‘മമതയുടെ സ്വപ്നം കാണാനുള്ള അവകാശത്തെ ചോദ്യംചെയ്യുന്നില്ല ; അത് കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും അപകീർത്തിപ്പെടുത്തിക്കൊണ്ട് വേണ്ട എന്നുമാത്രം’ ; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

അഹങ്കാരത്തിന്റെയും അതിമോഹത്തിന്റെയും പെൺരൂപമാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 34 വർഷത്തെ സി പി എം കുത്തക ബംഗാളിൽ പൊളിച്ചതിനുശേഷമാണ് അവർ ഇത്രയേറെ അഹംഭാവിയായി മാറിയത്. മമതയുടെ ബി ജെ പി വിരോധം അത്രയൊന്നും കാഠിന്യമില്ലാത്തതാണ്. ഒരുഘട്ടത്തിൽ ബി ജെ പിയുമായി കേന്ദ്രത്തിൽ അധികാരം പങ്കിട്ടതുമൂലം അവരുടെ രാഷ്ട്രീയ സദാചാരത്തിന് ഭംഗം സംഭവിച്ചിരുന്നു. ബി ജെ പിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുകയും പാർലമെന്റിനകത്ത് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും പരിഹസിക്കാൻ അവർ കാണിക്കുന്ന ആവേശം ബി ജെ പിയെ സഹായിക്കുകയേയുള്ളൂ. രാഹുൽഗാന്ധി എല്ലാസമയത്തും വിദേശത്താണെന്നും അദ്ദേഹത്തിന് ബി ജെ പി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകാൻ സാധിക്കില്ലെന്നുമാണ് മമത അഭിപ്രായപ്പെട്ടത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയാകാനുള്ള മോഹമാണ് കോൺഗ്രസിനെതിരെ വാളെടുക്കാൻ മമതയെ പ്രേരിപ്പിക്കുന്നത്. അതിനുവേണ്ടി പല സംസ്ഥാനങ്ങളിലും അവർ കോൺഗ്രസിൽ നിന്ന് കൂറുമാറ്റം പ്രോത്സാഹിപ്പിക്കുകയാണ്. ഗോവ, ത്രിപുര, അസം, അരുണാചൽ പ്രദേശ്, തമിഴ്‌നാട്, മേഘാലയ, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് മമത ബാനർജി. 2021-ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല വിജയം നേടിയ തൃണമൂൽ കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കാൻ മോഹമുണ്ടായത് സ്വാഭാവികം. ഭാവി പ്രധാനമന്ത്രി എന്ന നിലയിലാണ് അവർ ഡൽഹിയിലും മുംബൈയിലുമൊക്കെ പറന്നിറങ്ങി പല പ്രാദേശിക പാർട്ടികളുമായി ചർച്ച നടത്തുന്നത്. എൻ സി പി നേതാവ് ശരദ് പവാറിനെ മുൻനിർത്തിയാണ് മമത കളിയാരംഭിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ വംഗനാടിന്റെ അതിര് വിട്ട് പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന മമത മേഘാലയയിൽ 12 കോൺഗ്രസ് എം എൽ എമാരെ കൂറുമാറ്റിക്കൊണ്ട് സഭയിലെ മുഖ്യ പ്രതിപക്ഷമായി. മറ്റ് സംസ്ഥാനങ്ങളിലും തൃണമൂലിന്റെ വിത്ത് വിതയ്ക്കാൻ മമത തയ്യാറെടുക്കുകയാണ്. കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷ ഐക്യത്തിനാണ് മമത പദ്ധതിയിട്ടിരിക്കുന്നത്. സമാജ്‌വാദി പാർട്ടി, എൻ സി പി, ആർ ജെ ഡി, എ എ പി, ശിവസേന തുടങ്ങിയ പാർട്ടികളുമായി അവർ ചർച്ച നടത്തിക്കഴിഞ്ഞു. കോൺഗ്രസിനെ മാറ്റിനിർത്തി പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 34 സീറ്റുകളിൽ വിജയിച്ച മമത ബാനർജി ബംഗാളിന് പുറത്തുനിന്ന് കുറേ സീറ്റുകൾ കരസ്ഥമാക്കി 50 സീറ്റുകളിലെത്താനുള്ള ശ്രമത്തിലാണ്. ബി ജെ പി കൂടുതൽ സീറ്റുകൾ നേടിയാലും രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായി സഭയിൽ ഉയരാനുള്ള ശ്രമത്തിലാണ്. മറ്റ് പ്രാദേശിക പാർട്ടികളെ കൂടി ചേർത്ത്പിടിച്ച് ഇരുനൂറിനടുത്ത് സംഖ്യയിലെത്തിയാൽ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശത്തിനുവേണ്ടി വാദിക്കാമെന്നാണ് മമതയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി നടത്തിയ വൻസന്നാഹങ്ങളുടെ മുമ്പിൽ പതറാതെ നിന്നുവെന്നാണ് മമത ബാനർജിയുടെ രാഷ്ട്രീയ സ്വീകാര്യത. കോൺഗ്രസുമായി പിണങ്ങി പിരിഞ്ഞുപോയ മമത ബാനർജി കരുത്ത് നേടിയത് ബി ജെ പിയോടുള്ള മൃദുസമീപനത്തിലൂടെയായിരുന്നു. ഒടുവിൽ ബി ജെ പി മുഖ്യശത്രുവായി തീർന്നു. സി പി എമ്മിന്റെ ദുർഭരണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഉപ ഉത്പന്നങ്ങളാണ് മമതയും തൃണമൂൽ കോൺഗ്രസും. 1997-ലാണ് മമത കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചത്. 1998ലും 99ലും ബി ജെ പിയുമായി സഖ്യമുണ്ടാക്കി തൃണമൂൽ ബംഗാളിൽ വേരുറപ്പിച്ചു. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞു മമത പുറത്തുപോയി. മമതയുടെ മോഹങ്ങൾ ഡൽഹിയോളം നീളുന്നത് ബംഗാളിലെ സീറ്റുകളുടെ മാത്രം ബലത്തിന്മേലാണ്. മമതയുടെ സ്വപ്നം കാണാനുള്ള അവകാശത്തെ ചോദ്യംചെയ്യുന്നില്ല. അത് കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും അപകീർത്തിപ്പെടുത്തിക്കൊണ്ട് വേണ്ട എന്നുമാത്രം.

Related posts

Leave a Comment