ആരോഗ്യമേഖല സ്തംഭിച്ചിട്ടും സർക്കാർ പിടിവാശിയിൽ; ‍ഡോക്ടർമാരുടെ സമരങ്ങൾ ഒത്തുതീർപ്പാക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: പിജി ഡോക്ടർമാർ, സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ എന്നിവർക്ക് പിന്നാലെ ഹൗസ് സർജൻമാരും സമര രംഗത്ത് ഇറങ്ങിയതോടെ സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ ചികിൽസ സ്തംഭിച്ചു. സർക്കാർ മേഖലയിലുള്ള ആശുപത്രികളിൽ ഇന്നലെ അത്യാഹിത വിഭാഗങ്ങൾ പോലും പ്രവർത്തിക്കാതിരുന്നത് രോഗികളെ ദുരിതത്തിലാക്കി. അതേസമയം, ഡോക്ടർമാരുടെ സമരങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ച് മുന്നോട്ടുപോകുന്ന സർക്കാരും ആരോഗ്യമന്ത്രിയും ഡോക്ടർമാർക്കെതിരെ ഭീഷണി മുഴക്കുന്നതല്ലാതെ ഒത്തുതീർപ്പിന് തയാറാകുന്നില്ലെന്നതാണ് ശ്രദ്ധേയം. ഇതിനിടെ, ആരോഗ്യ മേഖലയിലെ സമരങ്ങൾ അടിയന്തരമായി ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തുവന്നു.
കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധിഘട്ടത്തിലും സർക്കാർ മേഖലയിലെ ഡോക്ടർ സമൂഹത്തെ മുഴുവൻ സമരത്തിലേക്ക് തള്ളിവിട്ടു കൊണ്ട് അധികൃതർ ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി, സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ കുറ്റപ്പെടുത്തി. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കോവിഡ് മഹാമാരി കാലത്ത് സ്വന്തം ജീവനെ പോലും തൃണവൽക്കരിച്ചു കൊണ്ട് അവർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടമാണ് ഈ കാലഘട്ടത്തിലും കേരളത്തിൽ മരണ നിരക്ക് കുറച്ചു നിർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലും ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾക്ക് അധികൃതർ പരിഹാരം കാണാതിരിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
കോവിഡ് കാലഘട്ടത്തിൽ ഡോക്ടർമാരുടെ ജോലിഭാരം പതിന്മടങ്ങ് വർദ്ധിച്ചപ്പോഴും മെഡിക്കൽ കോളജുകളിലെയും ആരോഗ്യമേഖലയിലെയുംഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിച്ചില്ല. മെഡിക്കൽ കോളജുകളിൽ ഈ കുറവ് പരിഹരിക്കാൻ പിജി വിദ്യാർഥികളാണ് അധിക ജോലി ചെയ്തത്. ഒന്നും രണ്ടും മൂന്നും വർഷ പി ജി ഡോക്ടർ മാരോടൊപ്പം ഹൗസ് സർജൻസി ചെയ്യുന്ന വിദ്യാർത്ഥികളും ചെയ്ത അമിത ജോലിയും പ്രവർത്തനങ്ങളുമാണ് ആരോഗ്യ രംഗത്തിന് തുണയായത്. ഒന്നാം വർഷ പിജി ഡോക്ടർമാരുടെ അഡ്മിഷൻ ദേശീയതലത്തിൽ വൈകുന്നതിനാൽ ഈ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഒന്നാം വർഷ പിജി അഡ്മിഷൻ നടപടികൾ വൈകുന്നത് തടയാൻ വേണ്ട സമ്മർദങ്ങൾ കേന്ദ്ര സർക്കാരിൽ ചെലുത്താൻ സംസ്ഥാനസർക്കാർ പരാജയപ്പെടുന്നു. ഡോക്ടർമാർക്ക് രണ്ടാംവർഷം നൽകേണ്ട നാലുശതമാനം അധിക സ്റ്റൈപ്പൻഡ് നൽകാതെ തടഞ്ഞു വെച്ചിരിക്കുന്നു ആയിരത്തോളം പിജി റസിഡന്റ് മാരുടെ കുറവ് നിലവിലുള്ളപ്പോൾ വളരെ കുറച്ചു ഡോക്ടർമാരെ മാത്രം നിയമിച്ച് പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമം ആശാസ്യമല്ല. കൂടുതൽ എംബിബിഎസ് ഡോക്ടർമാരെ താൽക്കാലികമായി നിയമിച്ച് പ്രശ്നം പരിഹരിക്കുന്നതിന് പകരം പിജി ഡോക്ടർമാരെ ഹോസ്റ്റലിൽ നിന്നും പുറത്താക്കി ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതിനാണ് അധികൃതർ ശ്രമിച്ചത്. സമരം പതിമൂന്നു ദിവസം പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരമായില്ല എന്നത് ഒട്ടും ആശാസ്യമല്ല. പി ജി ഡോക്ടർമാരുമായി ചർച്ച ചെയ്തു പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിൽ ഡോക്ടർമാർക്ക് മറ്റുള്ളവരോടൊപ്പം ശമ്പളവർധന നൽകുന്നതിന് പകരം പ്രതികൂല സാഹചര്യത്തിലും കൂടുതൽ സമയം ജോലി ചെയ്ത ഡോക്ടർമാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്ന പ്രവണതയാണ് അധികൃതർ കാട്ടിയത്. ഇതിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിനു മുൻപിൽ കഴിഞ്ഞ ഏഴുദിവസമായി നടത്തിവരുന്ന നിൽപ്പ് സമരം കൂടുതൽ ശക്തമാകുന്നതിനു മുൻപ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതാണ്. സമരം തുടരുന്നത് ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
രണ്ടും മൂന്നും ദിവസം തുടർച്ചയായി ആയി അമിത ജോലി ചെയ്ത് ഈ മഹാമാരി കാലത്തും ആരോഗ്യമേഖലയെ നല്ല രീതിയിൽ പ്രവർത്തനനിരതമാക്കി നിലനിർത്തുന്ന ഹൗസ് സർജന്മാരും സമരമുഖത്താണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ലേഡി ഹൗസ്സർജന് എതിരായി ഒരു നിയമപാലകർ തന്നെ നടത്തിയ കൈയേറ്റം ഹൗസ് സർജൻമാരെ കൂടുതൽ നിരാശരാക്കുന്നു. നിരന്തര പരാതികൾക്കു ശേഷവും കുറ്റവാളിയെ അറസ്റ്റു ചെയ്തു നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതർ നിഷ്‌ക്രിയത്വം കാട്ടുന്നു. ഈ സമ്മർദ്ദങ്ങൾ മൂലം ഹൗസ് സർജൻമാരും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ഇത് പ്രശ്നങ്ങൾ അതീവ ഗുരുതരമാക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആശങ്കപ്പെട്ടു.
സർക്കാർ മെഡിക്കൽ കോളജുകളിലെ അധ്യാപകരും ഒരു സമരത്തിന്റെ വക്കിലാണ്. വർഷങ്ങളായി അവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിന് പകരം അധികജോലിയിലേക്ക് തള്ളിവിടുന്ന നടപടികൾക്കെതിരെയാണ് ഈ പ്രതിഷേധം. ആരോഗ്യരംഗത്തെ സങ്കീർണമായ ഈ പ്രതിസന്ധിയിൽ ഗവൺമെന്റ് നിഷ്‌ക്രിയത്വം വെടിഞ്ഞ് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനുളഉ മാർഗങ്ങൾ ഉടൻ കാണണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment