പ്രണയനൈരാശ്യം: വയനാട്ടില്‍ യുവാവ് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു

ലക്കിടി (വയനാട്): പ്രണയനൈരാശ്യത്തെ തുടര്‍ന്ന് വയനാട്ടിലെ ലക്കിടിയില്‍ യുവാവ് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു. പുല്‍പ്പള്ളി സ്വദേശിനിയായ ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപു പൊലീസ് കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ മുഖത്താണ് യുവാവ് കത്തി ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിച്ചത്. ലക്കിടി ഓറിയന്റല്‍ കോളജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാര്‍ഥിനിയെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളുള്ളതായാണ് വിവരം. എന്നാല്‍ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. പെണ്‍കുട്ടിയെ ആക്രമിച്ചതിന് ശേഷം ദീപു കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകിട്ട് നാലരയോടെയാണ് സംഭവം. ബൈക്കിലാണ് ദീപു ലക്കിടിയിലെ കോളേജിന് സമീപത്തേക്കെത്തിയത്. ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനി സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ദീപുവും പെണ്‍കുട്ടിയും ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് ശിവന്‍കുന്ന് അമ്പലക്കുളത്തില്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകനാണ് ദീപു.

Related posts

Leave a Comment