വിഷാദം മാറാൻ പൂജ ; യുവതിക്ക് നഷ്ടമായത് 2 കോടി

ബെംഗളൂരു: വിഷാദരോഗം മാറാൻ പൂജ ചെയ്യണമെന്ന് വിശ്വസിപ്പിച്ച് 44 കാരിയുടെ രണ്ടു കോടിയോളം കോടി രൂപ തട്ടിയെടുത്തതായി പരാതി. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ബെംഗളൂരു ശേഷാദ്രിപുരം സ്വദേശിയാണ് പരാതിക്കാരി. ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റിലൂടെ പരിചയപ്പെട്ട ഉത്തർപ്രദേശ് സ്വദേശികളായ മൂന്നു സഹോദരങ്ങളാണ് ബാങ്ക് അക്കൗണ്ടിലൂടെ 1.8 കോടി രൂപ തട്ടിയത് എന്നാണ് പരാതി.വിഷാദരോഗം അലട്ടിയിരുന്ന ഇവർ 2016-ലാണ് ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റിലൂടെ ഉത്തർ പ്രദേശ് സ്വദേശിയായ ഒരു യുവതിയെ പരിചയപ്പെട്ടത്.വിഷാദം മാറ്റാൻ ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇതിനുള്ള ഉപദേശങ്ങളും യുവതി നിരന്തരം നൽകിയിരുന്നു. സൗഹൃദം ശക്തമായതോടെ യുവതിയുടെ സഹോദരിയേയും സഹോദരനേയും പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് പൂജകൾ നടത്താൻ ഇവർ കൂടി സഹായിക്കാമെന്ന് ഏറ്റു. മോശം സമയം ആണ് എന്നും അത് മാറ്റാൻ വിശദമായ പൂജ വേണം എന്നും അവർ ആവശ്യപ്പെട്ടു.അത്തരം പൂജകൾക്കായി ബാങ്ക് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. 2016 ജനുവരി മുതൽ 2020 ഓഗസ്റ്റ് വരെയുള്ള 57 മാസക്കാലയളവിൽ പലതവണയായി 1.8 കോടി രൂപയാണ് അക്കൗണ്ടിലിട്ടു നൽകിയതെന്ന് ഇവർ പറയുന്നു.ഏറെക്കാലം പൂജചെയ്തിട്ടും മാനസികമായി മെച്ചം കിട്ടാത്തതിനാൽ ഇവർ സഹോദരങ്ങളെ ഫോണിൽ വിളിച്ച് കാരണം ചോദിച്ചു. ഗുണമൊന്നും കിട്ടാതിനാൽ പണം തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സഹോദരങ്ങൾ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെയാണ് ഇവർക്ക് സംശയം തോന്നിയത്. തുടർന്ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു.അന്വേഷണം തുടങ്ങിയതായി ശേഷാദ്രിപുരം പോലീസ് അറിയിച്ചു.

Related posts

Leave a Comment