സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണവിധേയമെന്ന് ഡിജിപി ; 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുപ്പതോളം ബസ്സുകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു.

എട്ടു ഡ്രൈവര്‍മാര്‍, രണ്ടു കണ്ടക്ടര്‍മാര്‍, ഒരു യാത്രക്കാരി എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തും, കോഴിക്കോടും കണ്ണൂരും ഡ്രൈവര്‍ക്ക് പരിക്കേറ്റു. 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക വിലയിരുത്തല്‍. കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 60 ശതമാനം കൂടുതല്‍ സര്‍വീസ് നടത്തി. ഇന്ന് 2432 ബസ്സുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്‌മെന്റ് അവകാശപ്പെട്ടു. സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണവിധേയമാണെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു.

Related posts

Leave a Comment