മഴദുരന്തങ്ങളിൽ 2 മരണം, തൃശൂരിൽ കുട്ടിയെ കാണാതായി

കൊച്ചി: ശക്തമായ മഴയിൽ തൃശൂരിൽ ഒഴുക്കിൽപ്പെട്ട് മൂന്നുവയസുകാരനെ കാണാതായി. വേളൂക്കര പട്ടേപാടത്ത് ആനയ്ക്കതോടിന് സമീപത്താണ് ഒഴുക്കിൽപ്പെട്ട് മൂന്നുവയസുകാരനെ കാണാതായത്. അലങ്കാരത്ത്പറമ്പിൽ ബെൻസിൽ ബെൻസി ദമ്പതികളുടെ മകൻ ആരോം ഹെവനെയാണ് കാണാതായത്. ആളൂർ പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു. ഇന്ന് രണ്ടു പേർ മഴക്കെടുതികളിൽ കൊല്ലപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ഒരാൾ ഒഴുക്കിൽപ്പെട്ടും കളമശേരിയിൽ മണ്ണിടിഞ്ഞുമാണ് ഓരോരുത്തർ കൊല്ലപ്പെട്ടത്.
തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ പശുവണ്ണറ കീഴെകണ്ണക്കോട് വീട്ടിൽ ലളിതാഭായ് (75) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒഴുക്കിൽപ്പെട്ട് കാണാതായ ഇവരുടെ മൃതദേഹം നെയ്യാറ്റിൻകര പാലക്കടവിൽ നിന്ന് ഇന്നു രാവിലെ ലഭിച്ചു.

തിരുവനന്തപുരം ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 146 കുടുംബങ്ങളിലെ 427 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത് നെയ്യാറ്റിൻകര താലൂക്കിലാണ്. 8 ക്യാമ്പുകളിലായി 75 കുടുംബങ്ങളിലെ 216 പേർ ഇവിടെ ക്യാമ്പുകളിൽ കഴിയുന്നു. തിരുവനന്തപുരം താലൂക്കിൽ അഞ്ച് ക്യാമ്പുകളാണ് തുറന്നത്. 21 കുടുംബങ്ങളിൽ നിന്നായി 66 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നെടുമങ്ങാട്, കാട്ടാക്കട, ചിറയിൻകീഴ് താലൂക്കുകളിൽ രണ്ട് ക്യാമ്പുകൾ വീതം പ്രവർത്തനം തുടങ്ങി. നെടുമങ്ങാട് താലൂക്കിൽ 17 കുടുംബങ്ങളിലെ 51 പേർ രണ്ട് ക്യാമ്പുകളിലായി കഴിയുന്നു. കാട്ടാക്കട താലൂക്കിൽ 27 കുടുംബങ്ങളിൽ നിന്നായി 71 പേരും ചിറയിൻകീഴ് താലൂക്കിൽ 6 കുടുംബങ്ങളിലെ 23 പേരും ക്യാമ്പുകളിൽ കഴിയുന്നു.
നാളെ (നവംബർ 15) വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിലും ഗൾഫ് ഓഫ് മാന്നാർ,കന്യാകുമാരി പ്രദേശം, തെക്ക്-കിഴക്കൻ, മധ്യ- കിഴക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലയവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരള – ലക്ഷദ്വീപ് തീരത്ത് നാളെ (നവംബർ 15) വരെയും കർണാടക തീരത്ത് മറ്റന്നാൾ (നവംബർ 16) വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നവംബർ 18 വരെ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ , മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ വ്യാഴാഴ്ച (നവംബർ 18) വരെ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്(നവംബർ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് (നവംബർ 14) രാത്രി 11.30 വരെ 3 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം.

Related posts

Leave a Comment