വീണാ ജോര്‍ജ് വീണ വായിക്കുന്നുവോ?

ഗോപിനാഥ് മഠത്തിൽ

കൊറോണ പൂക്കുന്ന പാടമായി കേരളം മാറിയിരിക്കുന്നു. അതിനിടയില്‍ നിപ്പ വീണ്ടും മടങ്ങിവന്നിരിക്കുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ കൊറോണ രോഗത്തിന്റെ വിളവെടുപ്പ് ഇപ്പോള്‍ ഇവിടെയാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണം എന്ന ക്രിസ്തുവചനത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കര്‍ണ്ണാടകപോലും പ്രവേശനത്തിന്റെ പേരില്‍ കേരളീയരോട് അയിത്തം കല്‍പ്പിച്ചു തുടങ്ങിയിരിക്കുന്നു. വാക്‌സിന്‍ എടുത്താലും ഇല്ലെങ്കിലും പ്രത്യേക നിരീക്ഷണത്തിന്റെ കരുതല്‍ തടങ്കലില്‍ അതിര്‍ത്തികടന്നെത്തുന്ന മലയാളികളെ പൂട്ടാന്‍ ഇതിനകംതന്നെ കര്‍ണ്ണാടകം തയ്യാറെടുത്തുകഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ പേരില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ എന്നു കേള്‍ക്കുന്നതുതന്നെ കര്‍ണ്ണാടകം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പേടിസ്വപ്‌നമായിരിക്കുന്നു. കേരളവുമായി അതിര്‍ത്തിപങ്കിടുന്ന ഒമ്പതു ജില്ലകളില്‍ എത്രയും വേഗത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യന്‍ പ്രഖ്യാപിച്ചതും ഭയത്തിന്റെ പേരിലാണ്. ഇന്ത്യയിലെ മൊത്തം കോവിഡ് ബാധിതരില്‍ 95 ശതമാനം കേരളത്തിലാണെന്നത് ആരെയാണ് ഭയപ്പെടുത്താതിരിക്കുന്നത്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിന്നെത്തുന്നവരുടെ ദേഹത്ത് മൃഗങ്ങള്‍ക്കു തൂല്യമായി കര്‍ണ്ണാടക ഉദ്യോസ്ഥര്‍ നടത്തിയ ചാപ്പകുത്തല്‍ വൃത്തികെട്ട നടപടിതന്നെയാണ്. ബാവലി ചെക്ക്‌പോസ്റ്റുവഴി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ മലയാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കൈയില്‍ ചാപ്പകുത്തിയതെന്നാണ് കര്‍ണ്ണാടകത്തിന്റെ ഔദ്യോഗിക ന്യായം. സംഗതി വിവാദമായതോടെ കര്‍ണ്ണാടകം ചാപ്പകുത്തല്‍ നിര്‍ത്തിയെങ്കിലും ചിന്തിക്കേണ്ടുന്ന ഒരു പ്രധാന കാര്യം ഉണ്ട്. എന്തുകൊണ്ട് കേരളം മാത്രം കൊറോണ വൈറസ്സിന്റെയും അത് സൃഷ്ടിക്കുന്ന രോഗത്തിന്റേയും പ്രിയസംസ്ഥാനമായി മാറുന്നു, അതിലൂടെ മറ്റു സംസ്ഥാനക്കാരുടെ നീരസത്തിനിരയാകുന്നു. മുമ്പ് കേരളം അവകാശപ്പെട്ടിരുന്ന ആരോഗ്യസംവിധാനത്തിന്റെ സകല അഭിമാനഗോപുരങ്ങളും എന്തേ ഒരുസുപ്രഭാതത്തില്‍ ഉലഞ്ഞ് മണ്ണോടുചേര്‍ന്നു എന്നും ഈ അവസരത്തില്‍ ആലോചിക്കേണ്ടതാണ്. വീണാജോര്‍ജ്ജ് എന്ന ആരോഗ്യമന്ത്രിയുടെ പൊള്ളയായ വാക്കുകള്‍ക്കും നയങ്ങള്‍ക്കും നേര്‍വിപരീതമാണ് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന രോഗവ്യാപന യാഥാര്‍ത്ഥ്യം. ‘റോമാനഗരം കത്തിയെരിഞ്ഞപ്പോള്‍ നിറോ ചക്രവര്‍ത്തി വീണ വായിച്ചതുപോലെ’ വീണാജോര്‍ജ്ജ് വീണവായിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനുദിനം രോഗികളുടെ എണ്ണം ഗ്രാഫിലൂടെ ആകാശം തൊടുമ്പോള്‍ താഴെ പരശുരാമ ഭൂമിയാകെ ശ്മശാനമായി പരിവര്‍ത്തനപ്പെട്ടിരിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം. അങ്ങനെ പ്രേതലോകമായി മാറിയ കേരളത്തില്‍ നിന്ന് ഉപജീവനത്തിനുവേണ്ടി മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് രക്ഷപ്പെട്ടോടുന്നവര്‍ക്ക് രാജ്യം രോഗത്തിന്റെ പേരില്‍ കല്‍പ്പിച്ചുനല്‍കിയിരിക്കുന്നത് ഒരു രണ്ടാംകിട പൗരത്വമാണ്. ആ ദുരവസ്ഥയിലേയ്ക്ക് കേരളത്തെ കൊണ്ടുചെന്നെത്തിച്ചത് ആരോഗ്യസംവിധാനത്തിലെ പാളിച്ചയാണ്. അഭിമാനത്തിന്റെ ഒട്ടനവധി അലുക്കുകള്‍ വാരിച്ചുറ്റി അടുത്തകാലംവരെ ഗര്‍വ്വോടെ ഞെളിഞ്ഞുനിന്ന കേരളം ആരോഗ്യവിഷയത്തില്‍ ഇപ്പോള്‍ അഭിമാനം നഷ്ടപ്പെട്ട തരുണിയെപ്പോലെ നമ്രമുഖിയായി വിതുമ്പുന്നു. കോവിഡിനെപ്പറ്റിയുള്ള ദൈനംദിന വാചാടോപങ്ങള്‍ക്കുമപ്പുറം പ്രായോഗികവും ശാസ്ത്രീയവുമായ സമീപനം അന്യം നിന്ന ഒരു സംസ്ഥാനത്തിന്റെ ലക്ഷ്യബോധമില്ലായ്മയായും അപക്വതയായും ഇതിനെ കാണാം. പാതിരാവില്‍ ചികിത്സയ്ക്ക് എന്ന പേരില്‍ ആശുപത്രികളില്‍ എത്തുന്ന ക്രിമിനലുകളാല്‍ എത്രയെത്ര ഡോക്ടര്‍മാരാണ് അടുത്തിടെ ആക്രമിക്കപ്പെട്ടത്. അതില്‍ വനിതാഡോക്ടമാരും ഉണ്ടായിരുന്നു എന്നതാണ് ആശ്ചര്യകരം. അക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് താന്‍ അറിഞ്ഞില്ലെന്ന മറുപടി പറഞ്ഞ ആരോഗ്യമന്ത്രി അടുത്തദിവസം താന്‍ അറിഞ്ഞു എന്ന് തിരുത്തിപറഞ്ഞതും കേരളം കേട്ടു. അങ്ങനെ അഭിപ്രായങ്ങളില്‍ ഒരു സ്ഥിരതപോലും കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത ആ മന്ത്രിയുടെ കാലത്താണ് കോവിഡ് കേരളത്തില്‍ റെക്കാര്‍ഡ് ‘നേട്ടം’ ഉണ്ടാക്കി മറ്റ് സംസ്ഥാനക്കാര്‍ക്ക് മുമ്പില്‍ മലയാളികളെ അവഹേളിതരാക്കിയിരിക്കുന്നത്. ഗൗരവതരമായ വിഷയങ്ങളിലെ മന്ത്രിയുടെ ഇത്തരം അപക്വമായ സമീപനം ആരോഗ്യരംഗത്ത് ഇതുവരെയില്ലാത്ത ക്രമവിരുദ്ധമായ ശൈലികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നുവെന്ന് പറയാതെ വയ്യ. ഇന്ത്യയിലെ തന്നെ പല പിന്നോക്ക സംസ്ഥാനങ്ങളും കോവിഡ് അതിജീവനപാതയില്‍ ബഹുദൂരം മുന്നേറിയിട്ടും കേരളം യാത്ര തുടങ്ങിയിടത്തുതന്നെ ഹതാശമായി നില്‍ക്കുകയാണ്. മുന്നില്‍ നിന്ന് വഴി നയിക്കേണ്ടവര്‍ക്ക് തന്നെ ദിശാബോധം നഷ്ടപ്പെട്ട സ്ഥിതിയായിരിക്കുന്നു. പകരം ദിശാബോധം നഷ്ടപ്പെടാത്ത കോവിഡ് മഹാമാരി കേരളത്തെ ഇന്ത്യയിലെ വിലക്കപ്പെട്ട സംസ്ഥാനമായി മാറ്റുകയും ചെയ്തിരിക്കുന്നു.

