നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷനെതിരേ ദിലീപ് പരാതി നൽകി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപ് പ്രോസിക്യൂഷനെതിരെ പരാതി നൽകി. ഡയറക്റ്റർ ജനറൽ ഒഫ് പ്രോസിക്യൂഷനും
വിജിലൻസ് ഡയറക്ടർക്കും ഉൾപ്പടെയാണ് ദിലീപ് പരാതി നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്കെതിരേയാണ് ആക്ഷേപം. അദ്ദേഹവുമായി മാധ്യമങ്ങൾ നടത്തിയ അഭിമുഖത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ കേസിന്റെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ദിലീപ് പരാതിയിൽ പറയുന്നു. കേസിൽ തുരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ രാജി വയ്പിച്ചതിലും ദുരൂഹതയുണ്ട്. കേസിന്റെ വിസ്താരം അനാവശ്യമായി നീട്ടാനാണ് ഈ നടപടി. അതേസമയം കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

കേസിൽ തുടർ അന്വേഷണം ആരംഭിക്കുന്നതിനാൽ വിചാരണ നിർത്തി വെക്കണമെന്ന പൊലീസിന്‍റെ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു.  ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് ഉടൻ നോട്ടീസ് നൽകും.  ബാലചന്ദ്രന്‍റെ  വെളിപ്പെടുത്തൽ ഗൂഡാലോചനയിലെ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തുടർ അന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്.

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തല്‍ അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കണ്ടെത്താൻ ആയിട്ടില്ലെന്നും അതിൽ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തിൽതന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യത്തിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയത്. ഇതൊടൊപ്പം കേസിൽ അന്തിമ കുറ്റപത്രം നൽകുന്നത് വരെ വിചാരണ നിർത്തി വെക്കണമെന്ന അപേക്ഷയും നൽകിയിരുന്നു.  

Related posts

Leave a Comment