അമരീന്ദര്‍ സിങിന് എസ് എം കൃഷ്ണയെ ഓര്‍മ്മയുണ്ടോ…? : ക്യാപ്റ്റന്റെ രാഷ്ട്രീയ ഭാവി എന്താകും…? – രാഷ്ട്രീയ വിശകലനം

ഷൈബിന്‍ നന്മണ്ട

സോമനഹള്ളി മല്ലയ്യ കൃഷ്ണയ്ക്ക് മെയ് മാസം 88 വയസ്സ് പൂര്‍ത്തിയായി; 2017 ല്‍ 84-ാം വയസ്സില്‍ ബിജെപിയില്‍ ചേര്‍ന്നതോടെ രാഷ്ട്രീയ വനവാസത്തിലേക്ക് സ്വയം നിര്‍ഗമിക്കുകയായിരുന്നു എസ് എം കൃഷ്ണയെന്ന അതികായന്‍. നില്‍ക്കുന്ന ഇടം നഷ്ടപ്പെടുന്നു എന്ന തോന്നലോ, കൂടുതല്‍ സുമധുരസുന്ദരമായ ഭാവിയോ ലക്ഷ്യമാക്കിയാണ് പല രാഷ്ട്രീയ നേതാക്കളും അക്കരെപ്പച്ചകള്‍ തേടിപ്പോകാറുള്ളത്; ആദര്‍ശാത്മക നിലപാടുകളിന്മേലുള്ള ചുവടുമാറ്റമെല്ലാം അത്യപൂര്‍വ കഥ മാത്രം.

പക്ഷെ, 2018 മെയ്മാസം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായ് രാഷ്ട്രീയ പരകായപ്രവേശം നടത്തിയ എസ് എം കൃഷ്ണ, അതിനുശേഷം മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് നിഷ്‌ക്രമിക്കുകയും നിഷ്‌കാസിതനാവുകയും ചെയ്യുന്ന കാഴ്ചയാണുണ്ടായത്. ബെംഗളൂരു മഹാനഗരത്തിന്റെ മുഖച്ഛായ മാറ്റി അന്താരാഷ്ട്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയതടക്കം അനവധി അനവദ്യ വികസനങ്ങളുടെ ശില്പിയായിരുന്നു കൃഷ്ണ. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, മന്‍മോഹന്‍സിങ് തുടങ്ങിയ ഭരണകര്‍ത്താക്കള്‍ക്കൊപ്പം വര്‍ത്തിക്കുകയും കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം മുതല്‍ വിദേശകാര്യ മന്ത്രിപദം വരെ അലങ്കരിക്കുകയും ചെയ്ത, പദവികള്‍ അഹമഹമികയാ തേടിവന്ന ഒരാള്‍ ജീവിത സായാഹ്‌നത്തില്‍ എന്തിനാവും ബിജെപിയില്‍ അഭയം തേടിയത്? പുറത്ത് പറയുന്ന കാരണങ്ങള്‍ക്കപ്പുറം കുടുംബപരമായ നിലനില്‍പ്പിന്റെ ദിശയിലേക്ക് വരെ ആ കൂടുമാറ്റം ചര്‍ച്ചതിരിച്ചതാണ്; ‘കഫേ കോഫി ഡേ’ സ്ഥാപകനായ മരുമകന്റെ മരണത്തിലെ ദുരൂഹതയുള്‍പ്പെടെ പില്ക്കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയതുമാണ്. അതവിടെ നില്‍ക്കട്ടെ.