വാല്‍ക്കഷണം:
കോവിഡ് ജനങ്ങള്‍ക്ക് അസ്വസ്ഥകരമാം വിധം രോഗവും മരണവും നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാരിന് ഇന്ന് അതൊരു സാമ്പത്തിക ആശ്വാസമാണ്. ഒരുപക്ഷേ കേരളസര്‍ക്കാരിന്റെ മൗനപ്രാര്‍ത്ഥനപോലും അതിന്റെ പേരില്‍ കോവിഡ് ഇവിടെ നിന്ന് തല്‍ക്കാലം വിട്ടൊഴിയരുതെന്നായിരിക്കും. കാരണം, കോവിഡ് വഴി എത്രയോ പണം ഇതിനകം പെറ്റികേസിലൂടെ ഖജനാവിലേയ്ക്ക് ഒഴുകി എത്തിയിരിക്കുന്നു. നേരം വെളുക്കുമ്പോള്‍ കോവിഡിന്റെ പേരില്‍ ജനങ്ങളുടെ പോക്കറ്റ് കീറി പണം റാഞ്ചാന്‍ എത്രയോ പോലീസുകാരാണ് വഴിവക്കുകളില്‍, മറവില്‍, തിരുവകളില്‍ കാത്തുനില്‍ക്കുന്നത്. സംഗതി കോവിഡ് ബോധവല്‍ക്കരണത്തിന്റെ പേരിലുള്ള പിഴത്തുകകളാണെങ്കിലും കേരളത്തിലുടനീളം ആ ബോധപൂര്‍വ്വമായ തന്ത്രത്തിലൂടെ എത്ര ലക്ഷങ്ങളും കോടികളുമാണ് ഖജനാവ് നിറയ്ക്കുന്നതെന്ന് കൂടി ഓര്‍ക്കണം. ചില പോലീസ് മേലാളന്മാര്‍ തന്റെ കീഴ് ഉദ്യോഗസ്ഥരോട് ഓരോ ദിവസവും എത്രപണം പിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിക്കാറുണ്ടെന്നും കേള്‍ക്കുന്നു. ഒരുപക്ഷേ, സര്‍ക്കാരിന്റെ ആ പ്രാര്‍ത്ഥന കൊണ്ടുകൂടിയായിരിക്കും കോവിഡ് ഇവിടം വിടാത്തതെന്ന് തോന്നുന്നു.

Related posts

Leave a Comment