ഇന്ത്യയിലെ അതിവേഗ വികസന പ്രവർത്തനങ്ങളെന്ന തരത്തിൽ ബിജെപി മന്ത്രിമാരും നേതാക്കളും പ്രചരിപ്പിച്ചത് ബീജിങ് എയർപോർട്ടി ന്റെ ചിത്രങ്ങൾ എന്നാൽ കൈയ്യോടെ പൊക്കി ചൈനീസ് മാധ്യമപ്രവർത്തകർ. നോയിഡയിൽ വരുന്ന അത്യാധുനിക എയർപോർട്ടിന്റെ മോഡൽ എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നൊയ്ഡ എയർപോർട്ട് എന്ന പേരിൽ ബിജെപി നേതാക്കൾ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ ചിത്രം പ്രചരിപ്പിച്ചതിന് പിന്നാലെയാണിത്. ചൈനീസ് ദേശീയ മാധ്യമമായ സിജിടിഎന്നിലെ ജീവനക്കാരൻ ഷെൻ ഷെയ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയിലെ വികസന നേട്ടങ്ങൾ എന്ന പേരിൽ രാജ്യത്തെ സർക്കാർ അധികൃതർ ബീജിംങ് എയർപോർട്ടിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു എന്നാണ് ഇദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. കഷ്ടം എന്ന അർത്ഥത്തിൽ തലയ്ക്ക് കൈവെക്കുന്ന ഇമോജികളും ഇദ്ദേഹത്തിന്റെ ട്വീറ്റിലുണ്ട്. കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കൂർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, അർജുൻ രാം മേഖ്വാൾ, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ ട്വീറ്റുകളും ഇദ്ദേഹം സ്ക്രീൻ ഷോട്ട് സഹിതം പങ്കു വെച്ചു.