കൃഷ്ണ ബിജെപിയില്‍ ചേക്കേറിയ നാളുകളില്‍, നമ്മുടെ മാധ്യമങ്ങള്‍ എഴുതിയതെല്ലാം ഇന്ന് ഓര്‍ക്കാന്‍ രസമുണ്ട്. ഉപരാഷ്ട്രപതി പദവിയിലേക്ക് എസ് എം കൃഷ്ണയെ ബിജെപി പരിഗണിക്കുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അവര്‍ കവടിനിരത്തി. ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം! ഭൈരോണ്‍സിങ് ശെഖാവത്തിനു ശേഷം ഉപരാഷ്ട്രപതി പദവിയിലേക്ക് ബിജെപി നോമിനിയായി ‘ധീരോദാത്തനതിപ്രതാപ ഗുണവാനും വിഖ്യാത വംശനു’മായ കൃഷ്ണ വരുന്നുവെന്ന് നാടാകെ ഘോഷിക്കപ്പെട്ടു. പക്ഷെ നറുക്കുവീണത് ചിത്രത്തിലില്ലാതിരുന്ന വെങ്കയ്യ നായിഡുവിനാണെന്ന് മാത്രം. ദോഷം പറയരുതല്ലോ, ഈ വര്‍ഷത്തെ മൈസൂരു ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനുള്ള അവസരം ബിജെപി സര്‍ക്കാര്‍ അദ്ദേഹത്തിന് കനിഞ്ഞുനല്‍കിയിട്ടുണ്ട്! മഹാഭാഗ്യം.

കൃഷ്ണയുടെ സദാശിവ നഗറിലെ വസതിയ്ക്ക് മുമ്പില്‍ ആളും ആരവും ഒഴിഞ്ഞിട്ട് നാലു വര്‍ഷമായി. രാഷ്ട്രീയ വിസ്മൃതിയുടെ ക്ലാവുപിടിച്ചെങ്കിലും അതിനിടയില്‍ കൃഷ്ണ തന്റെ ആത്മകഥ പൂര്‍ത്തിയാക്കി- ‘സ്മൃതി വാഹിനി’; ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയസ്പന്ദനങ്ങളുടെ പരിച്ഛേദം. പണ്ടൊരിക്കല്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചതിനെതിരെ സൈക്കിള്‍ ചവിട്ടി കര്‍ണാടക വിധാന്‍ സഭയിലേക്ക് പോകുന്ന യൗവനയുക്തനായ കൃഷ്ണയുടെ പടം ആത്മപുസ്തകത്താളിലുണ്ട്. ഇന്ന് അത്തരമൊരു പ്രതിഷേധം കൃഷ്ണയ്ക്ക് സങ്കല്പിക്കാന്‍ പോലുമാകുമോ?

രാഹുല്‍ ദ്രാവിഡിന്റെ വിശ്രുതമായ പരസ്യവാചകം പോലെ: നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്?!

പട്യാലയിലേക്കുള്ള ദൂരം:

കൃഷ്ണയെ എടുത്തെഴുതിയത്, ക്യാപ്റ്റന്‍ അമരീന്ദര്‍സിങിനെ ബിജെപി പാളയത്തിലേക്ക് ക്ഷണിച്ചവരുടെ മനസ്സിലിരിപ്പ് എന്താവുമെന്ന് ഊഹിച്ചപ്പോഴാണ്. അശാസ്ത്രീയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരായ രോഷം തുടലറുത്തുപായുന്ന പഞ്ചാബിലും ഹരിയാനയിലും, ബിജെപിയാണെന്ന് പറഞ്ഞാല്‍ ജനം അടിച്ചോടിക്കുന്ന സ്ഥിതിയാണെന്ന് പരിണതപ്രജ്ഞനായ അമരീന്ദറിന് അറിയാത്ത കാര്യമല്ല. എന്‍ഡിഎ ക്കാരനായി അവതരിച്ചാല്‍ പോലും ഏറെക്കുറേ അതേ അളവില്‍ പ്രതിഷേധത്തിന് പാത്രമാകും. അത് മനസ്സിലാക്കിയാണല്ലോ ശിരോമണി അകാലി ദള്‍ രായ്ക്കുരാമാനം ബിജെപി പാളയത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. പഞ്ചാബി, സിഖ് വികാരങ്ങള്‍ക്ക് പഞ്ചാബ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ടെന്ന് നിസ്തര്‍ക്കം പറയാം. എന്നാല്‍ പഞ്ചാബില്‍ പോലും, പാക്കിസ്ഥാന്‍ വിരുദ്ധ-മുസ്‌ലിം വിരുദ്ധ മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തുന്നത്. അമിത്ഷായുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും ‘രാജ്യസുരക്ഷ’ എന്ന ചൂണ്ടയില്‍ നേരത്തെ തന്നെ അമരീന്ദര്‍ കൊത്തിയതുമാണ്. ജനം ആട്ടിയോടിക്കുമെന്ന് ഉറപ്പുള്ള ഒരിടത്ത് ചാരിനില്‍ക്കാന്‍ ഒരു അത്താണി ബിജെപിക്ക് അത്യാന്താപേക്ഷിതമാണ്. അമരീന്ദര്‍ സിങിനെ അങ്ങനെ മാത്രമാണ് ബിജെപി കാണുന്നത്. നവജ്യോത് സിങ് സിദ്ധു വിരുദ്ധവികാരം തലയ്ക്കുപിടിച്ച അമരീന്ദറാവട്ടെ, ‘രാഷ്ട്രീയ ഹരാകിരി’ക്ക് മുതിരുകയാണെന്ന് നിസംശയം പറയാം.

1984 ജൂണില്‍ സുവര്‍ണക്ഷേത്രത്തില്‍ ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ തമ്പടിച്ച ഖാലിസ്ഥാന്‍ തീവ്രവാദികളെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശാനുസരണം തുരത്തിയ ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാറി’ല്‍ പ്രതിഷേധിച്ചാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആദ്യമായി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. പാര്‍ലമെന്റംഗത്വം രാജിവെച്ച രണ്ട് എംപിമാരില്‍ ഒരാള്‍; രണ്ടാമന്‍ ദേവീന്ദര്‍സിങ് ഗാര്‍ച്ച. അമരീന്ദര്‍ അകാലിദളില്‍ ചേര്‍ന്നു. ബാദല്‍ കുടുംബത്തിന് സര്‍വാധിപത്യമുള്ള എസ് എ ഡിയില്‍ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. അധികം വൈകാതെ ‘ഘര്‍വാപസി’; രണ്ടുതവണ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരെയായി. ഇതിനിടെ ഝലം നദിയിലൂടെ ദശകോടി ഗ്യാലന്‍ വെള്ളം ഒഴുകിപ്പോയി.അന്നത്തെ അമരീന്ദര്‍ സിങ് അല്ല ഇന്ന്. മറ്റൊരു അങ്കത്തിനോ ശക്തമായ തിരിച്ചുവരവിനോ ക്യാപ്റ്റന് രാഷ്ട്രീയ ബാല്യവുമില്ല. ”പിരിയേണമരങ്ങില്‍ നിന്നുടന്‍/ ശരിയായിക്കളിതീര്‍ന്ന നട്ടുവന്‍…”
‘ചിന്താവിഷ്ടയായ സീത’യില്‍ കുമാരനാശാന്‍ കുറിച്ചുവെച്ച പ്രതിവിധി അമരീന്ദറിനും ബാധകമാണ്; താന്‍ ശരിയാംവിധം ആടിയിട്ടില്ലെന്ന തിരിച്ചറിവാണോ പുതിയ സാഹസങ്ങള്‍ക്ക് അമരീന്ദറിനെ പ്രേരിപ്പിക്കുന്നതെന്ന് നിശ്ചയമില്ല.

