എൻമകജെയിലെ സ്ത്രീപക്ഷം- ഡോ കാർമലി ജോൺ എഴുതുന്നു

ഡോ കാർമലി ജോൺ


ഭൂമിയിൽ സർവ്വനാശം വിതയ്ക്കത്തക്കവിധം ഏതുതരത്തിലുള്ള വിഷവും സംവഹിക്കുന്ന ഹെലികോപ്റ്റർധാരികളായ നിരവധി മനുഷ്യ മനസ്സുകളിലേക്ക് അസ്വാരസ്യം പിരിമുറുക്കം തീർത്ത് ഒച്ചയില്ലാത്ത നിലവിളികളും ഉത്തരംകിട്ടാത്ത വേദനകളും ഉതിർത്തു എൻഡോസൾഫാൻ വിതച്ച ദുരന്ത കാഴ്ചകൾക്കപ്പുറം അവശേഷിക്കുകയാണ് അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ എന്ന നോവൽ. കുറെയേറെ യഥാർത്ഥ കഥാപാത്രങ്ങൾ ക്കപ്പുറം കഥാകാരന്റെ ഭാവനാസൃഷ്ടി മാത്രമായ ദേവയാനി എന്ന സ്ത്രീ അനുഭവിക്കേണ്ടിവന്നത് ഭാഷകൾക്ക് അനിർവചനീയമായ സഹനങ്ങളുടെ പെരുമഴക്കാലമാണ്. പ്രതിസന്ധികൾ ചമച്ച കടൽ ഭൂകമ്പത്തിൽ എതിരെ തള്ളൽ ഇന്ത്യൻ ഭീകരതയിൽ നിന്നും ഇന്നത്തെ സ്ത്രീ എന്തൊക്കെ വായിച്ച് എടുക്കണമെന്ന് ഉൾക്കാഴ്ചയാണ് സ്ത്രീ പക്ഷത്തു നിൽക്കുന്ന നോവലിസ്റ്റിനൊപ്പം ചേരുന്ന എന്റെ ചിന്തക്കും ഹേതു.

എല്ലാ അർത്ഥത്തിലും നാഗരികതയുടെ പൈശാചിക ഹസ് തത്താൽ പിച്ചിച്ചീന്തപ്പെട്ട ഒറ്റമുലച്ചി ആയിത്തീർന്ന ദേവയാനിക്ക് തിന്മകൾക്കെതിരെ പോരാടിയ നീലകണ്ഠനെ ആഖ്യാതാവ് ആശ്വാസത്തിന്റെ കച്ചിത്തുരുമ്പായി സമ്മാനിക്കുന്നത് അവളിൽ പ്രത്യാശ ജനിപ്പിക്കുവാനാണ്.
അവൻ തീർക്കുന്ന വിശ്വാസ കരാറുകൾക്കും പ്രതിജ്ഞ കൾക്കും മീതെ അവർ ഒന്നിക്കുമ്പോൾ സ്ത്രീക്ക് തന്റെ പേരും ഗർഭപാത്രവും ഉപേക്ഷിക്കേണ്ടി വരുന്നു ഭൂമിക്കു ചേരാത്തവളായി സ്വത്വം നഷ്ടപ്പെടുന്നു.

ദുരന്തത്തിന് ഇരയായ അനേകരിൽ തലനരച്ച് ചലം ഒലിപ്പിച്ചു അന്യഗ്രഹ ജീവിയെ അനുസ്മരിപ്പിക്കുന്ന നിശ്ചേഷ്ടനായ പരീക്ഷിത്ത് എന്ന കുഞ്ഞിനെ ഏറ്റെടുത്ത് വളർത്തുവാൻ തീരുമാനിച്ചുറപ്പിച്ചപ്പോൾ അനിയന്ത്രിതമായ ദേഷ്യത്തിന് നിഷ്കരുണം അവളിരയാവുന്നു അവൾ താൽക്കാലികമായെങ്കിലും ഉപേക്ഷിക്കപ്പെടുന്നു.

