അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതി പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യത മുന്നറിയിപ്പുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി

കാലടി: സംസ്ഥാനത്ത്‌ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടേയും, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും റിപ്പോർട്ട്‌ പ്രകാരം ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ടാതായ ഉരുൾപൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ ലിസ്റ്റിലാണ് നിർദിഷ്‌ട ഗിഫ്റ്റ് സിറ്റി പദ്ധതക്കായി കണ്ടെത്തിയിരിക്കുന്ന അയ്യമ്പുഴ പഞ്ചായത്തിലെ മുണ്ടോപുറം, താണികൊട് ഭാഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ നോട്ടീസ് പ്രകാരം പദ്ധതി പ്രദേശത്തിന് പുറത്തുള്ള പഞ്ചായത്തിലെ തന്നെ അഞ്ചു സ്ഥലങ്ങളിൽ കൂടി മണ്ണിടിച്ചലിനും, ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മുൻ വർഷങ്ങളിൽ മൂന്ന് പ്രാവശ്യം ഉരുൾപൊട്ടി മണ്ണിടിച്ചിൽ ഉണ്ടാവുകയും ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്ത പ്രദേശത്തെ സംരക്ഷിക്കുന്നതിനോ, വർഷങ്ങളായി പ്രവർത്തിച്ചുതുകൊണ്ടിരിക്കുന്ന ക്വറികളെ നിയന്ത്രിക്കുന്നതിനോ യാതൊരുവിധ നടപടികളും സർക്കാർ-ഉദ്യോഗസ്ഥ തലത്തിൽ നിന്നും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത് പരിസ്ഥിതി ദുർബല പ്രദേശമാണെന്നും മുൻപും ഇവിടെ പ്രകൃതി ദൂരന്തങ്ങൾ ഉണ്ടയിട്ടുണ്ടെന്നുമുള്ള കാര്യങ്ങൾ തുടക്കം മുതലേ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും ആ വിഷയത്തിൽ മതിയായ കൂടിയാലോചനകളോ, പഠനങ്ങളോ നടത്താതെ തിടുക്കത്തിലുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുമായി അധികൃതർ മുന്നോട്ടു പോവുകയായിരുന്നെന്ന് ജനകീയ മുന്നേറ്റ സമിതി കൺവീനർ ബിജോയ്‌ ചെറിയാൻ പറഞ്ഞു.

2018 ൽ ഉരുൾപൊട്ടിയപ്പോൾ ആളുകൾ വീടുകളിൽ നിന്നും മാറി താമസിച്ചിരുന്നെന്നും, എന്നാൽ അതിന് ശേഷവും നിരവധി പരാതികൾ നൽകിയിട്ടും മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്നും മീറ്ററുകൾ മാത്രം ദൂരത്തിൽ പ്രവർത്തിക്കുന്ന ക്വറികളുടെ പ്രവർത്തനം നിർത്തുന്നതിനോ, പാറമടക്കാർ കുന്നുകൂട്ടിയ മൺകൂനകൾ മലയിൽ നിന്നും നീക്കംചെയ്യുന്നതിനോ പഞ്ചായത്തും ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

അപകടമേഖലയിൽ നിന്നും സുരക്ഷിത ഇടങ്ങളിലേക്ക് മാറാമെന്ന് താമസക്കാർ അറിയിച്ചെങ്കിലും, ദൂരന്തങ്ങൾ ഒഴിവാക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെ പിന്നെയും പ്രദേശത്തെ പ്രകൃതി ചൂഷണം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സർക്കാർ നടപടികൾക്കെതിരെ
മുന്നറിയിപ്പ് നോട്ടീസ് നൽകാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചു.

Related posts

Leave a Comment