ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതി കീഴടങ്ങി

കൊച്ചി:  ഡോക്ടറെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടത്തല സ്വദേശി മുഹമ്മദ് കബീറാണ് അറസ്റ്റിലായത്. ശനിയാഴ്ച ഇയാള്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഓഗസ്റ്റ് മൂന്നാം തീയതിയാണ് പൂക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടറായ ജീസന്‍ ജോണിയെ മുഹമ്മദ് കബീര്‍ മര്‍ദിച്ചത്. കോവിഡ് ബാധിച്ച ഭാര്യയുമായാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നഴ്‌സിന്റെ സാന്നിധ്യത്തില്‍ പരിശോധന നടത്തുന്നതിനിടെ ഡ്യൂട്ടി ഡോക്ടറെ ഇയാള്‍ മര്‍ദിക്കുകയായിരുന്നു. അനുവാദമില്ലാതെ ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇതോടെ ഐ.എം.എ. പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞദിവസം റൂറല്‍ എസ്.പി.യുടെ ഓഫീസിന് മുന്നില്‍ ഐ.എം.എ.യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ ധര്‍ണയും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട്‌ തേടിയിട്ടുണ്ട്.

Related posts

Leave a Comment