ഭൂമി പിളർന്ന് ഇറങ്ങാനും അഗ്നിശുദ്ധി നേടാനും ഒന്നും അവളെ വിട്ടുകൊടുക്കാതെ സ്വയം പ്രതിരോധത്തിൻെറ യും സ്വയം ബോധത്തിന്റെയും സ്ത്രീസഹജമായ ‘ കനിവു’ കളുടെയും ആത്മവിശ്വാസം കിളിർപ്പിക്കുന്ന ഒരു ‘കണ്ണാടി’ നൽകി അവളെ വീണ്ടെടുത്തത് ആൺകോയ്മ യെ വെല്ലുവിളിക്കാനുള്ള ചില തിരിച്ചറിവുകൾ പ്രദാനം ചെയ്ത് ഒരുക്കുവാനത്രേ!!
‘ മനുഷ്യരെക്കാളും സ്നേഹത്തോടും ഔദാര്യത്തോടും ക്ഷമയോടും കൂടി കണ്ണാടി തന്നെ കേൾക്കുമെന്ന ലോകതത്വം പരികൽപ്പിച്ചു നൽകി തന്റെ സങ്കടങ്ങൾ പറയിക്കുവാൻ ആവിഷ്കരിച്ച കഥാകാരന്റെ ‘കാല’സൃഷ്ടി വൈഭവവും, സവിശേഷഖ്യാനാരൂപഭദ്ര ചാരുതയും ലോകോത്തര സാഹിത്യ നഭസ്സിലെ അതിശയ മഴവില്ലായി സഹൃദയ മനസ്സിലും പീലി വിടർത്തുന്നു.

ഈ ഭൂമിയിൽ ജീവിക്കുവാനു ള്ള ഏതൊരു മനുഷ്യന്റെയും അവകാശ സമരത്തിൽ പങ്കുചേരുന്ന പത്രപ്രവർത്തകനായ ശ്രീരാമൻ സ്വർഗ’യിലെ നരക ദുരിത താഴ്‌വരകളിൽ മരുന്നാ കുന്ന ഡോക്ടർ അരുൺ കുമാർ, സ്ഥലത്തെ രാഷ്ട്രീയ ദിവ്യന്റെ കാപട്യം ആദ്യം തിരിച്ചറിയുന്ന ജയരാജനും ഒപ്പം ‘സ്ത്രീ’യും കൈകോർക്കുന്നു.

മണ്ണിനോടും പെണ്ണിനോടും സർവ്വ ജീവജാലങ്ങളോടും ചെയ്ത നിലയ്ക്കാത്ത തെറ്റുകൾക്ക് ശിക്ഷ യെ ന്നോണം വിഷം തീണ്ടി ചാവുന്ന നേതാവ് സ്ത്രീയുടെ അന്തിമ വിജയമാണ്.

വളർച്ച മുരടിച്ച വൈരൂപ്യങ്ങൾ മനസ്സാക്ഷിയെ നടക്കുമ്പോൾ മറ്റു നേട്ടങ്ങൾ അതുവഴി കൊയ്യുന്ന പൊയ്‌മുഖങ്ങളെ ഉദ്യോഗമാഫിയകളുടെ രഹസ്യ ബന്ധങ്ങളെ ഭരണവർഗ്ഗത്തിന്റെ നിശ്ചേതനയെ നിശിതമായ ഭാഷയിൽ വിമർശിക്കാനും സത്യത്തിന്റെയും നന്മയുടെയും കുന്നുകൾക്കിടയിൽ സ്വസ്ഥമായി കിടന്ന സുരങ്കങ്ങളുടെ നാട്ടിലുണ്ടായ രോഗങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും സ്ത്രീക്ക് പാഠഭേദം സ്ത്രീ വാദിയായ കഥാകാരൻ കൃതിയിലൂടെ വെളിവാക്കുന്നു.

‘ഈ സീക്ക്ഗെ ന്റെ കൈത്ത് മർന്നില്ല’ [ഈ രോഗത്തിന് എന്റെ കൈയ്യിൽ മരുന്നില്ല] എന്ന് ആശങ്കപ്പെട്ട് പരിതപിച്ച് നിസ്സഹായനായി കൈമലർത്തുന്ന ജഠാധാരി മലയിലെ നാട്ടുവൈദ്യൻ എൻമകജെയുടെ മൂപ്പൻ പഞ്ചിക്കുമറിയാം പരിഹാരമില്ലാത്തവിധം പെരുകുന്ന സ്ത്രീയോടുള്ള കുറ്റകൃത്യങ്ങൾക്ക് മറുമരുന്നില്ലെന്നുള്ളത്.
സമൂഹത്തിലെ സർവ്വ മാലിന്യങ്ങളും ദുർഗന്ധങ്ങളും ദുഃഖങ്ങളും പാപങ്ങളും മനുഷ്യപ്പറ്റില്ലാതെ ദേവയാനിയെന്ന സ്ത്രീയെ വരിഞ്ഞു മുറുക്കുമ്പോൾ വലിയ പ്രതീക്ഷയായി ഉയരേണ്ട പുരുഷൻ കൽപ്പിച്ചത് മനുഷ്യരുമായി ബന്ധങ്ങൾ ഉണ്ടാവാൻ പാടില്ലെന്നും ഓർമ്മകൾ ഉണ്ടാവരുത് എന്നുമ ത്രേ. അതാണ് ഏറ്റവും കഠിനം.

‘ നിന്റെ കൂടെ താമസിക്കുന്നതിനും നല്ലത് മരണമാണെന്ന്’ അവൾ പറയുന്നു.ചൂടും ദാഹവും നിസ്സഹായതയും കോരിയൊഴിച്ച് ഉച്ചിയിൽ കത്തുന്ന സൂര്യനായി ലോകം അവൾക്കു മുൻപിൽ ഉറഞ്ഞാടുമ്പോൾ ശക്തയായ സ്ത്രീ അവളിൽ നിന്ന് പുറത്തുചാടി സമൂഹത്തോട് സംവദിക്കുന്നു.

ഭൂതകാലത്തിന്റെ നന്മകളൊന്നും ഓർമ്മിച്ചെടുക്കാൻ ഇല്ലാഞ്ഞിട്ടും വർത്തമാനകാലത്തിലെ ജീവൽ പ്രശ്നങ്ങളിൽ അവൾ ഇടപെടുന്നു. അതുകൊണ്ടാവാം വെറും സ്ത്രീയായി കലമ്പുന്ന ദേവയാനിയുടെ നഗ്നതയിൽ നിന്നോ ഒറ്റ മുലയുള്ള ശരീരത്തിൽ നിന്നോ കരച്ചിലുകൾ ജനിച്ചില്ല എന്നത്. മാതൃത്വത്തി ന്റെ കണ്ണ് ദുരന്തങ്ങളിലേക്ക് ചൂ ട്ടു പിടിക്കുവാനായി കഥാകൃത്ത് തെരഞ്ഞെടുത്തതും അതുകൊണ്ടാവാം.

പഞ്ചി എന്ന ആദിവാസി മൂപ്പനെ പോലെ ആത്മ വേദനയുണ്ടെന്ന് എൻമകജെയുടെ ആഖ്യാതാവ്….ബലീ ന്ദ്രന്റെ ‘കഴുതജന്മമെടുത്തു കുറേ പറയാനുണ്ട്’ എന്ന് പറയുമ്പോൾ നിശബ്ദതയോടെ കേൾക്കുന്ന ഗുഹാ ജീവികളെ പോലെ….
പാരിസ്ഥിതിക, സാമൂഹിക, സാംസ്കാരിക, ഭാഷാചരിത്ര പ്രശ്നങ്ങളിൽ ഉഴലുന്ന ഇന്നിന്റെ ഒരുപാട് പ്രശ്നങ്ങൾക്ക് ഒരുത്തരം തേടുമ്പോൾ ഈ നോവൽ സ്മരണ തീവ്രമാകുന്നു.

ലോകോത്തര ഭാഷകളിലേക്ക് ഈ നോവൽ വിവർത്തനം ചെയ്യപ്പെടണമേ എന്നതാണ് എന്റെ എളിയ പ്രാർത്ഥനയും ആശംസയും..!!!

Related posts

Leave a Comment