ഡിഎംകെ നൽകിയത് 25 കോടി; മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം

നിസാർ മുഹമ്മദ്‌

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് ജനങ്ങളിൽ ആശങ്ക പടരുമ്പോഴും തമിഴ്നാടിന് അനുകൂലമായി നിരന്തരം ഇടപെടൽ നടത്തുന്ന സംസ്ഥാന സർക്കാർ നടപടികളും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനവും ദുരൂഹം. മുല്ലപ്പെരിയർ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ നൽകുന്ന അടിയന്തര പ്രമേയ നോട്ടീസിന് നേരിട്ട് മറുപടി പറയാതെ വകുപ്പ് മന്ത്രിമാരെ ഏൽപ്പിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഇതിനിടെയാണ്, തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും സിപിഐക്കുമായി ഡിഎംകെ നൽകിയ 25 കോടി രൂപയുടെ കണക്കിനെക്കുറിച്ച് വിവാദമുയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഡിഎംകെ നൽകിയ കണക്കിലാണ് 25 കോടി രൂപ ഇരുപാർട്ടികൾക്കുമായി നൽകിയ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. സിപിഐയുടെയും സിപിഎമ്മിന്റെയും രണ്ടു വീതം സ്ഥാനാർത്ഥികൾ മാത്രമാണ് തമിഴ്നാട്ടിൽ മൽസരിച്ചതെന്നിരിക്കെ മുല്ലപ്പെരിയാർ വിഷയത്തിൽ മൃദുസമീപനം സ്വീകരിക്കുന്നതിന് വേണ്ടിയാണോ 25 കോടി രൂപ സ്വീകരിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്. പണം നൽകിയ ഡിഎംകെയുടെ നടപടി തമിഴ്നാട്ടിൽ വിവാദമാവുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഇന്നലെ വനം മന്ത്രി എകെ ശശീന്ദ്രനുമാണ് മുല്ലപ്പെരിയാർ വിഷയത്തിൽ മറുപടി നൽകിയത്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടും പിണറായി വിജയൻ മൗനം തുടരുകയാണ്. ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് ഇറക്കിയ ഉത്തരവ് സാമാന്യ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ലെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. മാവിലായിക്കാരനെപ്പോലെയാണ് മുഖ്യമന്ത്രി സഭയിൽ ഇരിക്കുന്നത്. എന്ത് താല്‍പര്യത്തിന്റെ പുറത്താണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നു വ്യക്തമാക്കണം. സി.പി.എം കേന്ദ്ര നേതൃത്വം മുല്ലപ്പെരിയാറില്‍ ഡാം വേണ്ടെന്ന തമിഴ്‌നാട് നിലപാടിനൊപ്പമാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ നാലു പേര്‍ മാത്രം മത്സരിച്ച സി.പി.എമ്മിനും സി.പി.ഐക്കും ഡി.എം.കെ 25 കോടി രൂപ സംഭാവന നല്‍കിയത് തമിഴ്‌നാട്ടില്‍ വിവാദമായിരുന്നു. ഈ പശ്ചാത്തല്‍ത്തില്‍ കൂടിയാണ് രാഷ്ട്രീയ തീരുമനം ആണോയെന്നു സംശയിക്കുന്നത്. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായാണ് മരം മുറിക്കാന്‍ ഉത്തരവ് നല്‍കിയത്. ഇത് കേരളത്തിന്റെ വാദത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment