നാട്ടുകാരെ തഴഞ്ഞ് ഇതര സംസ്ഥാനക്കാർക്കു ജോലി: കിറ്റക്സിനെതിരേ തൊഴിൽ വകുപ്പ് അന്വേഷണം തുടങ്ങി

കൊച്ചി: കിഴക്കമ്പലത്ത്കിറ്റക്സിൽ വളരെക്കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സാഹചര്യം തൊഴിൽവകുപ്പ് അന്വേഷിക്കും. തൊഴിലാളികളെക്കുറിച്ചും അവർക്ക് നൽകുന്ന ആനുകൂല്യങ്ങളെകുറിച്ചും വിവരം നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബർ ഓഫീസർ കിറ്റക്സിന് കത്ത് നൽകിയിട്ടുണ്ട്. ഇതിൻറെ മറുപടി ലഭിച്ച ശേഷമായിരിക്കും തുടർന്നുള്ള നടപടികളെന്നു ഡിഎൽഒ അറിയിച്ചു. പ്രാദേശികതലത്തിൽ ആയിരക്കണക്കിന് ആളുകൾ തൊഴിലിനു വേണ്ടി നെട്ടോട്ടമോടുമ്പോഴാണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ കൂട്ടത്തോടെ റിക്രൂട്ട് ചെയ്ത് കിറ്റക്സ് പ്രവർത്തിക്കുന്നത്. മുന്നോറോളം ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ ക്രിമിനൽ പശ്ചാത്തലങ്ങളോ ശരിയായ തിരിച്ചറിയൽ രേഖകളോ പോലും പരിശോധിക്കാതെയാണ് ഇവരെ ജോലിക്കെടുക്കുന്നത്. പ്രാദേശിക തലത്തിൽ ഇവരുണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും ​ഗുരുതരമാണ്. വടക്കേ ഇന്ത്യയിലെ കൊടുംക്രിമനലുകളെ അനുസ്മരിപ്പിച്ചാണ് കിറ്റ‌ക്സിലെ ജീവനക്കാർ പൊലീസിനു നേരേ കൊടി ആക്രമണം അഴിച്ചുവിട്ടത്.
ഇവരാണ് ക്രിസ്മസ് രാത്രിയിൽ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചതും പൊലീസ് വാഹനത്തിനു തീയിട്ടതും. തൊഴിലാളികൾ പോലീസിനെ അക്രമിച്ച സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണമാരംഭിക്കും. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിൻറെ നേതൃത്വത്തിൽ രണ്ട് ഇൻസ്പക്ടർമാരും ഏഴു സബ് ഇൻസ്പക്ടർമാരുടമടങ്ങിയ 19 അംഗസംഘമാണ് അന്വേഷിക്കുന്നത്. നിലവിൽ 164 പേർ അറസ്റ്റിലായി. കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് കിട്ടുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി മൊബൈൽ ദൃശ്യങ്ങൾ പരിശോധിക്കും.
ഇതിനിടെ അറസ്റ്റിലായവർക്ക് എങ്ങനെ നിയമസഹായം നൽകാമെന്നതിനെകുറിച്ച് ഇന്ന് കിറ്റകസ് തീരുമാനമെടുക്കും. 151 പേർ നിരപരാധികളാണെന്നും ഇവർക്ക് നിയമസഹായം നൽകുമെന്നും കിറ്റക്സ് എംഡി സാബു ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു.

Related posts

Leave a Comment