ധർമ സൻസഡ് കൊലവിളി ഞെട്ടിപ്പിക്കുന്നത്: കെ സുധാകരൻ എംപി

ഹരിദ്വാർ ധർമ സൻസഡിൽ മുസ്ലീംകൾക്കും മറ്റു മതന്യൂനപക്ഷങ്ങൾക്കുമെതിരേ ഉയർന്ന കൊലവിളി ഞെട്ടിപ്പിക്കുന്നതാണെന്നും വിദ്വേഷപ്രസംഗകർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാത്ത ഭരണകൂട ഭീകരത ഭയപ്പെടുത്തുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തണമെന്ന ആഹ്വാനം മുമ്പ് ഹിറ്റ്‌ലറും മുസോളനിയും മുഴക്കിയതാണ്. മതന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തിയ ധർമ സൻസഡ് വിദ്വേഷ പ്രസംഗത്തിനെതിരേ രാഷ്ട്രീയകാര്യ സമിതി ശക്തമായി പ്രതിഷേധിച്ചു. കർണാടകത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കുനേരേ തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്ന കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ പ്രമേയം അംഗീകരിച്ചു. എം ലിജു പിന്തുണച്ചു.

ഡിസിസി പുനഃസംഘടനയ്ക്ക് ഡിസിസി പ്രസിഡന്റും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയും ചേർന്ന് യോജിച്ച പാനൽ ഉണ്ടാക്കി കെപിസിസിക്കു കൈമാറണം. ഡി.സി.സി.കൾ ഒരാഴ്ചക്കുള്ളിൽ പാനൽ നല്കണം. രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യമുള്ള അധ്യാപകരെയും മറ്റു ജീവനക്കാരെയും ഭാരവാഹികളാക്കാം. കെ.പി.സി.സി. സെക്രട്ടറിമാരുടെ നോമിനേഷൻ അടിയന്തിരമായി പൂർത്തിയാക്കുന്നതാണ്.

തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് തിരുവഞ്ചുർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അച്ചടക്ക കമ്മിറ്റിക്ക് കൈമാറി. കോൺഗ്രസിന്റെ 137-ാം ജന്മദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച 137രൂപ ചലഞ്ചിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതു കൂടുതൽ ഊർജസ്വലമാക്കും.

കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി) രൂപീകരണം പാർട്ടിയിൽ വലിയ ചലനമുണ്ടാക്കി. 25 മുതൽ 30 വരെ പാർട്ടി പ്രവർത്തകരാണ് ഇപ്പോൾ സി.യു.സിയിൽ ഉള്ളത്. അടുത്ത ഘട്ടത്തിൽ സി.യു.സികളെ കുടുംബ യൂണിറ്റാക്കി മാറ്റും. ജവഹർ ബാൽമഞ്ച്, കെ.എസ്.യു, മഹിളാകോൺഗ്രസ്, യൂത്ത് കോണ്ഗ്രസ് എന്നിവയിലേക്ക് അംഗങ്ങളെ ചേർക്കാനുള്ള പ്ലാറ്റ്‌ഫോമായി സിയുസികളെ മാറ്റിയെടുക്കും. എല്ലാ സീനിയർ നേതാക്കളും സി.യു.സി.യിൽ അംഗമാകും. അവരുടെ സാന്നിദ്ധ്യം സി.യു.സിക്ക് ആവേശം പകരും.

സി.യു.സി.യുടെ നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിക്കും.സംസ്ഥാനതലം മുതൽ താഴേക്ക് പ്രത്യേക സമിതി പ്രവർത്തിക്കും.പോഷക സംഘടനകളുടെ ചുമതല ഒരു വ്യക്തിക്കു പകരം സമിതിയെ എൽപ്പിക്കും. സാമ്പത്തിക കാര്യങ്ങൾക്കും സമിതി ഉണ്ടാകും.പാർട്ടി പവർത്തനത്തിനിടയിൽ കേസും മർദനവുമേറ്റ കെ.എസ്.യു/യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സംരക്ഷണം നല്കാൻ ലീഗൽ എയ്ഡ് കമ്മിറ്റി സംസ്ഥാന/ജില്ലാ തലങ്ങളിൽ ഉണ്ടാകും. സുപ്രീം കോടതിയിൽ വരെ അഭിഭാഷകരെ നിയോഗിക്കും.’കെ റെയിൽ വേണ്ട കേരളം മതി’യെന്ന പിസി വിഷ്ണുനാഥിന്റെ നിർദേശം സ്വീകരിച്ച് കെ റെയിലിന് എതിരേയുള്ള മുദ്രാവാക്യമായി സ്വീകരിച്ചു.

പോലീസ് അതിക്രമങ്ങൾക്കെതിരേയും സ്ത്രീകൾക്കെതിരേയുമുള്ള വ്യാപകമായ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഷാനിമോൾ ഉസ്മാൻ അവതരിപ്പിച്ച പ്രമേയം പാസാക്കി. അന്തരിച്ച കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റും എം.എൽ.എ.യുമായ പി.ടി. തോമസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസിന്റെ പ്രതിച്ഛായ വാനോളം ഉയർത്തിയ നേതാവായിരുന്നു അദ്ദേഹമെന്നു കെ സുധാകരൻ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment