നയതന്ത്ര സ്വർണക്കടത്ത് ആവിയായി, എല്ലാ പ്രതികളും ഇന്നു ജയിൽമോചിതരാകും

കൊച്ചി: രാജ്യം കണ്ട ഏറ്റവും ബൃഹത്തും അധികാരകേന്ദ്രങ്ങൾക്കു നേരിട്ടു പങ്കാളിത്തമുള്ളതുമായ സ്വർണക്കടത്ത് കേസ് ആവിയായി. ഒന്നാംപ്രതി അടക്കം നാലുപേർ ഇന്നു ജയിലിനു പറത്തു വരുമ്പോൾ, മറ്റൊരു പ്രധാന പ്രതി സ്വപ്ന സുരേഷ് ജാമ്യ വ്യവസ്ഥകളിൽ ഇളവ് തേടി സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി. പ്രതികളുടെ വായ ഉരുക്കുമുഷ്ടികൊണ്ട് മൂടിക്കെട്ടിയും അന്വേഷണ ഏജൻസികളെ കടുത്ത സമ്മർദത്തിലാക്കിയുമാണ് സ്വർണക്കടത്ത് കേസ് ഇല്ലാതാക്കിയത്.
യുഎഇയുമായുള്ള രാജ്യാന്തര ബന്ധത്തിന്റെ മറപിടിച്ചാണ് വിദേശ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥർ, സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയുൾപ്പെട്ട അതീവ ​ഗുരുതരമായ കേസ് ഇല്ലാതാക്കുന്നത്. സംസ്ഥാന സർക്കാരിനെ സഹായിക്കുന്ന കേന്ദ്ര സർക്കാരും കേന്ദ്ര സർക്കാരിനു മുന്നിൽ കീഴടങ്ങി സംസ്ഥാന സർക്കാരും കൈകോർത്തപ്പോൾ ഒരു വർഷം മുന്നൂറിലധികം കിലോ​ഗ്രാം സ്വർണം സുരക്ഷിതമായി കടത്തിക്കൊണ്ട് പോയ കേസ് പൂർണമായും അട്ടിമറിക്കപ്പെട്ടു.


നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത് ഉൾപ്പെടെ നാലു പ്രതികൾ ഇന്ന് ജയിൽമോചിതരാകും. റമീസ്,ജലാൽ, മുഹമ്മദ് ഷാഫി എന്നിവരാണു മറ്റുള്ളവർ പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതികൾക്കെതിരായ കോഫെപോസയുടെ കാലാവധി ഇന്ന് അവസാനിക്കുന്നതിനെത്തുടർന്നാണ് ജയിൽ മോചനം സാധ്യമാകുന്നത്. NIA കേസുൾപ്പെടെ മറ്റ് എല്ലാ കേസുകളിലും സരിത്,റമീസ്,ജലാൽ, മുഹമ്മദ് ഷാഫി എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. ഒരു വ‍ർഷത്തിലേറെയായി സരിത് ജയിലാണ്. കേസിലുൾപ്പെട്ട എം.ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവർ ഇപ്പോൾ ജാമ്യത്തിലാണ്.
നയതന്ത്രചാനൽ വഴി സ്വർണം കടത്തിയത് കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്യുന്നത് യുഎഇ കോൺസിലേറ്റിലെ മുൻ ഉദ്യോഗസ്ഥനായ സരിത്തിനെയാണ്. സ്വർണ കടത്തിലെ മുഖ്യ ആസൂത്രകൻ സരിത്തെന്നാണ് കസ്റ്റംസ്, NIA ഏജൻസികളുടെ കണ്ടെത്തൽ. ജയിലിനുള്ളിൽ വച്ച് മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന് സരിത് കോടതിയ്ക്ക് പരാതി നൽകിയിരുന്നു. സരിത്തിൻറെ സുഹൃത്തുക്കളും കൂട്ടു പ്രതികളുമായ സ്വപ്ന, സന്ദീപ് നായർ എന്നിവർ നേരത്തെ ജയിലിൽ നിന്നും ഇറങ്ങി. ഇതോടെ സ്വർണ കടത്തിലെ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്തായി
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹ‍ർജിയിൽ എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിൽ സ്വപ്നയ്ക്ക് നേരത്തെ തന്നെ ജാമ്യം കിട്ടിയിരുന്നു. എന്നാൽ മുൻകൂർ അനുമതിയില്ലാതെ എറണാകുളം വിട്ടുപോകരുതെന്ന് ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു. വീട് തിരുവനന്തപുരത്താണെന്നും അവിടെപ്പോകാൻ ഈ വ്യവസ്ഥ നീക്കണമെന്നുമാണ് ആവശ്യം. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ കേരളം വിട്ടുപോകണമെങ്കിൽ മുൻകൂർ അനുമതി തേടണമെന്നും എൻഫോഴ്സ്മെൻറും കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി ഇന്നലെ പരിഗണിച്ച കോടതി ഉത്തരവിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ ഇതേ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് A.M.ഖാൻവീൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹൈക്കോടതി ശിവശങ്കറിന് നൽകിയ ജാമ്യം ഉടൻ റദ്ദാക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ സാഹചര്യത്തിൽ വീണ്ടും ജയിലിലേക്ക് അയക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ കേസ് അന്വേഷണം അട്ടിമറിക്കും എന്നാണ് ഇ.ഡി ഉയർത്തുന്ന പ്രധാന ആരോപണം.

Related posts

Leave a Comment