നൂറനാട് പടനിലം ഹൈസ്കൂളില്‍1.63 കോടിയുടെ തട്ടിപ്പ്, സിപിഎം നേതാക്കള്‍ക്കെതിരേ നടപടി

ആലപ്പുഴ: നൂറനാട് പടനിലം ഹൈസ്കൂളില്‍ നടന്ന 1.63 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടില്‍ സിപിഎമ്മില്‍ കടുത്ത അച്ചടക്ക നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെംബറും പാര്‍ട്ടി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ. രാഘവനെ തരം താഴ്ത്തി. രണ്ടു പേരേ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണു തീരുമാനം.

ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ രാഘവനെ ജില്ലാ കമ്മറ്റിയിലേയ്ക്കാണ് തരംതാഴ്ത്തിയത്. സ്കൂൾ മാനേജരും മുൻ ഏരിയാ സെക്രട്ടറിയുമായ മനോഹരൻ, ഏരിയാ കമ്മറ്റി അംഗം രഘു എന്നിവരെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്കൂളാണിത്. മുന്‍മന്ത്രി ജി. സുധാകരന്‍റെ വിശ്വസ്തനാണു രാഘവന്‍. മൂന്നു വര്‍ഷം മുന്‍പ് കണ്ടെത്തിയ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണം മന്ദ്ഗതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി. സുധാകരനെതിരായി നടന്ന വിഭാഗീയതയുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടി. സുധാകരന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നു കാണിച്ച് അന്വേഷണം നേരിട്ടുവരികയാണ്. സുധാകരനെതിരേ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരേയും നടപടി ഉണ്ടാകുമെന്നാണു സൂചന. അതിനു മുന്നോടിയായാണ് വിശ്വസ്തര്‍ക്കെതിരേ ഇപ്പോള്‍ സ്വീകരിച്ച നടപടി.

കെ.എച്ച്. ബാബുജന്‍, എ. മഹേന്ദ്രന്‍ എന്നീ ജില്ലാ കമ്മിറ്റി അംഗങ്ങളാണ് നൂറനാട് സ്കൂളിലെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അന്വേഷിച്ചത്.

Related posts

Leave a Comment