ജില്ലയിലെ പോലീസ് സിപിഎമ്മിന്റെ ബി ടീമായി അധ:പതിച്ചു – പി. രാജേന്ദ്രപ്രസാദ്

കൊല്ലം: വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജയകുമാറിനെ പഞ്ചായത്ത് ഓഫീസിനകത്ത് കയറി കൃത്യ നിർവ്വഹണത്തിനിടെ മർദ്ദിച്ച സി പി എം വെട്ടിക്കവല ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പടെയുള്ള സി പി എമ്മുകാരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.

പോലീസിന്റെ സാന്നിധ്യത്തിൽ ഓഫീസിനകത്ത് കയറി മർദ്ദിക്കുകയും തുടർന്ന് അവശനായ പഞ്ചായത്ത് പ്രസിഡന്റിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് ബലം പ്രയോഗിച്ച് തടയുകയും ചെയ്ത സി പി എമ്മുകാർക്ക് എതിരെ ദുർബലമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കുകയും, മർദ്ദനമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ള കോൺഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും കേസ് എടുത്തിരിക്കുന്ന പോലീസ് സി പി എമ്മിന്റെ ബി ടീമായി മാറിയിരിക്കുകയാണെന്നും, ഇതിനെതിരെ കോൺഗ്രസ് പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും കൊടുക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻമാർ രാജ്യത്തെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് സർക്കാർ ശമ്പളം വാങ്ങുന്നതെന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു. സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പടെ അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment