പാര്‍ലമെന്റിനെ വന്ധീകരിക്കരുത് ; വീക്ഷണം എഡിറ്റോറിയൽ വായിക്കാം


ചര്‍ച്ചയ്ക്കും വിയോജിപ്പിനുമുള്ള അവകാശം അനുവദിക്കാതെ എന്ത് ജനാധിപത്യമാണ് രാജ്യത്ത് നടപ്പാക്കുക. ഏകാധിപത്യ രാജ്യങ്ങളിലും മതാധിഷ്ഠിത രാജ്യങ്ങളിലും ഭരണഘടനയും പാര്‍ലമെന്റും തെരഞ്ഞെടുപ്പുമൊക്കെ കേവലം മുക്കുപണ്ടങ്ങളാണ്. അതിന്റെ തിളക്കം വ്യാജമായിരിക്കും. ഇന്ത്യയിലും ഇപ്പോള്‍ നടക്കുന്നത് അതുതന്നെയാണ്. ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ച കൂടാതെ നിയമങ്ങളും നിയമ ഭേദഗതികളും കൊണ്ടുവരികയും അത് പാസ്സാക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ കൃത്രിമ മാര്‍ഗത്തിലൂടെയാണ്. കാരണം കൂടാതെ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് ബഹളത്തിലൂടെ ബില്ല് പാസ്സാക്കിയെടുക്കുക എന്നത് ബി ജെ പിയുടെ സൂത്രവിദ്യയാണ്. രാജ്യസഭയില്‍ പന്ത്രണ്ട് അംഗങ്ങളെ പുറത്താക്കി ശീതകാല സമ്മേളനം മുഴുനീളെ ബഹളമയമാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കഴിഞ്ഞ സമ്മേളനക്കാലത്ത് നടന്ന സംഭവത്തിന്റെ പേരിലാണ് ഈ സമ്മേളനത്തില്‍ അംഗങ്ങളെ പുറത്താക്കുന്നത്. ഇത് പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ വലിയ വിലയോ മഹത്വമോ കല്‍പ്പിക്കാറില്ല. ക്രിയാത്മകതയല്ല അവരുടെ ശൈലി പ്രകോപനമാണ്. സഭയിലുള്ള ഭൂരിപക്ഷം എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല. വിവാദപരമായ മൂന്ന് കര്‍ഷക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയതും വമ്പിച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ അത് പിന്‍വലിച്ചതും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ്. എന്തിനുവേണ്ടിയായിരുന്നു കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയതെന്നും അത് പിന്‍വലിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്നും അറിയാനുള്ള അവകാശം പാര്‍ലമെന്റിനുണ്ട്. അധികാര വിനിയോഗം സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുകയാണ്. ഓരോ ഓര്‍ഡിനന്‍സിന്റെയും ബില്ലിന്റെയും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ജനവിരുദ്ധ ആശയങ്ങളെ സംബന്ധിച്ച് സുപ്രീംകോടതി പോലും ആശങ്കപ്പെട്ടിട്ടും സര്‍ക്കാരിന് യാതൊരു കുലുക്കവുമില്ല. ദ്രോഹപരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് പ്രതിപക്ഷത്തിന്റെ മാത്രം ആവശ്യമല്ല. ഭരണപക്ഷവും സമ്മതിച്ച കാര്യമാണ്. എന്നിട്ടും നിയമം പിന്‍വലിച്ചതിനെ സംബന്ധിച്ച് ചര്‍ച്ച അനുവദിക്കാത്തത് പാര്‍ലമെന്റിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ്. ഇത് ജനാധിപത്യ വിരുദ്ധമാണ്. പാര്‍ലമെന്റിനെ മാത്രമല്ല ഭരണപക്ഷം അപമാനിക്കുന്നത്. പാര്‍ലമെന്റിന്റെ സ്ഥിരസമിതിയെയും സെലക്ട് കമ്മിറ്റിയെയും നോക്കുകുത്തികളാക്കിയാണ് ബില്ലുകള്‍ പാസ്സാക്കുന്നത്. ചര്‍ച്ചകൂടാതെ നിയമം പാസ്സാക്കുന്നതുവഴി അവ്യക്തതയും അപാകതയും നിയമത്തില്‍ കുന്നുകൂടുന്നു. ഇത് വിശദീകരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ലോകോത്തരമായ ആശയങ്ങളും കാഴ്ചപ്പാടുമുള്ള ഇന്ത്യന്‍ ഭരണഘടനയെ ലോക രാഷ്ട്രങ്ങള്‍പോലും പ്രകീര്‍ത്തിച്ചതും മാതൃകയായി സ്വീകരിച്ചതുമാണ്. എന്നാല്‍ ഏകാധിപത്യ രാഷ്ട്രങ്ങളും ഭരണാധികാരികളും ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിക്കാറുണ്ട്. അവരുടെ മാതൃകയാണ് നരേന്ദ്രമോദിയും ബി ജെ പിയും സ്വീകരിച്ചിരിക്കുന്നത്. ഉലയിലിട്ട് പാകപ്പെടുത്തിയ സ്വര്‍ണംപോലെ അതിന്റെ ആമുഖം മുതല്‍ അവസാനംവരെ പ്രൗഢമാണ്. പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെയും ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത പ്രതിനിധികളെ അനുവദിക്കാതിരിക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇന്ത്യയെന്ന വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും നാടിനെ ഏകോപിപ്പിച്ച് നിര്‍ത്തുന്നത് നമ്മുടെ ഭരണഘടനയാണ്. ജനാധിപത്യവും മതനിരപേക്ഷതയും ജുഡീഷ്യറിയും ഫെഡറലിസവും സംരക്ഷിക്കപ്പെടുന്നത് ഭരണഘടനയുടെ തണലും തണുപ്പും കാരണമാണ്. നിയമനിര്‍മ്മാണത്തിനുള്ള പാര്‍ലമെന്റില്‍ ചര്‍ച്ചയും സംവാദവും അനുവദിക്കപ്പെടാത്തത് ജനാധിപത്യവിരുദ്ധമാണ്. ചര്‍ച്ചയില്ലാത്ത പാര്‍ലമെന്റ് വന്ധ്യമായ വിത്തുപോലെയാണ്.

Related posts

Leave a Comment