ബിജെപിയെ കണ്ട് കൊതിച്ച ഭൈമീ കാമുകന്മാരെല്ലാം ഇന്ന് എവിടെ എത്തിയെന്നെങ്കിലും ക്യാപ്റ്റന്‍ മനസ്സിലാക്കേണ്ടിയിരുന്നു. അധികാര തര്‍ക്കത്തെ തുടര്‍ന്ന് ബിജെപിയിലേക്ക് കൂറുമാറിയവരുടെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ എത്രപേര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടിയെന്നതും ചിന്തനീയമാണ്. ഒരു കാലത്ത് തലയെടുപ്പോടെ നിന്ന സുരീന്ദര്‍ജീത്ത് സിങ് അഹലുവാലിയയുടെ അവസ്ഥ അറിയാമോ? ദേശീയ സമിതി പുന:സംഘടിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ നിഷ്‌കരുണം എടുത്തെറിഞ്ഞു ബിജെപി. വടക്കു കിഴക്കന്‍ പ്രവിശ്യയിലെ ഒരു രാജ്ഭവനില്‍ നിശബ്ദം ഒതുക്കി കളഞ്ഞു, ഒരിക്കല്‍ രാജ്യസഭയില്‍ മാറ്റൊലികൊണ്ട ഡോ.നജ്മ ഹെപ്തുള്ള എന്ന ശബ്ദം. അതിനുശേഷം അവരും മൗനവല്മീകം പൂകി. ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിമാരെ അടിക്കടി മാറ്റി പരീക്ഷിച്ചപ്പോള്‍ സത്പാല്‍ മഹാരാജും വിജയ് ബഹുഗുണയും ഒരിക്കല്‍പ്പോലും പരിഗണിക്കപ്പെട്ടതേയില്ല. എന്‍ ടി ആറിന്റെ മകള്‍ ദഗ്ഗുബതി പുരന്ദേശ്വരി, യുപി മുഖ്യമന്ത്രിയായിരുന്ന ജഗദംബികാപാല്‍, എം കെ അക്ബര്‍, ചൗധരി വീരേന്ദ്രസിങ് ഉള്‍പ്പെടെ എത്രയോ ദേശാടനക്കിളികള്‍ ന്യൂഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ആസ്ഥാനത്ത് മുമ്പില്‍ ഭിക്ഷാംദേഹികളാവുന്നു
യുപിഎയില്‍ നിന്ന് മറുകണ്ടം ചാടിയ രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയെ അവസരം വന്നപ്പോള്‍ ഇല്ലാതാക്കുന്നതും കണ്ടു. ഘടകകക്ഷികളായിരുന്ന ശിവസേനയെയും അസംഗണ പരിഷത്തിനെയും ഐഎന്‍എല്‍ഡിയെയും പിഡിപിയെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെയും നിഷ്പ്രഭമാക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷിയാണ്. ഒപ്പം നില്‍ക്കുന്നവരെ ആവശ്യാനന്തരം വലിച്ചെറിയാന്‍ ബിജെപി മടിക്കാറില്ല; കാലത്തിന്റെ കാവ്യനീതി പോലെ ബിജെപിയെ തന്നെ ഇന്ത്യന്‍ ജനത വലിച്ചെറിഞ്ഞു കൊണ്ടിരിക്കയാണ്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി, ദാദ്ര ആന്റ് നഗര്‍ ഹവേലി ലോക്‌സഭാ സീറ്റുകളിലുള്‍പ്പെടെ ബിജെപിക്കുണ്ടായ ഉപതെരഞ്ഞെടുപ്പ് പരാജയം കാലത്തിന്റെ ചുവരെഴുത്താണ്. ഇത്രയേറെ അനുഭവങ്ങള്‍ മുമ്പിലുള്ളപ്പോള്‍, അഭ്യാസമുറ വശമുണ്ടായിട്ടും ജപ്പാനിലെ സമുറായിമാരെപ്പോലെ സ്വയം കുത്തിമരിക്കാനൊരുങ്ങുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനോട് സഹതപിക്കാതിരിക്കുന്നതെങ്ങനെ?

Related posts

Leave a Comment