പാര്‍ട്ടി സമ്മേളനത്തിലെ ഭിന്നത ; അമ്പലപ്പുഴയില്‍ പാര്‍ട്ടി പ്രവര്‍ത്തകനേയും കുടുംബാംഗങ്ങളേയും വീടുകയറി ആക്രമിച്ചു

–പരിക്കേറ്റവരെ ആലപ്പുഴ മെഡി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 ആലപ്പുഴ: സി പി എമ്മില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്രയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ കുടുംബത്തെ സി പി എം നേതാക്കള്‍ വീടുകയറി ആക്രമിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് പുത്തന്‍ പുരയില്‍ ഗലീലിയ പള്ളിക്ക് സമീപം സോളമന്‍, ഭാര്യ ജൂലിയത്ത്, മകന്‍ കുര്യാക്കോസ് എന്നിവരെ ശനിയാഴ്ച രാത്രി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദന്റെ നേതൃത്വത്തില്‍ വീട് കയറി അക്രമിച്ചെന്നാണ് പരാതി. കുര്യാക്കോസ് പാര്‍ട്ടി അംഗവും മാതാപിതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. ഈ സമയം ഇവരുടെ വീട്ടിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരായ പാലപ്പറമ്പില്‍ ഫ്രഡി, കുര്യന്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. സോളമനെയും കുര്യാക്കോസിനെയും മര്‍ദ്ദിച്ച സംഘം തടയാനെത്തിയ ജൂലിയത്തിനെ നിലത്തിട്ട് ചവിട്ടി. ഒടുവില്‍ നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് അക്രമിസംഘം പിന്‍വാങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ തങ്ങള്‍ക്കൊപ്പം നിന്നില്ലെന്ന കാരണം പറഞ്ഞായിരുന്നു അക്രമമെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ ജീവന് തുല്യം സ്നേഹിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ക്രൂരമായി അക്രമിച്ചെന്ന് പരാതി പറയുന്ന സോളമന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമം നടക്കുന്ന വിവരം പോലീസില്‍ അറിയിച്ചെങ്കിലും സ്ഥലത്തെത്താന്‍ പോലും  ആദ്യം തയ്യാറായില്ല. ഒടുവില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോലീസ് സോളമന്റെ വീട്ടിലെത്തിയത്. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റേയും മുന്‍മന്ത്രി ജി സുധാകരന്റേയും തട്ടകമായ പുന്നപ്രയില്‍ പാര്‍ട്ടി സമ്മേളനത്തിന്റെ പേരിലുണ്ടായ സംഘര്‍ഷം ചര്‍ച്ചയായിരിക്കുകയാണ്. വി എസിന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ ലോക്കല്‍ കമ്മറ്റി ഔദ്യോഗിക പക്ഷത്തെ പരാജയപ്പെടുത്തി മറുപക്ഷം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.

Related posts

Leave a Comment