ദേവസ്വം ബോർഡിൽ സാമ്പത്തിക പ്രതിസന്ധി; ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് കാല നിയന്ത്രണങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങൾ അടച്ചിട്ടതോടെ വരുമാനം നിലച്ച പശ്ചാത്തലത്തിൽ പുതിയ തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനുള്ളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതുവരെ പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്താനും തീരുമാനിച്ചു. മണ്ഡലകാലത്ത് ശബരിമലയില്‍നിന്നു ലഭിക്കുന്ന പണമായിരുന്നു പ്രധാന വരുമാന സ്രോതസ്സ്. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ മണ്ഡലകാലത്ത് കാര്യമായ വരുമാനം കിട്ടിയില്ല. മാസപൂജ സമയത്തും മുന്‍വര്‍ഷങ്ങളിലേത് പോലെ ഭക്തര്‍ എത്തുന്നില്ല. അതുകൊണ്ടാണ് മറ്റു രീതികളില്‍ പണം കണ്ടെത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ. വാസു വ്യക്തമാക്കി.  കാണിക്കയായി കിട്ടിയ സ്വർണത്തിന്റെ കണക്കെടുപ്പ് അവസാനഘട്ടത്തിലാണ്. 500 കിലോയിൽ താഴെ സ്വർണമേ ക്ഷേത്രങ്ങളിൽ ഉണ്ടാകൂ എന്നാണ് പ്രാഥമിക വിലയിരുത്തല്‍. വരുമാന ചോർച്ച തടയാൻ പരിശോധനകൾ ശക്തമാക്കും. ശബരിമലയിലെ വെൽച്വൽ ക്യൂവിന്റെ ചുമതല പൊലീസില്‍നിന്നു ഏറ്റെടുക്കാൻ തൽക്കാലം ആലോചനയില്ല. അതേസമയം, നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment