എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

കണ്ണൂര്‍: എയ്ഡഡ് മേഖലയിലെ സ്ഥാപനങ്ങളില്‍ നിയമനങ്ങളില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് റിസര്‍വേഷന്‍ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരകവ് പുറപ്പെടുവിച്ചു. നേരത്തേ സാമൂഹ്യ നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതുവരെ ഇത് പാലിക്കപ്പെട്ടിരുന്നില്ല. ഈ ഉത്തരവിനെതിരെ എയ്ഡഡ് മാനേജ്‌മെന്റ് ഹൈക്കോടതിയേയും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവരുടെ ആവശ്യങ്ങള്‍ തള്ളുകയാണ് ചെയ്തത്.അതോടൊപ്പം എയ്ഡഡ് മേഖലയില്‍ ആറായിരത്തോളം വരുന്ന നിയമനങ്ങള്‍ ഒരുമിച്ച് നികത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നപ്പോള്‍ അതിനെതിരെ ഭിന്നശേഷി സംഘടനകള്‍ ഹൈകോടതിയെ സമീപിക്കുകയും നിലവിലെ നിയമനങ്ങള്‍ സ്റ്റേ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് ഭിന്നശേഷി സംവരണം പാലിക്കാന്‍ നിബന്ധനയാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

പേഴ്‌സണല്‍ ഡിസബിറ്റീസ് ആക്ട് നിലവില്‍ വന്ന 7.2 .96 മുതല്‍ 18. 4. 2017 വരെ നിയമനങ്ങളുടെ 3 ശതമാനവും അതിനുശേഷം 19.4.2017 മുതല്‍ ആകെ നിയമനങ്ങളുടെ നാല് ശതമാനവും നല്‍കണമെന്നാണ് ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നത്.അടിയന്തരമായി തന്നെ ബാക്ക് ലോഗ് ഒഴിവുകള്‍ കണക്കാക്കണമെന്നും ഇനി അടുത്തുവരുന്ന റൈസിംഗ് വേക്കന്‍സികളില്‍ ഈ ഉത്തരവുകള്‍ പ്രകാരം ഒഴിവുകള്‍ നികത്തണമെന്നും സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു.ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷന്‍ ഈ ഉത്തരവ് ശരിയായ രീതില്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.എന്നാല്‍ ഭിന്നശേഷി സംവരണം ശരിയായ രീതിയില്‍ പാലിക്കുന്നതിന് ഈ ഉത്തരവ് പര്യാപ്തമല്ല എന്ന് ഡിഫറന്റ്‌ലി ഏബ്ള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ വാദമുയര്‍ത്തുന്നു.എയ്ഡഡ് സ്ഥാപനങ്ങളിലെ നിലവിലുള്ള എല്ലാ നിയമനങ്ങളും സംബന്ധിച്ചിട്ടുള്ള കണക്കുകള്‍ അതത് ജില്ലകളിലും അതത് സോണിലും ഉള്ള ഓഫീസുകളില്‍ മാത്രം ലഭ്യമായിരിക്കെ അത് ഡയറക്ടര്‍ ജനറല്‍ മാത്രമാണ് ഇതിന്റെ ഇംപ്ലിമെന്റേഷന്‍ നോക്കേണ്ടത് എന്ന് പറയുന്ന പരാമര്‍ശമാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്.

അതത് സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ എങ്ങനെയാണ് നികത്തുന്നത് എന്നതിനെക്കുറിച്ച്, അതായത് പ്രത്യേകമായി ബാക്ക് ലോഗ് ഒഴിവുകളായി നോട്ടിഫിക്കേഷന്‍ വിളിക്കണമോ അതോ ഈ ഒഴിവുകള്‍ ആര് ആരെയാണ് ഇങ്ങനെ ഒഴിവുകളുണ്ട് എന്ന് അറിയിക്കേണ്ടത് എന്നതിനെക്കുറിച്ചോ ഒഴിവ് നികത്തുന്നതിനായി ഒരു പൊതുമാനദണ്ഡത്തെ കുറിച്ചോ ഒന്നും ഈ ഉത്തരവില്‍ പരാമര്‍ശമില്ല. അതോടൊപ്പം എയ്ഡഡ് മാനേജ്‌മെന്റുകള്‍ പ്രധാനമായും ഉന്നയിക്കുന്ന ഒരു പ്രധാന വാദം എന്നത്കെഇആര്‍ അനുസരിച്ചാണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം നടക്കുന്നതെന്നും കെഇആറില്‍ ഭിന്നശേഷി സംവരണം സംബന്ധിച്ച് പരാമര്‍ശം ഇല്ല എന്നതും ആണ്. ഇത് ഉത്തരവ് അട്ടിമറിക്കാനുളള ഒരു സാധ്യതയായി ഡിഫറന്റ്‌ലി ഏബ്ള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍ ആനന്ദ് നാറാത്ത് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മാനേജ്‌മെന്റുകള്‍ക്ക് സ്വതന്ത്രമായ രീതിയില്‍ അത്തരം ഒഴിവുകള്‍ കണ്ടെത്തുന്നതിനും നിയമനം നടത്തുന്നതിനും പര്യാപ്തമായ രീതിയിലാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്.അതിനാല്‍ തന്നെ എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് പൂര്‍ണമായ പരിഹാരം ഉണ്ടാക്കുന്നതിനു ഈ ഉത്തരവ് മാത്രം മതിയാകില്ലെന്ന് ആനന്ദ് നാറാത്ത് പറഞ്ഞു. ഇത് കൂടാതെ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ക്ക് നിയമന നിര്‍ദ്ദേശമില്ലാത്തത് ഹയര്‍ സെക്കണ്ടറിയിലെ ഭിന്നശേഷിക്കാരുടെ നിയമനങ്ങള്‍ തടസ്സപ്പെടാനിടയാക്കും.

Related posts

Leave a Comment