രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിൽ വിടരുത് ; മാർഗ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ തിങ്കളാഴ്ച മുതൽ പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കാനിരിക്കെ കുട്ടികൾക്കുള്ള ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങളുള്ളവർ ആരും തന്നെ സ്‌കൂളിൽ പോകരുത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രക്ഷിതാക്കളും എല്ലാവരും പാലിക്കണം. പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ കോവിഡ് സമ്പർക്ക പട്ടികയിലുള്ളതോ ആയ ആരും ഒരു കാരണവശാലും സ്‌കൂളിൽ പോകരുത്. വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റ് ജീവനക്കാർ, സ്‌കൂൾ ബസ് ജീവനക്കാർ, കുട്ടികളെ സ്‌കൂളിൽ വിടാൻ വരുന്നവർ തുടങ്ങി എല്ലാവർക്കും ഇത് ബാധകമാണ്. അധ്യാപകർ, മറ്റ് ജീവനക്കാർ, സ്‌കൂൾ ബസ് ജീവനക്കാർ എന്നിവർ രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം. 15 വയസിന് മുകളിലുള്ള എല്ലാ വിദ്യാർത്ഥികളും വാക്‌സിനെടുക്കണം. മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക. നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കരുത്. യാത്രകളിലും സ്‌കൂളിലും ആരും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.
പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാൻ പാടുള്ളതല്ല.
ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റർ അകലം പാലിച്ച് കുറച്ച് വിദ്യാർത്ഥികൾ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല. അടച്ചിട്ട സ്ഥലങ്ങൾ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം. വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ രോഗലക്ഷണങ്ങൾ കണ്ടാൽ സമീപത്തുളള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടണം. വ്യാപനം കുറഞ്ഞെങ്കിലും കോവിഡിൽ നിന്നും നമ്മൾ ഇപ്പോഴും മുക്തരല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അതിനാൽ കോവിഡിന്റെ ബാലപാഠങ്ങൾ എല്ലാവരും ഓർമ്മിക്കണം. ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ പ്രവർത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടണം

Related posts

Leave a Comment