ഓണദിവസങ്ങളിൽ വാക്സിനേഷൻ പുനഃക്രമീകരിക്കണമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം : ആരോഗ്യ പ്രവർത്തകരുടെ  മാനസികോന്മേഷവും വിശ്രമവും ഉറപ്പുവരുത്തുന്ന രീതിയിൽ ഓണദിവസങ്ങളിലെ വാക്സിനേഷൻ ക്രമീകരിക്കണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 20 മാസത്തിലധികമായി കോവിഡ് പ്രധിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടു അക്ഷീണം പലവിധ സമ്മർദ്ദങ്ങൾക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കു ആവശ്യമായ വിശ്രമം അനിവാര്യമാണ്. ഓണാവധി ദിവസങ്ങളിൽ കോവിഡ് വാക്‌സിനേഷൻ പരിപാടി ആവശ്യമായ മാനവ വിഭവ ശേഷിയുള്ള മേജർ ആശുപത്രികളിലായി പരിമിതപ്പെടുത്തുകയും തിരുവോണ നാളിൽ വാക്സിനേഷൻ പരിപാടി ഒഴിവാക്കുകയും ചെയ്യണമെന്നു കെജിഎംഒഎ ആവശ്യപ്പെട്ടു.
 കോവിഡ് വാക്സിനേഷൻ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത് എന്നതിനാൽ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ, രോഗീ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രധിരോധ കുത്തിവയ്പുകൾ എന്നിവക്ക് ഭംഗം വരാതെ കോവിഡ് വാക്സിനേഷൻ പരിപാടിക്കു വേണ്ടി പ്രത്യേകം സംവിധാനങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇത്തരം സംവിധാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കണം. പൊതു ജനാരോഗ്യ സംരക്ഷണത്തെ ഹാനികരമായി ബാധിക്കാതിരിക്കാനും സർക്കാർ ആശുപത്രികളുടെ സാധാരണ  പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാനും ഇത് അത്യാവശ്യമാണെന്ന് കെജിഎംഒഎ പ്രസിഡന്റ് ഡോ. ജിഎസ് വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ. ടിഎൻ സുരേഷ് എന്നിവർ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment