അതിഥി തൊഴിലാളികളുമായി ഊഷ്മള ബന്ധം വേണം; ‘അടി വാങ്ങിയ പൊലീസിന്’ എഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം: കിഴക്കമ്പലത്ത് പൊലീസിന് നേരെ അതിഥി തൊഴിലാളികളുടെ അക്രമം ഉണ്ടായതിന് പിന്നാലെ, ഇതര സംസ്ഥാന തൊഴിലാളികളുമായി ഊഷ്മള ബന്ധം സ്ഥാപിക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടി എഡിജിപി ഇറക്കിയ സർക്കുലറിനെതിരെ സേനയിൽ അതൃപ്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് സർക്കുലർ പുറപ്പെടുവിച്ചത്. കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച് കൊലപ്പെടുത്താനായിരുന്നു അന്യസംസ്ഥാന തൊഴിലാളികളുടെ ശ്രമമെന്ന് എഫ്ഐആറിൽ ഉണ്ടായിട്ടു പോലും അവരെ വെള്ളപൂശാനുള്ള ശ്രമമായിട്ടേ സർക്കുലർ കരുതപ്പെടൂവെന്നാണ് സേനയിലെ സംസാരം. ഇതരസംസ്ഥാന തൊഴിലാളുകളുടെ സഹകരണം ഉറപ്പുവരുത്തണമെന്നും ഇവരോടുള്ള ഇടപെടൽ സൗഹൃദപരമാകണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികൾ കേരളം വിട്ടുപോകുമോയെന്ന ആശങ്കയെ തുടർന്നാണ് സർക്കുലർ ഇറക്കിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം. ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥർ അവരുമായി സംസാരിച്ച് വിവരങ്ങളറിയണം. എന്തെങ്കിലും മോശം സംഭവമുണ്ടായാൽ അത് എല്ലാ തൊഴിലാളികളെയും ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം. പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറുകൾ തൊഴിലാളികൾക്ക് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആവശ്യമാണെന്നും സർക്കുലറിൽ പറയുന്നു. ക്യാമ്പുകൾ സന്ദർശിച്ചതിന് ശേഷം അതിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക ഫോമും സർക്കുലറിനൊപ്പം നൽകിയിട്ടുണ്ട്.
അതിനിടെ, കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. കിഴക്കമ്പലത്ത് അക്രമത്തിനിരയായ പൊലീസുകാരുടെ ചികിത്സാചെലവ് സംസ്ഥാന പൊലീസ് വഹിക്കുമെന്നും ഡി.ജി.പി. അറിയിച്ചിട്ടുണ്ട്.

Related posts

Leave a Comment