കൂടിയാലോചനകൾ നടത്തുന്നില്ല, എംഎൽഎമാർ വിളിച്ചാൽ ഫോൺ എടുക്കില്ല ; ആരോ​ഗ്യമന്ത്രിക്കെതിരെ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ഡപ്യൂട്ടി സ്പീക്കറിന്റെ രൂക്ഷ വിമർശനം. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോർജ് കൂടിയാലോചനകൾ നടത്തുന്നില്ലെന്നും എംഎൽഎമാർ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും അടൂർ എംഎൽഎ കൂടിയായ ചിറ്റയം ഗോപകുമാർ തുറന്നടിച്ചു.പതിവായി അവഗണിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന മേളയുടെ ഉദ്ഘാടനത്തിൽ ഡപ്യൂട്ടി സ്പീക്കർ പങ്കെടുത്തിരുന്നില്ല. അധ്യക്ഷത വഹിക്കേണ്ട പരിപാടി‌യെക്കുറിച്ച്‌ അറിയിപ്പ് കിട്ടിയതു തലേന്നുരാത്രിയാണ്. അതുകൊണ്ട് കൂടിയാണ് സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച്‌ ജില്ലാ സ്റ്റേഡിയത്തിൽ നടത്തുന്ന എന്റെ കേരളം പ്രദർശന മേളയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല.

അടൂർ മണ്ഡലത്തിലെ പരിപാടികൾ ആരോഗ്യമന്ത്രി അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കു പലതവണ വിളിച്ചിട്ടുണ്ടെങ്കിലും ഫോൺ എടുത്തിട്ടേയില്ല.ഈ കാര്യങ്ങളെല്ലാം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. ക്യാബിനറ്റ് റാങ്കും ജില്ലയിലെ മുതിർന്ന എംഎൽഎയുമായ ചിറ്റയത്തെ അവഗണിക്കുന്നതിൽ സിപിഐയ്ക്കും അതൃപ്തിയുണ്ട്.

Related posts

Leave a Comment