മണിക്കൂറുകൾക്കുളളിൽ വന്ന അനുപമയുടെ ഫലവും ‘2 വര്‍ഷമായിട്ടും വരാത്ത ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ ടെസ്റ്റ് ഫലവും’ ; ട്രോള്‍ പെരുമഴ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഡി.എൻ.എ ഫലം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ബിനോയ് കോടിയേരിയുടെ ഡി.എൻ.എ പരിശോധനയും കേസുമാണ്. മണിക്കൂറുകൾക്കുള്ളിൽ അനുപമയുടെ കുഞ്ഞിന്റെ ഡി.എൻ.എ ഫലം പുറത്തുവന്നതോടെ ‘ഇത്ര പെട്ടന്ന് പുറത്തുവരുന്ന ഒന്നാണോ ഡി.എൻ.എ’ ഫലം എന്ന് ആശ്ചര്യത്തോടെയാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ഇതോടെ, സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. ‘ഡി.എൻ.എ ഫലം രണ്ട് ദിവസം കൊണ്ട് അറിയുമോ? എന്നിട്ട് ബിനോയ് സെറിന്റെ മാത്രം രണ്ട് കൊല്ലമായിട്ടും വന്നില്ലല്ലോ’ എന്നാണു ശങ്കു ടി ദാസ് ഒരു മാധ്യമത്തിന്റെ വാർത്തയ്ക്ക് അടിയിൽ കമന്റ് ചെയ്തത്. നിരവധി പേരാണ് സമാന സംശയം ഉന്നയിക്കുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാവായ കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്റെ പേരിൽ ഉയർന്നു വന്ന പീഡന പരാതിയിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന ആരോപണവും ഉണ്ട്. കേസിൽ ഡി.എൻ.എ. പരിശോധന ഫലം ലഭിക്കാൻ കാലതാമസമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ രണ്ട് വര്ഷം മുൻപ് കോടതിയെ അറിയിച്ചിരുന്നു. കേസിൽ ഇതുവരെ യാതൊരു തീർപ്പും കല്പിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.

രണ്ട് വർഷത്തിന് മേലെയായി ബിനോയ് കോടിയേരിക്ക് എതിരെ കേസ് വന്നിട്ട്. ബീഹാറി പെൺകുട്ടിയാണ് ബിനോയ്ക്കെതിരെ കേസുമായി രം​ഗത്തെത്തിയത്. എട്ട് വർഷത്തിലധിമായി ബിനോയ് തന്നെ പീഡിപ്പിക്കുകയാണെന്നും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നുമായിരുന്നു യുവതിയുടെ വാദം. എന്നാൽ അതെല്ലാം പാടെ നിഷേധിക്കുകയായിരുന്നു ബിനോയ് കോടിയേരി. മാത്രമല്ല തന്റെ ഡി എൻ എ ഫലത്തിലൂടെ താൻ നിരപരാധി ആണെന്ന് തെളിയും എന്നായിരുന്നു ബിനോയ് വാദിച്ചത്. എന്നാൽ, വാദം തെളിയിക്കാൻ പാകത്തിന് ഡി.എൻ.എ ഫലം പുറത്തുവന്നില്ലല്ലോ എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. നിരപരാധി ആണെന്ന് പറഞ്ഞിട്ട് മാത്രം കാര്യമില്ല. അത് തെളിയിക്കാൻ കഴിയണം എന്നാണു സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

Related posts

Leave a Comment