സിപിഎമ്മിന്റെ അടിമപ്പണി വേണ്ടെന്ന് സിപിഐയിൽ ഒരു വിഭാ​ഗം, പാർട്ടി ലൈൻ മറികടക്കുന്നതിൽ കടുത്ത അതൃപ്തി

തിരുവനന്തപുരം: ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ അടിമപ്പണി വേണ്ടെന്ന് സിപിഐയിൽ ഒരു വിഭാ​ഗം ശക്തമായി ആവശ്യപ്പെടുന്നു. മുന്നണിയുമായി ആലോചിക്കാതെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിലും വകുപ്പ് മന്ത്രിമാർ പോലും അറിയാതെ വകുപ്പ് തലത്തിൽ തീരുമാനങ്ങളെടുക്കുന്നതും ഇനിയും കണ്ടിരിക്കാനാവില്ലെന്നാണ് ഈ വിഭാ​ഗം പറയുന്നത്. പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ ഉയരുന്ന വിമർശനങ്ങൾ നാളെ ആരംഭിക്കുന്ന സിപിഐ ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ പ്രതിഫലിക്കും.
റവന്യൂ, കൃഷി, ഭക്ഷ്യം, വകുപ്പുകളിൽ സർക്കാർ സ്വീകരിക്കുന്ന പല നിലപാടുകളും മാധ്യമങ്ങളിലൂടെയാണ് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ പോലും അറിയുന്നത്. ജില്ലാ കലക്റ്റർമാരുടെ നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും ഇതു വളരെ പ്രകടമായിരുന്നു. റവന്യൂ മന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. സിപിഐയുടെ വകുപ്പുകളിൽ മാത്രമല്ല വനം, ജലസേചനം തുടങ്ങിയ വകുപ്പുകളിലും ഇതാണ് നയം. സിപിഎം മന്ത്രിമാർക്കു പോലും അപ്രാപ്യനായ മുഖ്യമന്ത്രിയെ എല്ലാ മന്ത്രിമാരും ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നാണ് സംബോധന ചെയ്യുന്നത്. വിഎസിന്റെ കാലത്തു പോലും മറ്റു മന്ത്രിമാർക്ക് അദ്ദേഹത്തെ സഖാവ് എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇ.കെ. നായനാർ പൂർണമായും പാർട്ടിക്കു വിധേനായി ഭരിച്ചപ്പോൾ വിഎസ് പാർട്ടിയെയും അന്നത്തെ സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും അവ​ഗണിച്ചാണു മുന്നോട്ടു നീങ്ങിയത്.
എന്നാൽ, പാർട്ടിയെ വരുതിക്കു നിർത്തിയും മുഴുവൻ വകുപ്പുകളെയും സ്വന്തം കാലച്ചുവട്ടിലാക്കിയും ഏകാധിപത്യ ശൈലിയിലാണ് പിണറായിയുടെ ഭരണമെന്നാണ് സിപിഐയിലെ ഒരു വിഭാ​ഗം വാദിക്കുന്നത്. ഇവരെ തൃപ്തിപ്പെടുത്താനും നേതൃത്വത്തിന്റെ വിലപേശൽ തന്ത്രം ബോധ്യപ്പെടുത്താനുമാണ് കാനം രാജേന്ദ്രൻ ലോകായുക്ത വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.
ലോകായുക്ത വിഷയത്തിൽ കാനം രാജേന്ദ്രൻ എതിർപ്പ് തുടരുമ്പോൾ ഇനി എന്ത് എന്നതിൽ സിപിഐയിലും ആശയക്കുഴപ്പമുണ്ട്.
ഒന്നാം പിണറായി സർക്കാരിൻറെ തുടക്ക കാലത്തെ സ്പെല്ലിംഗ് മിസ്റ്റേക്കുകളിൽ കാനം രാജേന്ദ്രൻ എതിർപ്പ് അറിയിച്ചിരുന്നു.

വിവരാവകാശ നിയമത്തിൻറെ പല്ല് കൊഴിക്കാനുള്ള നീക്കത്തിനെതിരെയും അതിരപ്പിള്ളിയിലും എല്ലാം നിലപാട് നിവർന്നു പറഞ്ഞു. മുന്നണിയിൽ ആശാൻമാർ തുടങ്ങി വച്ച തിരുത്തൽ വാദങ്ങൾ തുടർന്ന പിൻഗാമി പിന്നെ പിന്നെ ഇത്തരം എതിർപ്പുകളുടെ കാര്യത്തിൽ എങ്ങോ മറഞ്ഞു. പാർട്ടി ഏറ്റവും വലിയ ചോദ്യം നേരിട്ടത് കേരള കോൺഗ്രസ് എമ്മിനെ പ്രവേശന കാലത്താണ്. തുടക്കത്തിൽ എതിർത്ത സിപിഐ പിന്നീട് പൂർണമായും മയപ്പെട്ടതിൽ ഏറ്റവും വിമർശനം കേട്ടത് കാനം രാജേന്ദ്രനാണ്. എതിർപ്പുമായി എകെജി സെൻററിലേക്ക് ഉഭയകക്ഷി ചർച്ചക്ക് പോകുന്ന സിപിഐ നേതൃത്വം മയപ്പെട്ട് തിരികെ ഇറങ്ങുന്നതിൽ പാർട്ടിയിൽ നിന്നും വരെ വിമർശനമുയർന്നിരുന്നു. ഏറ്റവും ഒടുവിൽ സിൽവർ ലൈനിൽ സിപിഐ സ്വീകരിച്ച നിലപാടിനെയും വിമർശകർ വെല്ലുവിളിക്കുന്നു. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വികസനത്തെ എതിർക്കുന്ന പാർട്ടി ലൈനിനു വിരുദ്ധമായ ലൈനാണ് സിൽവർ ലൈനിൽ നേതൃത്വം കാണിച്ചതെന്നാണ് വിമർശനം. നാളെ തുടങ്ങുന്ന സംസ്ഥാന സമ്മേളന പ്രാഥമിക സമ്മേളനങ്ങളിൽ നേതൃത്വത്തിനെതിരേ കടുത്ത വിമർശനമാണ് ഉ‌യരുക.

Related posts

Leave a Comment