയം മുൻനിർത്തിയായിരുന്നു ഇത്. എന്നാൽ സ്ത്രീ ശാക്തികരണവാദം മുഴക്കുന്ന ഇടത് മന്ത്രി തന്നെയാണ് ഇതെല്ലാം ലംഘിച്ച്‌ സ്വന്തംപേരിൽ റേഷൻ കാർഡെടുത്തത്.

സംഭവം വിവാദമായതോടെ തന്റെ ഭാര്യയുടെ പേര് അവരുടെ കുടുംബവീട്ടിലെ കാർഡിലാണുള്ളതെന്ന് മന്ത്രി വിശദീകരണവുമായി എത്തി. മകളും താനും മാത്രമേ തന്റെ വീട്ടിലെ റേഷൻ കാർഡിലുള്ളൂ. അതിനാലാണ് താന്റ കാർഡുടമയായതെന്നാണു മന്ത്രി വിശദീകരിച്ചത്

Related posts

Leave a Comment